കടയ്ക്കൽ: മൺറോത്തുരുത്തിൽ കായലിൽ മുങ്ങി മരിച്ച ഹെൽത്ത് ഇൻസ്‌പെക്ടറുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം പരാതി നൽകി. മകന്റെ മരണം ഏത് രീതിയിൽ, എവിടെ വച്ച്, എങ്ങനെയാണ് സംഭവിച്ചത് എന്നതിൽ വ്യക്തത ഇല്ലെന്ന് അമ്മ ബീന ലാൽ മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം അഞ്ചിനാണ് കടയ്ക്കൽ ബീന സദനത്തിൽ ലാൽ കൃഷ്ണ മുങ്ങി മരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നാണ് ലാൽ കൃഷ്ണയുടെ അമ്മ ബീന ലാൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.

ലാൽ കൃഷ്ണ കായലിൽ വീണു മരിച്ചെന്നു കൂടെയുണ്ടായിരുന്നവർ പറഞ്ഞ പ്രകാരമാണ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. എന്നാൽ കൂടെയുണ്ടായിരുന്നവർ പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് ബീന പറയുന്നു. ബീന പറയുന്നത്: ''കടയ്ക്കൽ സ്വദേശിയായ സുഹൃത്തുൾപ്പെടെ ഫോൺ ചെയ്തതിനെ തുടർന്നാണ് ലാൽ കൃഷ്ണ വീട്ടിൽ നിന്നു പോയത്. ഒൻപത് മാസം മുൻപാണ് ലാൽ കൃഷ്ണക്ക് ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ലഭിച്ചത്. പത്തനംതിട്ട സീതത്തോട് ആരോഗ്യ കേന്ദ്രത്തിലായിരുന്നു ജോലി.

കൂട്ടുകാരോടൊപ്പം പോയ ലാൽ കൃഷ്ണ അപസ്മാരം വന്ന് കുണ്ടറയിൽ ആശുപത്രിയിൽ ആണെന്ന് അന്നേ ദിവസം വൈകിട്ട് കടയ്ക്കലുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോർ ഉടമ വീട്ടിൽ വന്ന് അറിയിച്ചു. വൈകിട്ട് നാട്ടുകാർ വീട്ടിൽ കൂടിയപ്പോഴാണു മകൻ മരിച്ചെന്ന വിവരം അറിയുന്നത്. ഏത് രീതിയിൽ, എവിടെ വച്ച് , എങ്ങനെ മരിച്ചു എന്ന് എനിക്ക് വ്യക്തത ഇല്ല''. ലാൽ കൃഷ്ണയുടെ അച്ഛൻ നേരത്തെ മരിച്ചു. അമ്മയുടെ തണലിൽ ആയിരുന്നു ലാൽ കൃഷ്ണയും സഹോദരൻ ലാൽ സൂര്യയും.