- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസമുള്ള പാചകക്കാരന്റെ മകൾ; കർഷക പ്രക്ഷോഭത്തിനൊപ്പം നിന്ന നീലം; 'ഭഗത് സിങ്ങിനെ' മറയാക്കി പാർലമെന്റിൽ പുക നിറച്ചത് തീവ്രവാദ ഗൂഢാലോചന മറയ്ക്കാനോ? ലളിത് ഝായെ ഇനിയും പിടിക്കാനാവാത്തതും ആശങ്ക; പാർലമെന്റിലെ സ്‌മോക്ക് ബോംബിന് പിന്നിൽ ദുരൂഹതകൾ മാത്രം; മറ്റൊരാളിലേക്കും അന്വേഷണം
ന്യൂഡൽഹി: പാർലമെന്റിലെ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സർക്കാർ നയങ്ങളോടുള്ള എതിർപ്പെന്ന് പ്രതികൾ കുറ്റസമ്മത മൊഴി നൽകിയെങ്കിലും ഡൽഹി പൊലീസ് അത് വിശ്വസിക്കുന്നില്ല. വലിയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടാക്കാൻ ഭഗത് സിങ്ങിന്റെ പേരുപയോഗിച്ചുവെന്നാണ് വിലയിരുത്തൽ. പ്രതികൾക്ക് ഖാലിസ്ഥാൻ വിഘടനവാദികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും. പൊലീസ് തിരിച്ചറിഞ്ഞ ആറു പേർക്ക് അപ്പുറത്തൊരാൾക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് നിഗമനം.
ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചതെന്നും പ്രതികൾ അന്വേഷണ ഏജൻസികളോട് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടത്. ജനുവരി മുതൽ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങി. അതേസമയം, പ്രതികളെ ഇന്നും വിവിധ സർക്കാർ ഏജൻസികൾ ചോദ്യംചെയ്യും. സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ലളിത് ഝാ അദ്ധ്യാപകനാണ്. ഇയാൾക്കപ്പുറം പ്രധാന ഗൂഡാലോചകൻ മറ്റൊരാളുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം ദേശീയ സുരക്ഷാ ഏജൻസിക്ക് വിട്ടേക്കും. ഇതിന് വേണ്ടിയാണ് കേസിൽ യുഎപിഎ ചുമത്തിയത്. ലളിത് ഝാ യുടെ ഗുഡ്ഗാവിലെ വീട്ടിലാണ് മറ്റ് അഞ്ചുപേരും താമസിച്ചിരുന്നത്. ആറുപേരും നാല് വർഷമായി പരസ്പരം അറിയുകയും ഒരുമിച്ച് ഈ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുകയായിരുന്നു.
ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാൻ ശ്രമിച്ചെന്ന് പ്രതികൾ മൊഴി നൽകി. ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങുകയും പ്രതികളിലൊരാളായ മനോരഞ്ജൻ മൺസൂൺ സമ്മേളനത്തിനിടെ പാർലമെന്റിൽ സന്ദർശകനായി എത്തുകയും ചെയ്തു. ഇന്നലെ ലോക്‌സഭയിൽ കയറുന്നതിനായി പ്രാദേശിക എം പി യായ പ്രതാപ് സിൻഹയുടെ സ്റ്റാഫ് വഴിയാണ് പാസ് എടുത്തത്. വിവിധ ട്രെയിനുകളിൽ മൂന്ന് ദിവസം മുൻപാണ് എല്ലാവരും ഡൽഹിയിൽ എത്തിയത്. ഇന്ത്യാ ഗേറ്റിന് അടുത്തു വച്ചാണ് കളർ ബോംബ് കൈമാറിയതെന്നും പറയുന്നു.
പ്രതിഷേധം നടക്കുമ്പോൾ ലളിത് ഝായും പാർലമെന്റിന് പുറത്തുണ്ടായിരുന്നു. ഇയാൾ പ്രതിഷേധം ഇൻസ്റ്റാഗ്രാമിൽ തത്സമയം നൽകി സർക്കാരിന്റെ കർഷക സമരം,മണിപ്പുരടക്കം വിഷയങ്ങളിലെ എതിർപ്പ് പ്രതിഷേധത്തിന് കാരണമായെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇതെല്ലാം പഠിച്ചു പറയുന്ന മൊഴിയാണെന്ന സംശയം സജീവമാണ്. തീവ്രവാദ ഗൂഢാലോചന കേസിൽ പൊലീസ് തള്ളിക്കളയുന്നില്ല.
പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന രണ്ട് യുവാക്കൾ ലോക്‌സഭാ ചേംബറിലേക്ക് കടന്നുകയറി പരിഭ്രാന്തി പരത്തിയ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് തലസ്ഥാനം മുക്തമായിട്ടില്ല. മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ, ലക്‌നൗ സ്വദേശി സാഗർ ശർമ എന്നിവരാണ് സന്ദർശക ഗാലറിയിൽനിന്ന് സഭയിലേക്ക് ചാടിയത്. പാർലമെന്റ് ഗേറ്റിനു പുറത്ത് സ്‌മോക്ക് കാനിസ്റ്ററുകൾ തുറന്ന് മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി, മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ എന്നിവരെയും പൊലീസ് പിടികൂടി.
പിടിയിലായ നീലം ദേവി കർഷ പ്രക്ഷോഭമുൾപ്പെടെ കേന്ദ്രസർക്കാരിനെതിരായ പല പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നു. ജിന്ദിലെ ഘാസോ ഖുർദ് ഗ്രാമമാണ് നീലത്തിന്റെ സ്വദേശം. കഴിഞ്ഞ അഞ്ച് മാസമായി ഹരിയാനയിലെ ഹിസാറിൽ പേയിങ് ഗസ്റ്റായി താമസിച്ചുവരുന്ന നീലം, മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് സഹോദരൻ രാം നിവാസ് പറഞ്ഞു. ബിരുദാനന്തര ബിരുദധാരിയായ നീലം എംഫിലും എംഎഡും പൂർത്തിയാക്കിയതാണ്. അദ്ധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും വിജയിച്ചിരുന്നു.
രണ്ടു ദിവസം മുൻപ് വീട്ടിൽ വന്നിരുന്നെങ്കിലും പാർലമെന്റിൽ പ്രതിഷേധം നടത്തുന്നതിന്റെ യാതൊരു സൂചനയും നൽകിയിരുന്നില്ലെന്നും രാം നിവാസ് പറയുന്നു. കർഷക പ്രക്ഷോഭത്തിന്റെ സമയത്ത്, പ്രദേശത്തുള്ള ടോൾ പ്ലാസയിൽ ഘാസോ ഖുർദിലെ ചിലർക്കൊപ്പം പ്രതിഷേധം സംഘടിപ്പിക്കാൻ നീലം മുന്നിലുണ്ടായിരുന്നു. തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങളിലും നീലം പ്രതിഷേധിച്ചിരുന്നു. നീലത്തിന്റെ പിതാവിനു പലഹാരം തയാറാക്കുന്ന ജോലിയാണ്. രണ്ടു സഹോദരന്മാരെ കൂടാതെ മൂന്ന് സഹോദരിമാർ നീലത്തിനുണ്ട്.
ലോക്സഭയ്ക്കുള്ളിൽ സാഗറും മനോരഞ്ജനും നടത്തിയ അതിക്രമത്തിന് തൊട്ടുമുൻപ് പുറത്ത് നീലം ദേവിയും അമോൽ ഷിൻഡേയും ചേർന്ന് ചുവപ്പും മഞ്ഞയും നിറമുള്ള പുക പരത്തുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. അറസ്റ്റിലായ സാഗർ, മനോരഞ്ജൻ, നീലം ആസാദ്, അമോൽ എന്നിവരെ ഡൽഹി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സെൽ ചോദ്യംചെയ്യുകയാണ്. ഓൺലൈനിലൂടെ പരിചയപ്പെട്ട ഇവർ ഒരുമിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് മൊഴി.
പിടിയിലായ നീലം ആസാദ് കോൺഗ്രസ് പവർത്തക ആണെന്നതിന് ഉള്ള തെളിവുകൾ ബിജെപി പുറത്ത് വിട്ടിരുന്നു. പ്രമുഖ 'ആന്തോളൻ ജീവി ' സുദീപ് ഗോയത്തിനൊപ്പം കേന്ദ്ര സർക്കാരിനെതിരായ എല്ലാ സമരത്തിലും നീലം സജീവ സാന്നിധ്യമായിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ 2020 ലെ വിവാദ കർഷക പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തിരുന്നു. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനും നീലം ഇറങ്ങിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ