- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു; കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി; കേസിൽ വിധിപറഞ്ഞത് കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷം
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടി. കേസിൽ പ്രതിയായ അർജുനെ (24) കോടതി വെറുതെവിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.
കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്.
കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛൻ പറഞ്ഞിരുന്നു.
പ്രതി മൂന്നു വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. മാതാപിതാക്കൾ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു.
കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.
കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയിൽ നടത്തിയത്.
കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിരുന്നു. കേരളത്തെ നടുക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. സുനിൽ മഹേശ്വരൻ പിള്ളയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
ചോദ്യംചെയ്യലിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അർജുൻ സമ്മതിച്ചെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നൽകിയതെന്നും പൊലീസ് പറഞ്ഞിരുന്നു.
അതേസമയം, കോടതിയിൽ പൊലീസ് നിരത്തിയത് കൃത്രിമസാക്ഷികളെയാണെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. യഥാർഥ പ്രതികളെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
ആറു വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിൽ കുറ്റപത്രം തയാറാക്കിയതിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചത് സംബന്ധിച്ചു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ പൊലീസ് ചുമത്തിയില്ലെന്നു കണ്ടെത്തിയ ഹൈക്കോടതി പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചു സർക്കാരിൽ നിന്നു വിശദീകരണം തേടിയത്.
പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കുന്നതിനു ചേർക്കാറുള്ള ചില വകുപ്പുകൾ കുറ്റപത്രത്തിൽ ഒഴിവാക്കിയതാണു സംശയത്തിന് ഇടയാക്കിയത്. പട്ടികജാതിക്കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ ചുമത്തേണ്ടിയിരുന്ന എസ്‌സിഎസ്ടി പീഡനനിരോധന നിയമപ്രകാരമുള്ള 325ാം വകുപ്പ് ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലീസ് അവഗണിച്ചു. ഇതോടെ പെൺകുട്ടിയുടെ കുടുംബത്തിനു സർക്കാരിൽനിന്നു ലഭിക്കേണ്ട ധനസഹായവും ഇല്ലാതായി.
മറുനാടന് മലയാളി ബ്യൂറോ