- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർക്കാട്ടേരിയിലെ യുവതിയുടെ മരണം; ഭർതൃമാതാവ് അറസ്റ്റിൽ; ഒളിവിലായിരുന്ന തണ്ടാർകണ്ടി നബീസയെ പിടികൂടിയത് കോഴിക്കോട്ടെ ലോഡ്ജിൽനിന്നും; കേസിലെ പ്രതികളായ ഭർത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിൽ
കോഴിക്കോട്: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഒളിവിലായിരുന്ന ഭർതൃമാതാവ് അറസ്റ്റിൽ. മരണപ്പെട്ട ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ മാതാവ് തണ്ടാർകണ്ടി നബീസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജിൽനിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി. കേസിലെ മറ്റു പ്രതികളായ ഷബ്‌നയുടെ ഭർത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ ഭർത്താവിന്റെ അമ്മാവൻ ഹനീഫയുടെ ജാമ്യാപേക്ഷയും ഒളിവിലുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫയും ഭർതൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായവർ. ഹനീഫ ഷബ്നയെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. കുന്നുമ്മക്കര തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന(30)യെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്.
മരിക്കുന്നതിന് കുറച്ചുമുമ്പ് ഭർത്താവിന്റെ അമ്മാവനായ ഹനീഫ ഷബ്നയെ മർദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളിൽപ്പോയ ഷബ്ന പുറത്തുവരാതിരുന്നിട്ടും വീട്ടുകാർ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. മാത്രമല്ല, ഭർത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഷബ്ന വീടുമാറാൻ തീരുമാനിക്കുകയും വിവാഹസമയത്ത് നൽകിയ സ്വർണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെപേരിലാണ് കഴിഞ്ഞ തിങ്കളാഴ്ച തർക്കം നടന്നത്. ഭർത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു.
സംസാരിക്കുന്നതിനിടെ മാതാവിന്റെ സഹോദരനായ ഹനീഫ കൈയോങ്ങിക്കൊണ്ട് ഷബ്നയ്ക്ക് നേരേ പോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഇതിനുപിന്നാലെയാണ് ഷബ്ന മുറിയിൽക്കയറി വാതിലടച്ചത്. അകത്തുനിന്ന് ശബ്ദംകേട്ടപ്പോൾ പത്തുവയസ്സുകാരി മകൾ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ആരും വാതിൽതുറക്കാൻ ശ്രമിച്ചില്ല. വീട്ടിൽ എന്തോ പ്രശ്‌നമുണ്ടെന്ന് ഷബ്നയുടെ ഭർത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ അരൂരിൽനിന്ന് കുന്നുമ്മക്കരയിൽ എത്തിയശേഷമാണ് വാതിൽ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷബ്ന മരിച്ചിരുന്നു.
ആയഞ്ചേരി സ്വദേശിയായ ഷബ്‌ന ഓർക്കാട്ടേരിയിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേർത്തിരുന്നത്. ഷബ്‌നയെ ഹനീഫ മർദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേർക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. ഇതിൽ പ്രതിഷേധം ശക്തമായതിനറ പിന്നാലെയാണ് ഷബ്‌നയുടെ ഭർതൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസിൽ പ്രതി ചേർത്തത്.
ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പക്ഷേ ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർക്കായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷബ്‌നയുടെ ഭർത്താവിന് മരണത്തിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ