- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റിലെ അതിക്രമം ഫോണിൽ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിലിട്ടു; തെളിവ് നശിപ്പിക്കാൻ മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞുവെന്നും മുഖ്യസൂത്രധാരന്റെ വെളിപ്പെടുത്തൽ; ചോദ്യംചെയ്യലിൽ പ്രതികൾക്കെല്ലാം സമാനമായ മൊഴികൾ
ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ നാലുപേരുടെയും മൊബൈൽ ഫോണുകൾ മുഖ്യസൂത്രധാരനായ ലളിത് മോഹൻ ഝാ കത്തിച്ചുകളഞ്ഞതായി റിപ്പോർട്ട്. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. മൊബൈൽ ഫോൺ കത്തിച്ചുകളഞ്ഞുവെന്ന് ലളിത് ഝാ മൊഴി നൽകിയതായി ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽവച്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി.
ഫോണുകൾ കത്തിച്ചുവെന്ന ലളിത് ഝായുടെ വാദം അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്. മൊബൈൽ ഫോൺ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പൂർണമായി വിശ്വാസത്തിലെടുക്കത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പാർലമെന്റ് അതിക്രമത്തിന് പിന്നാലെ ഒളിവിലായിരുന്ന ലളിത് മോഹൻ വ്യാഴാഴ്ച രാത്രിയാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് പാർലമെന്റിൽ നടന്ന അതിക്രമം ലളിത് മോഹൻ തന്റെ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഇത് പിന്നീട് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തുവെന്നും സംഭവത്തിൽ ആവശ്യമായ മാധ്യമ ശ്രദ്ധ ഉറപ്പുവരുത്താൻ കൊൽക്കത്ത ആസ്ഥാനമായ ഒരു എൻജിഒയ്ക്ക് ഇത് അയച്ചുനൽകിയാതും ലളിത് മോഹൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ഇയാൾ ഒളിവിൽ പോയത്. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ നാഗൂരിലേക്കാണ് ഇയാൾ കടന്നത്. അവിടെ മഹേഷ് ഉൾപ്പെടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം.
പിന്നീട് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഡൽഹിയിലെ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഝാ കീഴടങ്ങിത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘത്തിന് കൈമാറി. കേസിലെ ആറാം പ്രതിയാണ് ഇയാൾ. പാർലമെന്റ് അതിക്രമത്തിന് കോപ്പുകൂട്ടിയതും മറ്റുള്ളവരെ ഒരുമിപ്പിച്ചതും ലളിത് മോഹനാണെന്നാണ് പൊലീസ് പറയുന്നത്. രാജസ്ഥാനിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മഹേഷ് എന്നയാൾക്കും ആക്രമണത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം വിപുലമാക്കി.
ഭഗത് സിങ്ങിന്റെ വിശ്വാസപ്രമാണങ്ങളിൽ ആകൃഷ്ടരായിരുന്ന ആറംഗസംഘം വളരെ ആസൂത്രിതമായാണ് പ്രതിഷേധപദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. മാസങ്ങളുടെ തയ്യാറെടുപ്പ് പാർലമെന്റ് സംഭവത്തിനുപിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അറസ്റ്റിലായവർ എല്ലാവരും ചോദ്യംചെയ്യലിൽ നൽകുന്നത് ഒരേ മൊഴി തന്നെ. എന്തുമൊഴി നൽകണമെന്ന് നേരത്തേതന്നെ ഇവർ ആസൂത്രണം ചെയ്യുകയും പരിശീലനം നേടുകയും ചെയ്തിരുന്നെന്നാണ് ഇതു നൽകുന്ന സൂചനയെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
സംഘാംഗങ്ങൾ ഫേസ്‌ബുക്കിലെ ഭഗത് സിങ് ഫാൻസ് ക്ലബ്ബ് പേജിൽ അംഗങ്ങളായിരുന്നു. ഡിസംബർ 10ന് ഇവർ ഗുരുഗ്രാമിൽ വിശാലിന്റെ വീട്ടിൽ ഒത്തുചേർന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. പാർലമെന്റിലേക്കുള്ള പ്രവേശനവും മറ്റും നിരീക്ഷിക്കാൻ മനോരഞ്ജനെ മുഖ്യ ആസൂത്രകൻ ലളിത് ഝാ ചുമതലപ്പെടുത്തി.
ജൂലായിൽ മനോരഞ്ജൻ ഡൽഹിയിലെത്തുകയും വർഷകാല സമ്മേളനകാലത്ത് ലോക്സഭ സന്ദർശിക്കുകയും ചെയ്തു. പാർലമെന്റിൽ ഷൂ പരിശോധന ഇല്ലെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ഇതേത്തുടർന്ന് ഷൂവിൽ ഗ്യാസ് കനിസ്റ്റർ കടത്താൻ തീരുമാനിച്ചു. സഭയ്ക്കുള്ളിൽ പ്രയോഗിച്ച കളർ കനിസ്റ്റർ മഹാരാഷ്ട്രയിലെ കല്യാണിൽനിന്ന് അമോലാണ് വാങ്ങിക്കൊണ്ടുവന്നത്.
കേസിൽ നേരത്തെ അറസ്റ്റിലായ നാലു പ്രതികളേയും കഴിഞ്ഞ ദിവസം കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.
അതേസമയം, പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തിൽ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കർ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ