കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. റുവൈസ് നൽകിയ ജാമ്യ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും റുവൈസ് ഹർജിയിൽ പറയുന്നു. റുവൈസിന്റെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. അതേസമയം, റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ലെന്ന് പറഞ്ഞിരുന്നതായും റുവൈസ് ഹർജിയിൽ പറയുന്നു. നേരത്തെ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

''അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടു.'' ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസിൽ പ്രതി ചേർത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തിൽ റുവൈസിന്റെ പേരുമുണ്ട്.

ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹനയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം ഡോ.ഷഹനയുടെ മരണവുമയി ബന്ധപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ റിപ്പോർട്ടു പുറത്തുവന്നു. മെഡിക്കൽ കോളജിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ എന്തോ ഒരു സംഭവമാണ് വെഞ്ഞാറമൂട് സ്വദേശി ഡോ.ഷഹനയുടെ മരണത്തിനിടയാക്കിയതെന്നാണ് ഡിഎംഇ ഡോ.തോമസ് മാത്യുവിന്റെ റിപ്പോർട്ട്. വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നു ജീവനൊടുക്കിയ വെഞ്ഞാറമൂട് സ്വദേശിനി ഡോ.എ.ജെ.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

ഈ മാസം നാലിനു രാത്രിയിലാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസ സ്ഥലത്താണ് പിജി വിദ്യാർത്ഥിനി ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ.എ.റുവൈസുമായി ഷഹന അടുപ്പത്തിലായിരുന്നുവെന്നും വിവാഹം നടക്കില്ലെന്നു റുവൈസ് അറിയിച്ചതിനെ തുടർന്ന് ഷഹന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമം സ്ത്രീധനമായി വൻതുക നൽകാൻ കഴിയാത്തതിനാൽ വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്താലാണ് ഷഹന ജീവനൊടുക്കിയതെന്നു കലക്ടറുടെയും ജില്ലാ സ്ത്രീധന നിരോധന ഓഫിസർ കൂടിയായ ജില്ലാ വനിതാശിശുവികസന ഓഫിസറുടെയും റിപ്പോർട്ടിൽ പറയുന്നു.

സിറ്റി പൊലീസ് കമ്മിഷണറും ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദീന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോൾ റുവൈസും പിതാവും വൻസ്ത്രീധനം ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കൾ വ്യക്തമാക്കിയെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്.കമ്മിഷൻ മുൻപാകെ നേരിട്ടു ഹാജരായ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിൽ റുവൈസ്, പിതാവ് അബ്ദുൽ റഷീദ് എന്നിവരെ പ്രതി ചേർത്തതായും റുവൈസിനെ അറസ്റ്റ് ചെയ്തായും അന്വേഷണം നടക്കുകയാണെന്നും പറയുന്നു.

കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിച്ചു. കേസ് ക്രിസ്മസ് അവധിക്ക് ശേഷമുള്ള സിറ്റിംഗിൽ പരിഗണിക്കും. ഷഹനയുടെ മരണത്തിൽ മാധ്യമവാർത്തകളെ തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ. ഗീത രവീന്ദ്രൻ, ആർ.എം.ഒ ഡോ. മോഹൻ റോയ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.വി ജയ എന്നിവരും കമ്മിഷൻ മുമ്പാകെ ഹാജരായി.