- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പേർ മരിച്ചു; അപകടം, ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ; ഓട്ടോ പൂർണമായി തകർന്നു
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാഹനാപാകടത്തിൽ അഞ്ച് പേർ മരിച്ചു. മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അഞ്ച് പേർ മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, യാത്രകാരികളായ മുഹ്‌സിന, തസ്‌നീമ (28), തസ്‌നീമയുടെ മകൾ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം. കർണാടകയിൽ നിന്നുള്ള നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരും ഡ്രൈവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ച് പേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മരിച്ച മുഹ്‌സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ ഫാത്തിമ (4), മുഹമ്മദ് അസൻ എന്നിവർക്കും, സാബിറ എന്ന 58 കാരിക്കും ഒരു വയസ്സുകാരൻ റൈഹാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇതിൽ പരിക്കേറ്റ സാബിറയെയും റൈഹാനേയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കേ തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ അരീക്കോട് ഭാഗത്തുനിന്ന് വന്ന കർണാടകയിൽനിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. നിലവിൽ പരിക്കേറ്റ ആരുടേയും ആരോഗ്യനില ഗുരുതരമല്ല.
കർണാടകയിൽനിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. ഓട്ടോ പെട്ടെന്നു വളച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. എന്നാൽ, അപകടത്തിന്റെ യഥാർഥ കാരണം സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ