നോർത്ത് കരോലൈന: തന്റെ മകനെ അദ്ധ്യാപിക ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് അമ്മ ട്രാക്കിങ് ആപ്പിലൂടെ കണ്ടുപിടിച്ചു. 26 കാരിയായ അദ്ധ്യാപിക അറസ്റ്റിലായി. യുഎസിലെ നോർത്ത് കരോലൈനയിലാണ് സംഭവം.

മകൻ പതിവായി റഗ്‌ബി പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് അമ്മയെ ആശങ്കയിലാക്കിയിരുന്നു. ആൾ റഗ്‌ബി കളിക്കാതെ എവിടെ പോകുന്നുവെന്നായി അന്വേഷണം. ഇതിനായി വിവാദ ആപ്പായ ലൈഫ് 360 യാണ് മകനെ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ചത്. 2008 ലാണ് ഈ ഫാമിലി സോഷ്യൽ നെറ്റ് വർക്കിങ് ആപ്പ് രംഗപ്രവേശം ചെയ്തത്. തങ്ങൾ എവിടെയെന്ന് ലൊക്കേഷൻ അടിസ്ഥാനമാക്കി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ധരിപ്പിക്കാൻ സഹായിക്കുന്ന ആപ്പാണിത്. കുട്ടികളെ നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് ലൈഫ്360 കൂടുതൽ പ്രചാരത്തിലായത്. ആപ്പിന് നിലവിൽ 50 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്.

ആപ്പിന്റെ നോട്ടിഫിക്കേഷൻ കിട്ടിയതോടെ, മകൻ പാർക്ക് റോഡ് പാർക്കിൽ ഉണ്ടെന്ന് മനസ്സിലായി. ഉടൻ തന്നെ അമ്മ അവിടേക്ക് പുറപ്പെട്ടു. അവിടെയത്തിയപ്പോൾ കണ്ട കാഴ്ച അമ്മയെ ഞെട്ടിച്ചു. സൗത്ത് മെക്ലൻബർഗ് ഹൈസ്‌കൂളിലെ 26 കാരിയായ അദ്ധ്യാപിക ഗബ്രിയേല കാർത്യായ ന്യൂഫെൽഡുമായി 18 കാരനായ മകൻ കാറിനുള്ളിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് കണ്ടത്.

ഉടൻ തന്നെ അമ്മ വാഹനത്തിന്റെയും, ലൈസൻസ് പ്ലേറ്റിന്റെയും ചിത്രങ്ങൾ എടുത്ത് പൊലീസിൽ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വിദ്യാർത്ഥിയുമായി അനുചിത ബന്ധത്തിൽ ഏർപ്പെട്ട അദ്ധ്യാപികയ്ക്ക് എതിരെ കേസെടുത്തു. അദ്ധ്യാപികയുമായി മകനുള്ള അനുചിത ബന്ധത്തെ കുറിച്ച് മാതാപിതാക്കൾക്ക് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. സയൻസ് അദ്ധ്യാപികയായ കാർത്യായ കൗമാരക്കാരനുമായി തന്റെ കാറിലും, കുട്ടിയുടെ അമ്മയുടെ വസതിയിലും, സ്വന്തം വസതിയിലും വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ആരോപണം.

അദ്ധ്യാപിക കഴിഞ്ഞ മാസം മെക്ലൻബർഗ് കൗണ്ടി ജയിലിൽ ആയിരുന്നെങ്കിലും, പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.