- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വയസ്സുകാരനെ മിഠായി നൽകി തട്ടിക്കൊണ്ടു പോയി; കുഞ്ഞുമായി ഓട്ടോയിൽ കയറിയ അതിഥി തൊഴിലാളിയുടെ പെരുമാറ്റത്തിൽ ഡ്രൈവർക്ക് സംശയം: ഓട്ടോ നിർത്തി നാട്ടുകാരെ അറിയിച്ചതോടെ പൊലീസും എത്തി: കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
വാളയാർ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ മിഠായി നൽകി തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമായി ഓട്ടോയിൽ കയറിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ അദ്ദേഹം ഓട്ടോ നിർത്തി പൊലീസിനേയും നാട്ടുകാരെയും വിവരം അറിയിക്കുക ആയിരുന്നു. യുപി സ്വദേശിയായ ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയുടെ മകനെയാണ് കടത്തിക്കൊണ്ടു പോയത്.
ഇവർ താമസിക്കുന്ന വാടകവീട്ടിൽ നിന്ന് മിഠായി നൽകി പ്രലോഫിപ്പിച്ച് കുഞ്ഞിനെ കൈക്കലാക്കുക ആയിരുന്നു. ഓട്ടോയിൽ കയറ്റി റെയിൽവേ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകവെ സംശയം തോന്നിയ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണു പ്രതിയെ പിടികൂടാൻ സഹായകമായത്. സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെയാണ് (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30നാണു സംഭവം. നിർമ്മാണത്തൊഴിലാളിയായ പ്രതി ഒരു മാസം മുൻപാണ് ജോലിതേടി കഞ്ചിക്കോടെത്തിയത്. നിർമ്മാണം നടക്കുന്ന കെട്ടിടത്തിനു സമീപം തന്നെയായിരുന്നു താമസം.
ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ദിവസങ്ങൾക്ക് മുന്നേ പദ്ദതി ഒരുക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം കിഴക്കുമുറിയിലെത്തിയ സെന്തിൽകുമാർ മണിക്കൂറോളം കുട്ടിയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ചോക്ലേറ്റ് നൽകി അരികിലെത്തിച്ചു. ആളുകളുടെ ശ്രദ്ധ മാറിയതോടെ കുട്ടിയുടെ കൈപിടിച്ച് പതിയെ നടന്നുനീങ്ങി. കഞ്ചിക്കോട് സത്രപ്പടിയിലെത്തി ഓട്ടോ പിടിച്ച ശേഷം പെട്രോൾ പമ്പിലേക്കും അവിടെ നിന്നു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കും പോവാൻ ആവശ്യപ്പെട്ടു. ഈ സമയം കുട്ടി കരഞ്ഞിരുന്നില്ല.അതിനാൽ തന്നെ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നിയതുമില്ല.
എന്നാൽ ഇയാളുടെ സംസാരം ശ്രദ്ധിച്ചതോടെയാണ് ഓട്ടോ ഡ്രൈവർക്ക് സംശയമായത്. കുട്ടി യുപി സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ മകനാണെന്നും ഒപ്പമുള്ളയാൾ തമിഴാണു സംസാരിക്കുന്നതെന്നും തിരിച്ചറിഞ്ഞതോടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വാഹനം നിർത്തി ചോദ്യം ചെയ്തു. നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.
അതിഥിത്തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറിയിലാണു പത്ത് വർഷായി കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനും ആസൂത്രണത്തിനും ഒടുവിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഇയാൾ ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് തട്ടിക്കൊണ്ടു പോയത്.
ഇൻസ്പെക്ടർ എ.ആദംഖാൻ, ആർ.സിജുമോൻ, സീനിയർ സിപിഒ എസ്.പ്രകാശ് എന്നിവർ എത്തിയാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ പരിശോധനയ്ക്കു ശേഷം രാത്രി വൈകി അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാളെ ചോദ്യംചെയ്തു വരികയാണെന്നും ഇനിയും വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നും ഇൻസ്പെക്ടർ ആദംഖാൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ