ന്യൂഡൽഹി: പാർലമെന്റ് അതിക്രമക്കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽനിന്നും കണ്ടെത്തി. പാർലമെന്റിനകത്തും പുറത്തും അതിക്രമത്തിൽ നേരിട്ട് പങ്കാളികളായ നാല് പ്രതികളുടെ ഫോണുകൾ കേസിലെ മുഖ്യപ്രതിയായ ലളിത് ഝാ ആയിരുന്നു സൂക്ഷിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് കടന്ന ഇയാൾ ഇവിടെവെച്ച് ഫോണുകൾ കത്തിച്ചു നശിപ്പിച്ചശേഷമാണ് കീഴടങ്ങിയത്. ഫോണുകൾ കത്തിച്ചു കളഞ്ഞതായി ലളിത് ഝാ വെളിപ്പെടുത്തിയിരുന്നു.

ആദ്യം നാല് പ്രതികളുടെയും ഫോണുകൾ കത്തിച്ചതിന് ശേഷം സ്വന്തം ഫോണും ലളിത് ഇവിടെവച്ച് നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. കേസന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനുമായി പ്രതികളുടെ ഫോണുകൾ ലളിത് ഝാ നശിപ്പിച്ചിരിക്കാമെന്ന് നേരത്തെതന്നെ ഡൽഹി പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. മൊബൈൽ ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയിൽ ചില വസ്ത്രങ്ങളുടെയും ഷൂവിന്റെ അവശിഷ്ടങ്ങളും രാജസ്ഥാനിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ലളിത് ഝായെ ഡൽഹിയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചത് രാജസ്ഥാനിലെ നഗരൂർ സ്വദേശി മഹേഷായിരുന്നു. ഇയാൾക്കൊപ്പം താമസിക്കവെയാണ് ലളിത് ഫോണുകൾ നശിപ്പിച്ചത്. മഹേഷിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവം നടക്കുന്ന ദിവസം രാജസ്ഥാനിൽനിന്നാണ് മഹേഷ് ഡൽഹിയിലേക്ക് വന്നത്. ശേഷം, രാജസ്ഥാനിലെ മഹേഷിന്റെ ഒളിത്താവളത്തിലേക്കാണ് ലളിത് ഝാ രക്ഷപ്പെട്ടത്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.

അതേ സമയം പാർലമെന്റ് അതിക്രമം അതീവ ഗൗരവതരമാണെന്നും സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയ തർക്കത്തിനുള്ള സമയമല്ലിത്. വിവിധ രാഷ്ട്രീയപാർട്ടികൾ ഒരുമിച്ച് നിന്ന് വേണം ഈ വിഷയത്തെ നേരിടാനെന്ന് മോദി വ്യക്തമാക്കി. പ്രതികളുടെ ഉദ്ദേശ്യം എന്താണെന്നും അക്രമത്തിന് പിന്നിലെ വിവിധ ഘടകങ്ങൾ എന്താണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും വേണം.

അന്വേഷണ ഏജൻസികളും സ്പീക്കറും തികഞ്ഞ ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടിട്ടുള്ളത്. അന്വേഷണത്തിന് രണ്ട് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ കാര്യങ്ങൾ വ്യക്തമാകും. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. സുരക്ഷാവീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്റിൽ പ്രസ്താവന നടത്താത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പ്രതികരണം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ ഇരുസഭകളിലുമായി 15 എംപിമാരെ സസ്പെൻഡ് ചെയ്തിരുന്നു.

അതേ സമയം പാർലമെന്റിലെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ ദേഹത്ത് സ്വയം തീകൊളുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ലളിത് ഝാ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. തീകൊളുത്തുമ്പോൾ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും സ്വയം തീകൊളുത്തുക എന്നതായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. ഇത് നടക്കില്ലെന്നു മനസ്സിലായതോടെയാണ് പ്ലാൻ ബി അനുസരിച്ച് സ്‌പ്രേ അടിക്കുന്ന രീതിയിലേക്ക് പദ്ധതി മാറ്റിയത്.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ലോക്‌സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തു. അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. പിന്നീട് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഡൽഹിയിലെ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ലളിത് ഝാ കീഴടങ്ങിത്.