മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഐ എ എസ് ഉദ്യോഗസ്ഥന്റെ മകൻ കാമുകിയെ ക്രൂരമായി മർദിക്കുകയും കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ വെളിപ്പെടുത്തലുമായി ഗുരുതരമായി പരിക്കേറ്റ പ്രിയ സിങ്. അശ്വജിത്ത് ഗെയ്ക്വാദ് വിവാഹിതനായിരുന്നുവെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന് ഇരുപത്തിയാറുകാരിയായ പ്രിയ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് അക്രമ സംഭവം അരങ്ങേറിയത്. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. അശ്വജിത്തും താനും ഒരുമിച്ചു താമസിച്ചിരുന്നതായും പ്രിയ വെളിപ്പെടുത്തി.

മഹാരാഷ്ട്ര റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അനിൽ ഗെയ്ക്വാദിന്റെ മകൻ അശ്വജിത് ഗെയ്കവാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കാമുകന്റെ ക്രൂരത വിവരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. ഇൻസ്റ്റഗ്രാമിൽ 11 ലക്ഷം ഫോളോവേഴ്‌സുള്ളയാളാണ് പ്രിയ സിങ്.

''സംഭവം നടന്ന ദിവസമാണ് അശ്വജിത്ത് വിവാഹിതനാണെന്ന് ഞാൻ അറിയുന്നത്. ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുകയാണെന്നാണ് എന്നോടു പറഞ്ഞത്. ഇനി ഒരിക്കലും ഭാര്യയുമായി ഒരുമിച്ചു പോകില്ലെന്നും അശ്വജിത്ത് പറഞ്ഞിരുന്നു. എന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അയാൾ പറഞ്ഞു. കുറേക്കാലം ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം. ആ രാത്രി അവിടെ പോയപ്പോൾ അയാൾക്കൊപ്പം ഭാര്യയെ കണ്ട ഞാൻ ഞെട്ടിപ്പോയി. ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ അയാൾ രോഷാകുലനായി. ഞങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു.'' പ്രിയ പറഞ്ഞു.

അപകടത്തിൽ കാലിലെ മൂന്ന് അസ്ഥികൾക്കു പരുക്കേറ്റിട്ടുണ്ടെന്നും പ്രിയ വെളിപ്പെടുത്തി. ''എന്റെ വലതുകാലിലെ മൂന്ന് എല്ലുകൾ പൊട്ടി. ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇടതു തോളിലും മുതുകിലും സാരമായി പരുക്കേറ്റിട്ടുണ്ട്. ശരീരം ചലിപ്പിക്കാൻ സാധിക്കുന്നില്ല.'' അവർ വ്യക്തമാക്കി.

അഞ്ച് വർഷമായി അശ്വജിത്തുമായി ബന്ധമുണ്ടെന്ന് പ്രിയ പറഞ്ഞു. പുലർച്ചെ നാല് മണിയോടെ അശ്വജിത് വിളിച്ച് കുടുംബത്തിൽ ഒരു പരിപാടി ഉണ്ടെന്നും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയപ്പോൾ അശ്വജിത് മോശമായി പെരുമാറുകയായിരുന്നു. ഇതെക്കുറിച്ച് സ്വകാര്യമായി സംസാരിക്കാൻ അശ്വജിത്തിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു. എന്നാൽ കൂട്ടുകാരോടൊപ്പം എത്തി അവഹേളിക്കുകയായിരുന്നു. തുടർന്ന് അടിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അശ്വജിത്തിനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും തലമുടി പിടിച്ചു വലിച്ച് നിലത്തിട്ടു. കാറിലുണ്ടായിരുന്ന ഫോണും മറ്റും എടുക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ അശ്വജിത്ത് ആവശ്യപ്പെടുകയായിരുന്നു.

നാലു ദിവസം മുൻപു തന്നെ ഈ സംഭവത്തിൽ പരാതി നൽകിയിരുന്നതായും എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് സമൂഹമാധ്യമത്തിൽ ഇക്കാര്യങ്ങൾ പങ്കുവച്ചതെന്നും പ്രിയ വ്യക്തമാക്കി. നാലു ദിവസം മുൻപു തന്നെ പ്രിയ പരാതി നൽകിയിരുന്നതായി പ്രിയയുടെ അഭിഭാഷകയും അറിയിച്ചു. അതേസമയം, പ്രിയയുടെ ആരോപണങ്ങൾ തള്ളി അശ്വജിത്ത് ഗെയ്ക്വാദിന്റെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ അശ്വജിത്തിനു പങ്കില്ലെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം.

സംഭവദിവസം പുലർച്ചെ തന്നെ വിളിച്ചു വരുത്തിയ അശ്വജിത് തങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ മർദിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തുവെന്നാണ് പ്രിയയുടെ പരാതി. അശ്വജിത്തിന്റെ കാറിൽ നിന്ന് തന്റെ ബാഗ് എടുത്ത് പോകാൻ തുനിഞ്ഞപ്പോൾ അശ്വജിത് ഡ്രൈവറോട് കാർ മുന്നോട്ടേടുക്കാൻ ആവശ്യപ്പെട്ടു. കാർ ഇടിച്ചു വലതുകാലിന് പരുക്കേറ്റ പ്രിയയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള തന്റെ ചിത്രവും പ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ പ്രിയ അര മണിക്കൂറോളം റോഡിൽ കിടന്നു. തുടർന്ന് അതുവഴി പോയ ആളാണ് ആശുപത്രിയിലെത്തിച്ചത്. ദേഹമാസകലം പരുക്കേറ്റ നിലയിലായിരുന്നു യുവതി. തന്റെ വലത് കാലിന് ഒടിവുണ്ടെന്നും ശസ്ത്രക്രിയ ചെയ്ത് കമ്പിയിടേണ്ടിവന്നുവെന്ന് പ്രിയ പറഞ്ഞു. കൈയിലും പുറത്തും വയറിലും മുറിവേറ്റിട്ടുണ്ട്. 3-4 മാസത്തേക്ക് ചികിത്സ വേണ്ടിവരും. അടുത്ത ആറു മാസത്തേക്ക് നടക്കാൻ പരസഹായം വേണ്ടിവരുമെന്നും പ്രിയ പൊലീസിനോടു പറഞ്ഞു.