ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയ യുവാവ് ഒഡീഷയിൽ അറസ്റ്റിൽ. കശ്മീരിലെ കുപ്വാര സ്വദേശി സയാദ് ഇഷാൻ ബുഖാരി എന്ന ഇഷാൻ ബുഖാരി(37)നെ ഒഡീഷ പൊലീസിന്റെ പ്രത്യേക സംഘമാണ് (എസ്ടിഎഫ്) പിടികൂടിയത്. ന്യൂറോ സർജൻ, സൈനിക ഡോക്ടർ, പ്രധാനമന്ത്രിയുടെ ഓഫിസിലെ (പിഎംഒ) ഉദ്യോഗസ്ഥൻ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ തുടങ്ങി ഐഡന്റിറ്റി മാറിമാറി ഉപേയാഗിച്ചാണ് ഇയാൾ സ്ത്രീകളെ ഉൾപ്പെടെ കബളിപ്പിച്ചിരുന്നത്.

വ്യാജരേഖകൾ നിർമ്മിച്ച് ആൾമാറാട്ടം നടത്തിയ ഇയാൾ നിരവധി പേരെ കബളിപ്പിച്ചതായാണ് റിപ്പോർട്ട്. കശ്മീരിൽ ഇയാൾക്കെതിരേ വ്യാജരേഖ ചമച്ചതിനും ആളുകളെ കബളിപ്പിച്ചതിനും ഒട്ടേറെ കേസുകളുണ്ട്. ഇതിനിടെയാണ് ഒഡീഷ പൊലീസിന്റെ പ്രത്യേക ദൗത്യസംഘം ജയ്പുർ ജില്ലയിലെ നുയൽപുർ ഗ്രാമത്തിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പാക്കിസ്ഥാനിലെ നിരവധിപേരുമായി ബന്ധമുണ്ടെന്ന് ഒഡീഷ പൊലീസ് പറഞ്ഞു.

ന്യൂറോ സർജൻ, മിലിട്ടറി ഡോക്ടർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് പ്രതി ആൾമാറാട്ടം നടത്തിയിരുന്നത്. ഉന്നത എൻ.ഐ.എ. ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പലയിടത്തും പലപേരുകളിലും പല ഉദ്യോഗം പറഞ്ഞാണ് ഇഷാൻ ബുഖാരി പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനായി നിരവധി വ്യാജരേഖകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും പ്രതിയിൽനിന്ന് നൂറിലേറെ രേഖകളാണ് പിടിച്ചെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ബുഖാരിയെ പിടികൂടാൻ കശ്മീർ പൊലീസും തിരച്ചിൽ നടത്തിയിരുന്നു. നിരവധി വ്യാജ ഐഡന്റിറ്റികളുള്ള ഇയാൾക്ക് പാക്കിസ്ഥാനിൽ നിന്നുള്ള നിരവധി ആളുകളുമായും കേരളത്തിലെ ചില സംശയാസ്പദമായ ഘടകങ്ങളുമായും ബന്ധമുണ്ടെന്ന് എസ്ടിഎഫ് ഇൻസ്‌പെക്ടർ ജനറൽ ജെ.എൻ.പങ്കജ് പറഞ്ഞു. അതേസമയം, പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ഇയാൾക്ക് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും പങ്കജ് വ്യക്തമാക്കി.

ഡോക്ടർ എന്ന പേരിൽ വ്യാജ ഐഡന്റിറ്റി ഉണ്ടാക്കാൻ, യുഎസിലെ കോർനെൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടെന്നു വ്യാജ രേഖകൾ ചമച്ചു. കനേഡിയൻ ഹെൽത്ത് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തമിഴ്‌നാട് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്നും എന്നുള്ള വ്യാജ സർട്ടിഫിക്കറ്റും ഉണ്ടാക്കി. ആളുകളെ കബളിപ്പിക്കാൻ രാജ്യാന്തര ബിരുദങ്ങൾ, പത്രികകൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിസിറ്റിങ് കാർഡുകൾ എന്നിവയും കൈവശം വച്ചിരുന്നു.

എസ്ടിഎഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ നൂറിലധികം രേഖകൾ ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കശ്മീർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറു സ്ത്രീകളെയും ഇയാൾ വിവാഹം കഴിച്ചു. കൂടാതെ നിരവധി സ്ത്രീകളുമായി പ്രണയത്തിലായിരുന്നെന്നും പങ്കജ് പറഞ്ഞു. നിരവധി വെബ്സൈറ്റുകളിലും ആപ്പുകളിലും സജീവമായിരുന്നു. പ്രതിക്ക് രാജ്യവിരുദ്ധ ഘടകങ്ങളുമായി ചില ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ കൃത്യമായ പങ്ക് കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും പങ്കജ് വ്യക്തമാക്കി.

''പ്രതി ഒരു തട്ടിപ്പുകാരനാണെന്നതിന് ഞങ്ങളുടെ പക്കൽ ധാരാളം തെളിവുകൾ ഉണ്ട്. പാക്കിസ്ഥാനുമായി ചില ബന്ധങ്ങളുണ്ടായിരുന്നു. അത് പരിശോധിക്കും. ഇയാൾ ഒരു പാക്കിസ്ഥാൻ ചാരനാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ ഇപ്പോൾ, ഇതു സംബന്ധിച്ച് ഞങ്ങളുടെ പക്കൽ കൂടുതൽ തെളിവുകളില്ല. എന്നിരുന്നാലും എൻഐഎയുമായി ഇക്കാര്യത്തിനു ബന്ധപ്പെട്ടിട്ടുണ്ട്.'' പങ്കജ് പറഞ്ഞു.

വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ ബുഖാരിക്കെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കശ്മീർ പൊലീസ്, ഇയാളെ അറസ്റ്റു ചെയ്യാനുള്ള തിരച്ചിലായിരുന്നു. ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പഞ്ചാബ്, കശ്മീർ, ഒഡീഷ എന്നിവയുടെ സംയുക്ത സംഘം ഇയാളെ ചോദ്യം ചെയ്യുമെന്നും പങ്കജ് പറഞ്ഞു.