- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലിൽ വച്ച്; എല്ലാ മറുപടിയും അന്നു തരാം'; മുഖ്യമന്ത്രിയുടെ വാഹനം തടയാൻ യൂത്ത് കോൺഗ്രസിനെ സാമൂഹ്യമാധ്യമത്തിൽ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ ഭീഷണി
തിരുവനന്തപുരം: നവകേരള യാത്രയ്ക്കെതിരെ കേരളത്തിലൂടനീളം പ്രതിപക്ഷ യുവജന സംഘടനകൾ കനത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനം തടയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സാമൂഹ്യമാധ്യമത്തിലൂടെ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. എം.എസ്. ഗോപീകൃഷ്ണൻ എന്ന പൊലീസുദ്യോഗസ്ഥനാണ് ഫേസ്‌ബുക്കിലൂടെ വെല്ലുവിളി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണൻ.
യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പോസ്റ്റിനുതാഴെ കടയ്ക്കലെത്തുമ്പോൾ കാണാമെന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളായ പൊലീസുദ്യോഗസ്ഥന്റെ കമന്റ്. കമന്റിന് താഴെയുള്ള തുടർ കമന്റുകളിൽ അസഭ്യഉള്ളടക്കങ്ങളാണുള്ളത്.
'കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലിൽ വച്ച്. എല്ലാ മറുപടിയും അന്നു തരാം' എന്നാണ് ഗോപി കൃഷ്ണന്റെ കമന്റ്. നവകേരള സദസ്സിനു പോയിട്ടുള്ള മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ടീമിൽ ഗോപി കൃഷ്ണൻ ഉൾപ്പെട്ടിട്ടില്ല.
നവകേരള സദസ്സുമായ ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവും വാഹനം തടയുന്നവരെ സുരക്ഷാഉദ്യോഗസ്ഥരെ അടിച്ചോടിക്കുന്നതും വലിയ വിവാദമായി നിൽക്കുന്നതിനിടെയാണ് സുരക്ഷാഉദ്യോഗസ്ഥൻ സാമൂഹികമാധ്യമത്തിലൂടെ വെല്ലുവിളി നടത്തിയിരിക്കുന്നത്.
പ്രതിഷേധത്തെ നേരിടാൻ ഡിവൈഎഫ്‌ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും രംഗത്തിറങ്ങുന്നതിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് സമൂഹമാധ്യമത്തിലൂടെ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വെല്ലുവിളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ചവരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതുകൂടാതെ ആലപ്പുഴ കൈതവനയിൽ വാഹനം തടയാൻ ശ്രമിച്ചവരെ സുരക്ഷാഉദ്യോഗസ്ഥർ തന്നെ ലാത്തിയുമായി നേരിടുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ, ഇവയെല്ലാം ന്യായീകരിക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടാകേണ്ട സുരക്ഷാഉദ്യോഗസ്ഥർ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നവകേരള സദസ്സിലെ പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി പൗരപ്രമുഖരുമായി സംസാരിക്കും എന്ന പ്രഖ്യാപനത്തെ തുടർന്ന്, 'പൗരപ്രമുഖർ' ആരെന്ന് അറിയാൻ കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീർ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചിരുന്നു.
അതിനു ലഭിച്ച മറുപടി അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനു താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണൻ ഭീഷണി സന്ദേശം കുറിച്ചത്. ഇതിനു താഴെ നിരവധിയാളുകൾ കമന്റുകളുമായി എത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം ഈ പൊലീസ് ഉദ്യോഗസ്ഥൻ അസഭ്യപ്രയോഗത്തിലൂടെയാണ് മറുപടി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ