പാലക്കാട്: ദേശീയപാതയിൽ വാഹനമിടിച്ചു മരിച്ച വയോധികയുടെ മൃതദേഹം നിരവധി വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞു. കണ്ണാടി മണലൂർ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ പുലർച്ചെ 1.45നാണ് ദാരുണ സംഭവം നടന്നത്. കണ്ണാടി മണലൂർ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണു (85) മരിച്ചത്. സംഭവം പുറത്തറിഞ്ഞതാവട്ടെ എട്ടു മണിക്കൂറിന് ശേഷം.

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ഒരു ബസാണ് വയോധികയെ ആദ്യം ഇടിച്ചതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. പിന്നീട് പിന്നാലെ വന്ന വാഹനങ്ങളെല്ലാം കയറി ശരീരം ചതഞ്ഞരഞ്ഞ് പോവുകയായിരുന്നു. അതുവഴി പോയ ദേശീയപാതാ മെയിന്റനൻസ് ജീവനക്കാർ മനുഷ്യശരീരമാണെന്നു പോലും മനസ്സിലാകാതെ മൃതദേഹാവശിഷ്ടങ്ങൾ രാവിലെ 9.30ന് റോഡരികിലേക്കു മാറ്റിയിട്ടിരുന്നു. പിന്നീട് പഞ്ചായത്ത് അംഗം കെ.എസ്.അനീഷും പരിസരവാസികളും ചേർന്നു നടത്തിയ പരിശോധനയിലാണ് പൊന്നുക്കുട്ടിയുടെ (85) മൃതദേഹമാണെന്നു സംശയം ഉയർന്നത്.

ദേശിയപാതയിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് പൊന്നുക്കുട്ടിയുടെ താമസം.മകൻ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കറുപ്പു മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പു ചരട്, ചെമ്പു മോതിരം എന്നിവയാണു തിരിച്ചറിയാൻ സഹായകരമായത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നു ബന്ധുക്കൾ പറഞ്ഞു.

ചില ദിവസങ്ങളിൽ പരിസരപ്രദേശങ്ങളിലെ ബന്ധുവീടുകളിൽ താമസിക്കാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.ഇടിച്ച ബസ് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. സംസ്‌കാരം നടത്തി. മക്കൾ: കലാധരൻ, കാഞ്ചന, പരേതയായ കലാവതി. മരുമക്കൾ: കുഞ്ഞിലക്ഷ്മി, കണ്ണൻ (കുഞ്ഞുമുരുകൻ), വിജയൻ.