- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിലെ വിമാനത്താവളത്തിൽ നിന്നും ജീവനക്കാർ യാത്രക്കാരുടെ ബാഗുകളിൽ നിന്നും അടിച്ചു മാറ്റിയത് 17 കോടി രൂപയുടെ സാധനങ്ങൾ; ക്രിമിനൽ ഗാംഗായി പ്രവർത്തിച്ച 14 ജീവനക്കാരെ അറസ്റ്റു ചെയ്തു; 20 പേർ നിരീക്ഷണത്തിൽ; ഒരു വിമാനത്താവള കൊള്ളയുടെ കഥ
സ്പെയിനിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ, വിമാനത്താവള ജീവനക്കാരുടെ ഒരു ക്രിമിനൽ സംഘത്തെ സ്പാനിഷ് പൊലീസ് തകർത്തു. യാത്രക്കാരുടേ ലഗേജുകളിൽ നിന്നും ഏകദേശം 1.7 മില്യൻ പൗണ്ട് വിലവരുന്ന വസ്തുക്കളാണ് ഇവർ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 20 പേർ പൊലീസ് നിരീക്ഷണത്തിലാണ്. ചെക്ക് ചെയ്ത ബാഗുകളിൽ നിന്നും സാധനങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് ടെനെർഫീ സൗത്ത് വിമാനത്താവളാധികൃതർ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.
റെയ്ൻഎയർ, ഈസിജെറ്റ്, ജെറ്റ്2, ബ്രിട്ടീഷ് എയർവെയ്സ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികൾക്കൊക്കെ ഈ വിമാനത്താവളത്തിലേക്ക് വിമാന സർവ്വീസുകളുണ്ട്. ക്രിമിനലുകളായ ജീവനക്കാർ, ലഗേജുകൾ കയറ്റുന്നതും ഇറക്കുന്നതും മനപ്പൂർവ്വം സാവധാനത്തിലാക്കുകയും അതുവഴി അതിലെ സാധനങ്ങൾ മോഷ്ടിക്കുവാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു. സിപ്പറുകൾ പംക്ചർ ചെയ്ത് ബാഗിനകത്തുള്ള വിലപിടിപ്പുള്ള വസ്തുക്കൾ എടുത്തു മാറ്റിയശേഷം വീണ്ടു സിപ്പ് അടക്കുകയായിരുന്നു അവരുടെ രീതി.
നറ്റ് സ്യുട്ട് കേസുകൾ കൊണ്ട് മറ തീർത്തായിരുന്നു അവർ ഇത് ചെയ്തിരുന്നത്. ഇടക്കൊക്കെ ലഗേജുകൾ തെന്നിമാറാതിരിക്കാൻ ഉപയോഗിക്കുന്ന കനം കൂടിയ ടാർപോളിനും ഇവർ മറയ്ക്കായി ഉപയോഗിക്കാറുണ്ടായിരുന്നു. ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. ഇത് ഇവരുടെ ലോക്കറുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു വയ്ക്കുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ലോക്കറിനകത്തു നിന്നും ഏവിയേഷൻ ഇയർ ഡിഫൻഡറുകളും സ്വർണ്ണ മോതിരവും ഒക്കെ കണ്ടെടുത്തിരുന്നു. ചില ലോക്കറുകളിൽ കറൻസി നോട്ടുകളും ഉണ്ടായിരുന്നു. ഡിസൈനർ വാച്ചുകൾ, ഒരു പ്ലേസ്റ്റേഷൻ 5, പ്ലസ് ഫോൺസ് എന്നിവയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കണ്ടെടുത്ത വസ്തുക്കളുടെയെല്ലാം മൂല്യം 19,53,571 യൂറോ വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവള തൊഴിലാളികളുടെ ലോക്കറുകളിലും അതുപോലെ സ്വകാര്യ വാഹനങ്ങളിലും വീടുകളിലുമൊക്കെ ഇതിനായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളിൽ നിന്നെല്ലാം നിരവധി വസ്തുക്കളാണ് ലഭിച്ചത്. സുസംഘടിതമായ ഈ സംഘം വളരെ കൃത്യതയോടെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഓരോ വ്യക്തിക്കും ഒരു നിശ്ചിത ജോലി നൽകിയിരിക്കും.
മോഷണം നടത്തേണ്ട വിമാനങ്ങൾ തിരഞ്ഞെടുക്കുക, മോഷ്ടിച്ച വസ്തുക്കൾ ഒളിപ്പിച്ചു വയ്ക്കുക, അവയെ വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക. ആഭരണ ശാലകളിലും ഓൺലൈൻ ഇടങ്ങളിലും അവ വിൽക്കുക തുടങ്ങിയ ജോലികൾ എല്ലാം ഓരോരുത്തർക്കായി വിഭജിക്കപ്പെട്ടിരുന്നു. മോഷണ വസ്തുക്കൾ വാങ്ങി എന്ന് സംശയിക്കപ്പെടുന്ന, 27 ആഭരണ കടകളും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ