ചാരുംമൂട്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനംനൽകി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻകണ്ടം ഭാഗത്ത് ഷാ മൻസിലിൽ എം.എസ്. ഷാ(26)യെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ 18-കാരിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. നിരവധി പെൺകുട്ടികളെയാണ് ഇയാൾ സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ കെണിയിൽ വീഴ്‌ത്തിയത്. ഇയാളുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ഒട്ടേറെ പെൺകുട്ടികളുമായി ഇയാൾക്കു ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഇൻസ്റ്റഗ്രാമിൽ തന്റെ ആകർഷകമായ ഫോട്ടോകളിട്ട് പെൺകുട്ടികൾക്കു മെസേജുകൾ അയച്ച് കെണിയിൽ വീഴ്‌ത്തുകയാണ് ഇയാളുടെ പതിവ് രീതി. വലയിൽ വീഴുന്നവരെ പ്രണയംനടിച്ച് വശത്താക്കി ആഭരണങ്ങൾ കൈക്കലാക്കും. തുടർന്ന്, ശാരീരികമായി പീഡിപ്പിച്ച് ഉപേക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് സ്റ്റേഷനിലും ഇയാൾക്കെതിരേ ഇത്തരം കേസുകളുണ്ട്.

ഇൻസ്റ്റഗ്രാംവഴിയാണ് പ്രതി പതിനെട്ടുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടതും കെണിയിൽ വീഴ്‌ത്തിയതും. പിന്നീട്, പെൺകുട്ടിയുടെ സ്വർണമാലയും കമ്മലും വാങ്ങി പണയംവെച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്വർണവും പണവും തിരികെ കൊടുക്കാതായതോടെ സംഭവം തന്റെ വീട്ടിലറിയിക്കുമെന്നു പെൺകുട്ടി ഇയാളോടു പറഞ്ഞു.

തുടർന്ന്, ആഭരണങ്ങൾ തിരികെക്കൊടുക്കാമെന്നും വിവാഹംകഴിച്ചുകൊള്ളാമെന്നും വിശ്വസിപ്പിച്ച് യുവാവ് ഡിസംബർ ഒൻപതിനു രാത്രി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി. ശാസ്താംകോട്ട ഭരണിക്കാവിലുള്ള ഇയാളുടെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. ആഭരണങ്ങൾ എടുത്തുകൊടുക്കാമെന്നുപറഞ്ഞ് അടുത്തദിവസം യുവതിയെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു.

ചതിക്കപ്പെട്ടെന്ന് മനസ്സിലായ പെൺകുട്ടി നൂറനാട് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശാസ്താംകോട്ടയിൽനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പ്രതിയെ റിമാൻഡുചെയ്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത്, എസ്‌ഐ.മാരായ എസ്. നിതീഷ്, സുഭാഷ് ബാബു, സി.പി.ഒ.മാരായ സിനു വർഗീസ്, ജയേഷ്, പ്രസന്നകുമാരി, വിഷ്ണു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.