ലഖ്നൗ: കടമായി നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ വനമേഖലയിലേക്ക് കൊണ്ടുപോയി സഹപാഠികൾ വിവസ്ത്രനാക്കി മർദിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് സഹപാഠികൾ തന്നെ കാറിൽ കടത്തിക്കൊണ്ടുപോയി മർദിച്ചതെന്നാണ് പത്താംക്ലാസുകാരന്റെ പരാതിയിൽ പറയുന്നത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും വിവസ്ത്രനാക്കി വടികൊണ്ടും ബെൽറ്റ് ഉപയോഗിച്ചും മർദിച്ചെന്നും പരാതിയിൽ പറയുന്നു.

ഉത്തർപ്രദേശിലെ ഝാൻസിയിലാണ് 16-കാരനായ സ്‌കൂൾ വിദ്യാർത്ഥിയെ സഹപാഠികളും കൂട്ടാളികളും ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അക്രമികൾ ഇത് സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ പുറത്തായതോടെ ഏറെ അസ്വസ്ഥനായ വിദ്യാർത്ഥി കുടുംബത്തിനൊപ്പമെത്തിയാണ് പൊലീസിൽ പരാതി നൽകിയത്

സഹപാഠിയായ ഒരുവിദ്യാർത്ഥിക്ക് 16-കാരൻ നേരത്തെ 200 രൂപ കടംനൽകിയിരുന്നു. ഏറെനാൾ കഴിഞ്ഞിട്ടും ഇത് തിരികെ നൽകാതിരുന്നതോടെ 16-കാരൻ പണം ചോദിച്ചു. ഇതേച്ചൊല്ലി രണ്ടുമാസം മുൻപ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തിങ്കളാഴ്ചയും ഇതേ കാരണത്താലാണ് 16-കാരനെ പണം വാങ്ങിയ വിദ്യാർത്ഥിയും മറ്റുസഹപാഠികളും മർദിച്ചത്.

പരാതിക്കാരൻ സുഹൃത്തിനൊപ്പം പാർക്കിലിരിക്കുന്നതിനിടെയാണ് സഹപാഠികളായ നാലുപേർ കാറിലെത്തിയത്. പണം കടംവാങ്ങിയ സഹപാഠിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാറിൽ വിളിച്ചുകയറ്റിയ 16-കാരനെ സൈനികരുടെ ഷൂട്ടിങ് പരിശീലനം കാണാമെന്ന് പറഞ്ഞ് സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി. വനമേഖലയിൽ കാർ നിർത്തിയപ്പോൾ അവിടെ രണ്ടുപേർ കൂടി കാത്തുനിൽപ്പുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ഇവർ 16-കാരനെ മദ്യം കുടിക്കാൻ നിർബന്ധിച്ചു. പിന്നാലെ വടികൾ കൊണ്ടും ബെൽറ്റ് ഉപയോഗിച്ചും മർദിച്ചു. വസ്ത്രങ്ങളും അഴിച്ചുമാറ്റി. വെറുതെവിടണന്നെ് കരഞ്ഞുപറഞ്ഞിട്ടും പ്രതികൾ കൂട്ടാക്കിയില്ല. നിരന്തരം മുഖത്തടിച്ചു. തുടർന്ന് ഈ രംഗങ്ങളെല്ലാം മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

സംഭവത്തിൽ പൊലീസിൽ പരാതിനൽകിയാൽ കൊല്ലുമെന്ന് പ്രതികൾ 16-കാരനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർത്ഥി ഏറെ അസ്വസ്ഥനായി. വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലും മടിച്ചു. ഇതോടെയാണ് കുടുംബം 16-കാരനുമായെത്തി പൊലീസിൽ പരാതി നൽകിയത്.