- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും മകനും തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ഇടപെട്ടു; വിവാഹം കഴിഞ്ഞ് എട്ടാം ദിവസം ഭാര്യയെ പൂട്ടിയിട്ട് തല്ലി; ദേഹമാസകലം മുറിവേൽപ്പിച്ചു; ചെവിക്കേറ്റ അടിയിൽ കേൾവിശക്തിക്ക് തകരാർ; മോട്ടിവേഷണൽ സ്പീക്കർക്കെതിരെ കേസെടുത്തു
നോയിഡ: ഗാർഹിക പീഡന പരാതിയിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ വിവേക് ബിന്ദ്രക്കെതിരെ കേസെടുത്ത് പൊലീസ്. വിവേക് ബിന്ദ്രയുടെ ഭാര്യ യാനികയെ ഉപദ്രവിച്ചതിനാണ് പരാതി. സഹോദരിയെ ക്രൂരമായി മർദിച്ചു എന്ന് കാണിച്ച് നോയ്ഡ് സെക്റ്റർ 126 പൊലീസ് സ്റ്റേഷനിൽ യാനികയുടെ സഹോദരൻ പരാതി നൽകുകയായിരുന്നു.
വിവാഹം കഴിഞ്ഞ് എട്ടാം ദിവസം ഭാര്യയെ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിലാണ് മോട്ടിവേഷണൽ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ വിവേക് ബിന്ദ്രക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത്.
വിവേക് ബിന്ദ്രയും യാനികയും തമ്മിലുള്ള വിവാഹം ഡിസംബർ 6നാണ് നടന്നത്. വിവേക് യാനികയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന പരാതി ഡിസംബർ 14നാണ് നോയിഡ സെക്ടർ 126 പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. യാനികയുടെ സഹോദരൻ വൈഭവ് ആണ് പരാതി നൽകിയത്. വിവേക് തന്റെ സഹോദരിയെ മുറിയിൽ പൂട്ടിയിട്ടു, ദേഹമാസകലം മുറിവേൽപ്പിച്ചു, അസഭ്യം പറഞ്ഞു എന്നാണ് വൈഭവിന്റെ പരാതിയിൽ പറയുന്നത്.
ഡിസംബർ ഏഴിന് ദമ്പതികൾ താമസിച്ചിരുന്ന സൂപ്പർനോവ വെസ്റ്റ് റെസിഡൻസിയിൽ വച്ചാണ് മർദനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ബിന്ദ്രയും അമ്മ പ്രഭയും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടയിൽ കയറാൻ ശ്രമിച്ച യാനികയെ ബിന്ദ്ര ശാരീരികമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. യാനികയുടെ ഇടതുഭാഗത്ത് മർദനത്തിൽ പരിക്കേറ്റു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അവരുടെ മുടി വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. യാനികയുടെ മൊബൈൽ ഫോണും ബിന്ദ്ര നശിപ്പിച്ചു.
വിവേകും അമ്മയും തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാൻ ഇടപെട്ട യാനികയെ വിവേക് മർദിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ചെവിക്കേറ്റ അടി കാരണം യാനികയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചെന്ന് വൈഭവ് പറഞ്ഞു. ഡൽഹിയിലെ കൈലാഷ് ദീപക് ആശുപത്രിയിൽ ചികിത്സയിലാണ് യാനിക. പരിക്കേറ്റ യാനിക ചികിത്സ തേടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504, 427, 325 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ഇതിനു മുൻപ് വിവേക് ബിന്ദ്രക്കതിരെ മറ്റൊരു ആരോപണവുമുണ്ടായിട്ടുണ്ട്. വിവേകിന്റെ കമ്പനി തങ്ങളെ വഞ്ചിച്ചെന്ന് പറഞ്ഞ് ചില വിദ്യാർത്ഥികൾ രംഗത്തു വരികയുണ്ടായി. മറ്റൊരു മോട്ടിവേഷൽ സ്പീക്കറായ മഹേശ്വരിയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ അന്ന് വിവേക് ആരോപണം നിഷേധിച്ചു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന മോട്ടിവേഷണൽ സ്പീക്കറാണ് വിവേക്.
മറുനാടന് മലയാളി ബ്യൂറോ