- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു ചില്ലടിച്ചു തകർത്തു; ബോണറ്റിൽ കയറിയിരുന്ന് വെല്ലുവിളി; ഒളിവിൽ കഴിയവെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ; ചാലക്കുടി എസ്ഐയുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം
തൃശ്ശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും പൊലീസിനെതിരെ വെല്ലുവിളി നടത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ. നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽകഴിയുന്നതിനിടെയാണ് നിധിൻ പുല്ലനെ പൊലീസ് പിടികൂടിയത്. ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ വിജയത്തിനു പിന്നാലെയാണ് പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു ചില്ലടിച്ചു തകർക്കുകയും ബോണറ്റിൽ കയറിയിരുന്നു പൊലീസുകാരെ പരസ്യമായി അസഭ്യം പറയുകയും ചെയ്തത്.
ഇന്നലെ നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ബലംപ്രയോഗിച്ച് മോചിപ്പിച്ച് ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഒളിവിൽപോയ ഇയാൾക്കായി തൃശ്ശൂർ സിറ്റി,റൂറൽ പരിധികളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്.
അതിനിടെ ചാലക്കുടി എസ്‌ഐക്കെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ നേതാക്കൾ രംഗത്തെത്തി. ചാലക്കുടി എസ് ഐ അഫ്‌സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക് പറഞ്ഞു. എസ് ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. എസ്‌ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യവർഷം. എസ്എഫ്‌ഐ പ്രവർത്തകർ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനം നടത്തി.
പൊലീസ് ജീപ്പ് അടിച്ചുതകർത്ത കേസിൽ പ്രതിയായ ഡിവൈഎഫ്ഐ. ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ നിധിൻ പുല്ലനെ പാർട്ടി സംരക്ഷിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. ചാലക്കുടി ഐ.ടി.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് പൊലീസിന് നേരേ ഡിവൈഎഫ്ഐ. പ്രവർത്തകരുടെ ആക്രമണമുണ്ടായത്. പൊലീസ് ജീപ്പ് അടിച്ചുതകർത്ത പ്രവർത്തകർ ഇതിലെ പ്രതിയായ നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
തിരഞ്ഞെടുപ്പു വിജയിച്ചതിനു പിന്നാലെ നിധിൻ പുല്ലന്റെ നേതൃത്വത്തിൽ പ്രവർത്തകർ ടൗൺചുറ്റി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. എസ്‌ഐ എം. അഫ്‌സലും എഎസ്‌ഐയുമടക്കം അഞ്ച് പൊലീസുകാർ സഞ്ചരിച്ചിരുന്ന ജീപ്പ് ഓടിക്കൊണ്ടിരിക്കേ അതിനു മുകളിലേക്കു നിധിനും സംഘവും ഇരച്ചു കയറുകയായിരുന്നു. ബോണറ്റിനു മുകളിൽ നിന്നുകൊണ്ട് ആഞ്ഞു ചവിട്ടി. ചില്ലു തകർത്തശേഷം റോഡിലേക്കു വിതറി.
എസ്‌ഐ അടക്കമുള്ളവരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞു. ഇതിനു പിന്നാലെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി നിധിനെ കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകന്റെ നേതൃത്വത്തിൽ നിധിൻ പുല്ലനെ മോചിപ്പിച്ചത്. പൊലീസ് നിധിനെ വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയുണ്ടായി. ഇതിനിടെ പ്രവർത്തകർ സംഘം ചേർന്നു നിധിനെ മോചിപ്പിച്ച് ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെയാണ് അക്രമം നടന്നത്. ഐ.ടി.ഐ. കാമ്പസിലും റോഡിലും ബോർഡുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് രണ്ടു ദിവസം മുൻപ് എസ്.എഫ്.ഐ., എ.ബി.വി.പി. പ്രവർത്തകർ തമ്മിൽ തർക്കം നടന്നിരുന്നു. പൊലീസെത്തി ഇരുവരുടെയും ബോർഡുകൾ നീക്കംചെയ്തു. എസ്.എഫ്.ഐ.ക്കാരുടെ ബോർഡുകൾ നീക്കംചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ.യുടെ പൊലീസ്ജീപ്പ് ആക്രമണം. എസ്.എഫ്.ഐ.ക്കാരും ഇതിൽ ചേർന്നു. പൊലീസ് ജീപ്പിന്റെ ബോണറ്റിൽ കയറി നിന്ന് ചില്ല് അടിച്ചുപൊട്ടിച്ചു.
ആക്രമണം നടന്ന് അര മണിക്കൂർ കഴിഞ്ഞ് സിപിഎം. പ്രവർത്തകർക്കൊപ്പം നിധിൻ പുല്ലൻ നടന്നുപോയപ്പോൾ കാത്തുനിന്ന പൊലീസ്സംഘം പിടികൂടാൻ ശ്രമിച്ചു. സിപിഎം. ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, പ്രവർത്തകനായ ഗോപി (60), ഡിവൈഎഫ്ഐ. പ്രവർത്തകരായ അശ്വിൻ (22), സാംസൺ (22) ഉൾപ്പെടെയുള്ളവർ ഇത് തടഞ്ഞു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോൾ ലാത്തി വീശി. നിധിൻ പുല്ലനെ പിടികൂടി റോഡിലൂടെ വലിച്ചുകൊണ്ടുപോയി ജീപ്പിട്ടിരുന്ന സ്ഥലത്തേക്കെത്തിയപ്പോഴേക്കും പ്രവർത്തകർ ബലം പ്രയോഗിച്ച് നിധിനെ മോചിപ്പിച്ചുകൊണ്ടുപോയി.
രാത്രി എട്ടരയോടെ സ്ഥലത്ത് വീണ്ടും സംഘർഷമുണ്ടായി. പ്രതികളെ തിരക്കിയിറങ്ങിയ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ സിപിഎം., ഡിവൈ.എഫ്.ഐ. പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്‌പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് എന്നിവർക്കുനേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പൊലീസിനുനേരെ ആക്രമണമുണ്ടാകുമെന്ന തരത്തിലായി കാര്യങ്ങൾ. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. അനേകംപേർക്ക് പരിക്കുണ്ട്. ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരൻ ഉൾപ്പെടെ പത്തോളംപേരെ രാത്രി വൈകി പൊലീസ് കസ്റ്റഡിയിലെടുത്തു.
മറുനാടന് മലയാളി ബ്യൂറോ