- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ; തട്ടിപ്പിനിരയായത് 56 ഉദ്യോഗാർത്ഥികൾ; രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ അറസ്റ്റിൽ
കൊല്ലം: വിദേശത്ത് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി രണ്ട് കോടി രൂപയോളം തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശികളായ ദമ്പതിമാർ കൊച്ചിയിൽ അറസ്റ്റിലായി. കൊല്ലം സ്വദേശിയും ഇപ്പോൾ കലൂരിൽ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ഏജന്റ് മുഖാന്തിരം നടത്തിയ തട്ടിപ്പിൽ 56 ഉദ്യോഗാർത്ഥികൾക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്ത് എത്തുക ആയിരുന്നു.
യു കെ, സിംഗപൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഡിജിറ്റൽ മാർക്കെറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് ബിനിൽകുമാറിനെ കരുവാക്കിയാണ് തട്ടിപ്പ് നടത്തിയത്.
പ്രതികളുടെ ഉറപ്പിന്മേൽ 56 ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിക്കൊടുത്തത് ബിനിൽ കുമാറായിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ ബിനിൽകുമാർ പരാതി നൽകുകയും നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികൾ, ബിനിൽകുമാർ മുഖാന്തിരം പണം കൈവശപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.
ഇഥിനിടെ വ്യാജ വിസ നൽകി കബളിപ്പിക്കാനും പ്രതികൾ ശ്രമം നടത്തി. പണം വാങ്ങിയിട്ടും വിസ ലഭിക്കാതിരുന്നതോടെ ആളുകൾ പരാതിയുമായി ബിനിൽ കുമാറിന്റെ അടുത്തെത്തി. നിരവധി പേർ എത്തി ചോദ്യം ചെയ്തതോടെ ഇയാൾ ചിഞ്ചുവിനെയും അനീഷിനെയും ബന്ധപ്പെട്ടു. ഉദ്യോഗാർത്ഥികൾ ബഹളം വെക്കുന്നുവെന്ന് ബിനിൽകുമാർ പറഞ്ഞപ്പോൾ ഇവർ മുപ്പതു പേർക്കുള്ള വിസ വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്തു. വിമാന ടിക്കറ്റും ഒപ്പം നൽകി.
എന്നാൽ ഇത് പരിശോധിച്ചപ്പോഴാണ് രണ്ടും വ്യാജമായി ഉണ്ടാക്കിയതാണെന്ന ബോധ്യമായത്. ഇതോടെയാണ് ബിനിൽകുമാർ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് കൊച്ചിയിലെ പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും വിവിധ തരത്തിലുള്ള സീലുകളും കണ്ടെത്തി. വർഷങ്ങൾക്കു മുൻപ് ഡൽഹിയിലുള്ള റിക്രൂട്ട് മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം ഉപയോഗിച്ചാണ് തട്ടിപ്പിന് ഇറങ്ങിയതെന്ന് ചിഞ്ചു പൊലീസിനോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ