- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളിൽപ്പോയി പെണ്ണു കാണും; ഫോണിലൂടെ പരിചയം സ്ഥാപിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങും; ചോക്കാട് സ്വദേശിനിക്ക് നഷ്ടമായത് മൂന്നു പവൻ സ്വർണം: പിടിയിലായത് മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമുള്ള 44കാരൻ
കാളികാവ്: വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളെ തിരഞ്ഞു പിടിച്ച് വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് പണംതട്ടിയ ആൾ പിടിയിലായി. കുറ്റിപ്പുറം സ്വദേശി പാപ്പിനിശേരി അബ്ദുൾ നാസർ (കിങ്ങിണി നാസറിനെ -44) നെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. ചോക്കാട് മാളിയേക്കൽ സ്വദേശിനിയുടെ മൂന്നു പവൻ സ്വർണാഭരണം തട്ടിയെടുത്ത് മുങ്ങി എന്ന പരാതിയിലാണ് നാസറിനെ അറസ്റ്റുചെയ്തത്.
ഇയാൾക്ക് നിലവിൽ പയ്യന്നൂർ, പട്ടാമ്പി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമുണ്ട്. കരുവാരക്കുണ്ടിലുള്ള മൂന്നാംഭാര്യയുടെ വീട്ടിൽവച്ചാണ് പ്രതി പിടിയിലായത്. വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളിൽപ്പോയി പെണ്ണു കാണുകയും പിന്നീട് ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിക്കുകയും ചെയ്യും. ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പരാതിക്കാരിയായ മാളിയേക്കൽ സ്വദേശിയായ യുവതിയുടെ കൈവശമുണ്ടായിരുന്ന മൂന്നുപവൻ മാലയാണ് നാസർ കൈക്കലാക്കിയത്. നിക്കാഹ് ദിനത്തിൽ ഇത് അഞ്ചുപവൻ ആഭരണമാക്കി കൊണ്ടുവരാം എന്നു പറഞ്ഞാണ് പ്രതി കടന്നുകളഞ്ഞത്. ഒട്ടേറെ സ്ത്രീകൾ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടിട്ടുള്ളതായാണ് വിവരം. വിവാഹ പ്രായം കഴിഞ്ഞ നിരവധി സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ സ്വർണം കൈക്കലാക്കി കബളിപ്പിച്ചതായി പൊലീസ് പറയുന്നു.
സ്ത്രീകളെ കബളിപ്പിച്ച് ആഭരണം കൈക്കലാക്കുന്നതിനു പുറമെ പണയസ്വർണം തിരിച്ചെടുക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളിലും പ്രതി തട്ടിപ്പു നടത്തിയിട്ടുണ്ട്. പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്കെതിരേ മലപ്പുറം, പാലക്കാട് ജില്ലകളിലായി കേസുകളുണ്ട്. പ്രതി നിരവധി ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതാണ് തട്ടിപ്പു തുടരാൻ സഹായകമാകുന്നതെന്നും കാളികാവ് എസ്ഐ. ശശിധരൻ വിളയിൽ പറഞ്ഞു.
മലപ്പുറത്ത് നിരവധി സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. തട്ടിപ്പ് വ്യാപകമായതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ നിർദേശപ്രകാരം പ്രത്യേകഅന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ ഡിവൈ.എസ്പി. സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ വ്യതീഷ് പൂക്കോട്ടുംപാടം, ടി. വിനു, രാഹുൽ പി. കുന്നത്ത് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ