ന്യൂഡൽഹി: മനുഷ്യക്കടത്ത് സംശയിച്ചതിനെത്തുടർന്ന് ഫ്രാൻസിൽ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയർബസ് എ340 വിമാനം മുംബൈയിൽ തിരിച്ചെത്തി. വിഷയത്തിൽ ഇന്ത്യൻ ഏജൻസികളും അന്വേഷണം നടത്തും. മുംബൈയിലെത്തിയ വിമാനത്തിൽ 275 ഇന്ത്യാക്കാർ മാത്രമാണ് ഉണ്ടായത്. നയതന്ത്ര സമ്മർദ്ദത്തിനൊടുവിലാണ് വിമാനം വിട്ടു നൽകിയത്.

വിമാനത്തിലെ മിക്ക യാത്രികർക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താത്പര്യമില്ലെന്നും ഇതേ തുടർന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. ഫ്രഞ്ച് പൊലീസ് തടഞ്ഞുവെച്ച ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാൻ തീരുമാനിച്ചെങ്കിലും ചില യാത്രക്കാർ മടങ്ങാൻ കൂട്ടാക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇന്ത്യൻ യാത്രക്കാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം വേഗത്തിൽ ഉണ്ടാക്കിയതിൽ ഫ്രഞ്ച് സർക്കാരിനും വാട്രി വിമാനത്താവള അധികൃതർക്കും ഫ്രാൻസിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചിരുന്നു. സ്ഥിതിഗതികൾ സൂക്ഷമമായി വീക്ഷിച്ച് ഇന്ത്യൻ എംബസി ടീമുമായി പ്രവർത്തിച്ച ഇന്ത്യൻ ഏജൻസികൾക്കും നന്ദി അറിയിച്ചു. ഇന്ത്യൻ നയതന്ത്ര ഇടപെടലാണ് നിർണ്ണായകമായത്.

ദുബായിൽ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയർബസ് എ340 വിമാനം വ്യാഴാഴ്ചയാണ് സാങ്കേതിക തകരാറിനെത്തുടർന്ന് കിഴക്കൻ ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടർന്ന് ഫ്രഞ്ച് പൊലീസ് ഇടപെടുകയായിരുന്നു. യാത്രക്കാരിൽ മിക്ക ആളുകളും ഇന്ത്യക്കാരാണ്. ഇവരിൽ ചിലർ തമിഴും മറ്റു ചിലർ ഹിന്ദിയുമാണ് സംസാരിക്കുന്നതെന്നാണ് വിവരം.

'ചില യാത്രക്കാർ ദുഃഖിതരായിരുന്നു. അവർക്ക് നേരത്തെ നിശ്ചയിച്ചതുപോലെ നിക്കാരഗ്വായിലേക്ക് യാത്ര ചെയ്യാനായിരുന്നു ആഗ്രഹം. 200-250 ഓളം യാത്രക്കാർ മാത്രമാണ് തിരിച്ചുവരാൻ സമ്മതിച്ചതിച്ചത്' വിമാനം രജിസ്റ്റർ ചെയ്തിട്ടുള്ള റൊമാനിയയുടെ ലെജൻഡ് എയർലൈൻസ് നിയമോപദേശകയായ ലില്യാന ബകായോക്കോ പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ തടങ്കലിൽ വെച്ചതായാണ് വിവരം. രേഖകളില്ലാതെ വിദേശികളെ രാജ്യത്തേക്ക് കടത്താൻ ഗൂഢാലോചന നടത്തിയതിന് ഇവർക്കെതിരേ കുറ്റം ചുമത്തിയേക്കും. മനുഷ്യക്കടത്താണെന്ന സംശത്തിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. രണ്ട് ദിവസം യാത്രക്കാരെ ചോദ്യം ചെയ്തതിന് ശേഷമാണ് വിമാനം വിട്ടുനൽകാൻ അധികൃതർ അനുമതി നൽകിയത്.

യാത്രക്കാരിൽ പലരും ഫ്രാൻസിൽ അഭയം അഭ്യർത്ഥിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 11 യാത്രക്കാർ രക്ഷിതാക്കൾ കൂടെയില്ലാത്ത പ്രായപൂർത്തിയാകാത്തവരാണെന്നും അധികൃതർ വ്യക്തമാക്കി. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഫ്രാൻസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തിൽ ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നതായാണ് വിവരം.

രണ്ട് ദിവസം യാത്രക്കാരെ ചോദ്യം ചെയ്തതിന് ശേഷമാണ് വിമാനം വിട്ടുനൽകാൻ പ്രോസിക്യൂട്ടർമാർ ഇന്നലെ അനുമതി നൽകിയത്. പാരീസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വാട്രിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് മുംബൈയിൽ എത്തിയത്. കമ്പനി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ലെജൻഡ് എയർലൈൻസിന്റെ അഭിഭാഷകൻ പറഞ്ഞു. കമ്പനിക്ക് നഷ്ടം സംഭവിച്ചതിനാൽ നഷ്ടപരിഹാരം തേടുമെന്നും അവർ കൂട്ടിച്ചേർത്തു.

ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടേതായിരുന്നു ചാർട്ടേഡ് വിമാനം. യുഎഇയിൽ നിന്ന് പുറപ്പെട്ട് നിക്കരാ?ഗ്വെയിലേക്ക് പറക്കുകയായിരുന്നു എ-340 വിഭാഗത്തിൽപെട്ട വിമാനം. അമേരിക്കയിലേക്കോ കാനഡയിലേക്കോ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇത്രയും ആളുകളെ വിമാനത്തിൽ കൊണ്ടുപോകുന്നതെന്ന് സംശയിക്കുന്നതായും ഫ്രാൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനം തടഞ്ഞതെന്നും സൂചനയുണ്ടായിരുന്നു.