കൊച്ചി: മകൾ വൈഗയ്‌ക്കൊപ്പം മുട്ടാർ പുഴയിൽ ജീവനൊടുക്കിയെന്ന് കരുതിയ പിതാവ് സനുമോഹൻ ഒടുവിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് അന്വേഷണ സംഘത്തിന്റെ ജാഗ്രതയോടെയുള്ള നീക്കത്തിന്റെ ഫലമായിരുന്നു. അപൂർവമായ വഴിത്തിരിവായിരുന്നു വൈഗ കൊലക്കേസ് അന്വേഷണത്തിലെ ക്ലൈമാക്‌സും. 'ബുദ്ധിമാനായ സൈക്കോ', എന്നായിരുന്നു വൈഗ കൊലക്കേസിലെ പ്രതി സനുമോഹനെ പൊലീസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചിരുന്നത്.

മകളെ ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കി മരിച്ചെന്നു കരുതി പുഴയിലെറിഞ്ഞശേഷം ഒരു ടൂർ എന്നപോലെയാണ് ഇയാൾ ഒളിവുജീവിതം തുടർന്നിരുന്നത്. ഗോവയിലും ബെംഗളൂരുവിലും പണം ധൂർത്തടിച്ചു. ഗോവയിലെ കാസിനോകളിൽ ചൂതാട്ടങ്ങളിൽ മുഴുകി. പൊലീസ് ഒന്നാകെ നാടുമുഴുവൻ അരിച്ചുപെറുക്കുമ്പോഴും മൊബൈൽഫോണോ മറ്റോ ഉപയോഗിക്കാതെ ആരുടെയും കണ്ണിൽപ്പെടാതെ തമിഴ്‌നാട്ടിലും കർണാടകയിലും ഗോവയിലും ബെംഗളൂരുവിലും സനുമോഹൻ കറങ്ങിനടന്നു.

സനുവിനെ തിരഞ്ഞു പൊലീസ് കേരളത്തിലും തമിഴ്‌നാട്ടിലുമായി അന്വേഷണം നടത്തിയതു അറുപതോളം ഹോട്ടലുകളിലും 16 വീടുകളിലുമായിരുന്നു. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ നമ്പറുകളാണ് പരിശോധിച്ചത്. ഫോൺകോൾ പരിശോധനയിലൂടെയാണ് അടുപ്പമുള്ളവരെ പൊലീസ് കണ്ടെത്തിയത്. ഒടുവിൽ ഒരുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം കാർവാറിൽനിന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ പിടികൂടിയപ്പോഴും മകളെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്താപമോ കുറ്റബോധമോ ഇയാൾക്കില്ലായിരുന്നു.

2021 മാർച്ച് 22-നാണ് എറണാകുളത്തെ മുട്ടാർപ്പുഴയിൽ നാലാംക്ലാസുകാരി വൈഗയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. തലേദിവസം ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് പിതാവ് സനുമോഹനൊപ്പമാണ് വൈഗ കൊച്ചിയിലെ ഫ്ളാറ്റിലേക്ക് പോയത്. എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും ഭർത്താവിനെയും മകളെയുംക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ സനുമോഹന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി നൽകി മണിക്കൂറുകൾക്കുള്ളിലാണ് മുട്ടാർപ്പുഴയിൽനിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സനുമോഹനെ കാണാനില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഇതിനിടെയാണു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികളിൽ നിന്നു സനുവിന്റെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പൊലീസിനു ബോധ്യമാകുന്നത്. കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകളും പൊലീസിനു ലഭിച്ചു. രണ്ടു ദിവസത്തിനുള്ളിൽ സനു ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചു. ഇതോടെ പ്രതിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി പൊലീസ്.

മാസങ്ങൾ നീണ്ട ആസൂത്രണം

മാർച്ച് 21ന് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ നിന്നു സനു മോഹനും ഭാര്യയും മകൾ വൈഗയും ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയി. ഭാര്യയെ അവിടെ നിർത്തി അന്നു തന്നെ അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞു മകളെയും കൂട്ടി പോയ സനു തിരിച്ചെത്താതായതോടെയാണു ബന്ധുക്കൾ പരാതി നൽകിയത്. പിറ്റേന്നാണു വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മകൾക്കൊപ്പം സനുവും മരിച്ചിട്ടുണ്ടാകുമെന്ന ധാരണയിൽ രണ്ടു ദിവസം കൂടി പുഴയിൽ തിരച്ചിൽ നടത്തി.

കൊലപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു തുറവൂരിലെ ഹോട്ടലിൽനിന്ന് സനു മകൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഹോട്ടൽ ജീവനക്കാർ സനുവിനെ തിരിച്ചറിഞ്ഞു. ശീതളപാനീയത്തിൽ മദ്യം കലർത്തി സനു മകൾക്കു കൊടുത്തെന്നു പൊലീസിന്റെ കണ്ടെത്തിയിരുന്നു.

വൈഗയെ പുഴയിലെറിഞ്ഞശേഷം സനുമോഹൻ കടന്നുകളഞ്ഞെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. ഇതിനിടെ, ദേശീയപാതയിൽ വാളയാർ വഴി സനുമോഹൻ കാറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതോടെ ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പലസംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തി.

മൂകാംബികയിലെ ഹോട്ടലിൽ പ്രതി എത്തിയെന്ന വിവരം ലഭിച്ചതോടെ പൊലീസും പിന്നാലെ കുതിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് മുറിയെടുത്തതും പിന്നീട് അവിടെനിന്ന് മുങ്ങിയതും സനുമോഹനാണെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് കൊലപാതകം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം കർണാടകയിലെ കാർവാറിൽനിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്.

ഒളിവുജീവിതം ആർഭാടത്തോടെ

മഹാരാഷ്ട്രയിലെ സാമ്പത്തിക തട്ടിപ്പുകേസിലടക്കം പ്രതിയായിരുന്ന സനുമോഹൻ, മകൾ ജീവിച്ചിരുന്നാൽ തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വൈഗയെ കൊന്നതു താൻ തന്നെയാണെന്നു ചോദ്യം ചെയ്യലിൽ സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. ഭാര്യയെ ഏൽപിക്കാൻ താൽപര്യമില്ലാത്തതിനാലാണു മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീടു പുഴയിൽ തള്ളുകയുമായിരുന്നു.

കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞശേഷം ഒളിവിൽ കഴിയുന്നതിനിടെ മൂന്ന് തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. മകളെ കൊലപ്പെടുത്താൻ തീരുമാനിച്ച പ്രതി ഇതിനായി ദിവസങ്ങൾക്ക് മുൻപേ ആസൂത്രണം ആരംഭിച്ചിരുന്നു.

ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽനിന്നെല്ലാം നേരത്തെ തന്നെ സനുമോഹൻ വിട്ടുനിന്നു. മൊബൈൽഫോണിൽ സുഹൃത്തുക്കളുമായി പോലും ഇയാൾ അധികം സംസാരിച്ചിരുന്നില്ല. കൊലപാതകം നടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്റെ മൊബൈൽ തകരാറായെന്ന് പറഞ്ഞ് ഭാര്യയുടെ ഫോൺ ഉപയോഗിച്ചുതുടങ്ങി. നേരത്തെ ബന്ധുക്കളുമായി അധികം അടുപ്പം പുലർത്താതിരുന്ന സനുമോഹൻ, കൃത്യം നടത്തുന്നതിന് ഏതാനുംമാസങ്ങൾക്ക് മുൻപ് ബന്ധുക്കളുമായി കൂടുതൽ ഇടപഴകിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2021 മാർച്ച് 21-ന് ഭാര്യ രമ്യയെയും മകൾ വൈഗയെയും കൂട്ടി ആലപ്പുഴയിലെ ബന്ധുവീട്ടിലേക്കാണ് പ്രതി പോയത്. ഭാര്യയെ ഇവിടെയാക്കിയശേഷം വൈഗയെ അമ്മാവനെ കാണിക്കണമെന്ന് പറഞ്ഞ് മകളുമായി തിരികെ കൊച്ചിയിലേക്ക് മടങ്ങി.

കായംകുളത്തെ വീട്ടിൽ നിന്ന് അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട സനുമോഹൻ കങ്ങരപ്പടിയിലെ തന്റെ ഫ്‌ളാറ്റിലേക്കാണ് ആദ്യമെത്തിയത്. വഴിയിൽനിന്ന് വാങ്ങിയ കൊക്കക്കോളയിൽ മദ്യംകലർത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്‌ളാറ്റിലെ വിസിറ്റിങ് മുറിയിൽ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു.

മൂക്കിൽ നിന്നും വന്ന രക്തം തുടച്ചു. ശരീരത്തിന്റെ ചലനം നഷ്ടമായതോടെ മരിച്ചെന്ന് കരുതി. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ ചുറ്റിയെടുത്ത് കാറിന്റെ പിൻസീറ്റിലിട്ട് മുട്ടാർ പുഴയിൽ എറിയാൻ കൊണ്ടുപോയി. രാത്രി 10.30 തോടെ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. ഈ സമയത്താണ് കുഞ്ഞ് മരിച്ചത്. കഴുത്ത് ഞെരിച്ചുകൊന്നുവെന്നായിരുന്നു സനു മോഹൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചത്.

മകളെ പുഴയിൽ എറിഞ്ഞ ശേഷം കാറുമായി കോയമ്പത്തൂർ ഭാഗത്തേക്കാണ് പ്രതി കടന്നുകളഞ്ഞത്. കിട്ടിയവിലയ്ക്ക് കാർ വിറ്റു. തുടർന്ന് ഈ പണമെല്ലാം ഉപയോഗിച്ച് തമിഴ്‌നാട്ടിലും ബെംഗളൂരുവിലും ഗോവയിലും കറങ്ങി. മകളെ കൊലപ്പെടുത്തിയശേഷം ഗോവയിലെത്തിയ ഇയാൾ ചൂതാട്ടങ്ങളിൽ സജീവമായി പങ്കെടുത്തു.

ഗോവയിലെ ഒരു കാസിനോയിൽ മാത്രം 45,000 രൂപയാണ് ചെലവാക്കിയത്. കാർ വിറ്റുകിട്ടിയ പണത്തിൽ ഭൂരിഭാഗവും ചൂതാട്ടത്തിനായി വിനിയോഗിക്കുകയായിരുന്നു. തുടർന്ന് മൂകാംബികയിലെ ലോഡ്ജ്മുറിയിലും ഏതാനംദിവസം തങ്ങി. ഇതിനുപിന്നാലെയാണ് കാർവാറിൽനിന്ന് സനുമോഹൻ പൊലീസിന്റെ പിടിയിലായത്.

കുഞ്ഞിന്റെ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കിയായിരുന്നു യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിൽ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് അന്വേഷണ സംഘം പിടികൂടിയത്. ഈ സമയത്തിനിടെ പ്രതി ചൂതാട്ട കേന്ദ്രങ്ങളിലുമെത്തിയിരുന്നു.

ധൂർത്തുകൊണ്ടുവരുത്തിവച്ച കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട് നാടുവിടാൻ തീരുമാനിച്ച സനുമോഹൻ, മകൾ മറ്റുള്ളവരാൽ അവഗണിക്കപ്പെടുമെന്ന വിഷമത്തിൽ വൈഗയെ കൊല്ലുകയായിരുന്നുവെന്നാണ് മൊഴി നൽകിയത്. പ്രതിയെ പിടിച്ച ശേഷം തെളിവ് ശേഖരണവും കുറ്റപത്രം സമർപ്പിക്കലും വേഗത്തിലായി. ഒരു വർഷത്തോളം കേസിന്റെ വിചാരണ നീണ്ടു. 78 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി ശരിവെച്ചു.

ആത്മഹത്യ ശ്രമം പച്ചക്കള്ളം

വൈഗയെ മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ സനുമോഹനും ജീവനൊടുക്കിയെന്ന് ആദ്യഘട്ടത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ, വാളയാറിൽനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതോടെയാണ് ഇയാൾ രക്ഷപ്പെട്ടതാണെന്ന് വ്യക്തമായത്. അതേസമയം, പൊലീസ് പിടിയിലായ ശേഷം പലമൊഴികളാണ് സനുമോഹൻ നൽകിയത്. മകളുടെ മൃതദേഹം പുഴയിലെറിഞ്ഞശേഷം പുഴയിൽ ചാടി മരിക്കാനായിരുന്നു തന്റെ തീരുമാനമെന്നും എന്നാൽ അതിന് ധൈര്യം കിട്ടിയില്ലെന്നുമായിരുന്നു ആദ്യമൊഴി.

പിന്നീട് ഗോവയിൽവെച്ച് മദ്യത്തിൽ വിഷം കലർത്തി കുടിക്കാൻശ്രമിച്ചെന്നും കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചെന്നും ഇയാൾ പറഞ്ഞിരുന്നു. കടലിൽ ചാടി മരിക്കാൻ ശ്രമിച്ചപ്പോൾ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയെന്നും സനുമോഹൻ ഒരുഘട്ടത്തിൽ മൊഴിനൽകി. എന്നാൽ, ഇതെല്ലാം കള്ളമാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. പ്രതിയുടെ ആത്മഹത്യാശ്രമങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും അന്വേഷണത്തിൽ കണ്ടെത്താനായിരുന്നില്ല.

2021 മാർച്ച് 21ന് കൊലപാതകം നടത്താനും തുടർന്ന് 27 ദിവസം ഒളിവിൽ കഴിയാനും മറ്റാരും സഹായിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പണം നൽകാനുള്ള ചിലരെ മാർച്ച് 22നു കാണാമെന്നു സനു മോഹൻ സമ്മതിച്ചിരുന്നു. അതിന്റെ തലേന്നാണ് മകളെ കൊലപ്പെടുത്തി ഒളിവിൽ പോയത്. കൊച്ചിയിൽനിന്നു കാറിൽ മാർച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു മോഹൻ, കാർ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി കൊല്ലൂരിൽ ഏപ്രിൽ 10ന് എത്തി.

ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിച്ചിട്ടില്ല. കൊല്ലൂരിൽ 6 ദിവസം ലോഡ്ജിൽ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി വഴി കാർവാറിലെത്തി. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. കാർവാർ ബീച്ചിൽ, ഞായർ പുലർച്ചെ കർണാടക പൊലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിർമ്മാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണു പൊലീസ് പിടികൂടിയത്.

കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചു

'മാർച്ച് 21നു രാത്രിയിൽ കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ വച്ച്, മരിക്കാൻ പോകുന്ന കാര്യവും സാഹചര്യവും വൈഗയോടു പറഞ്ഞു. ആദ്യം തുണി കൊണ്ടു മുഖത്ത് അമർത്തിയും പിന്നീടു കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു. ബോധം പോയപ്പോൾ ചുമലിലെടുത്തു. ഇതിനിടെ, മകളുടെ മൂക്കിൽ നിന്നു തറയിൽ വീണ ചോരത്തുള്ളികൾ തുണി കൊണ്ടു തുടച്ചു. മകളുടെ മുഖവും തുടച്ചശേഷം പുതപ്പു കൊണ്ടു മൂടി, ചുമലിലെടുത്തു കാറിൽ കിടത്തി. മുട്ടാർ പുഴയിലേക്കു വൈഗയെ തള്ളിയശേഷം കാറോടിച്ചു വാളയാർ വഴി കോയമ്പത്തൂരിലെത്തി' സനു പൊലീസിനു നൽകിയ മൊഴി.

വൈഗയുടേതു മുങ്ങി മരണമാണെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വൈഗയെ നിർബന്ധിച്ചു മദ്യം കഴിപ്പിച്ചതായിരിക്കാമെന്നാണു പൊലീസ് നിഗമനമെങ്കിലും മദ്യം നൽകിയില്ലെന്നാണ് സനുവിന്റെ മൊഴി.

നൂറോളം രേഖകൾ, 70 തൊണ്ടി സാധനങ്ങൾ

വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് കാക്കനാട് മജിസ്‌ട്രേട്ട് കോടതിയിൽ 2021 ജൂലൈയിൽ തൃക്കാക്കര പൊലീസ് ഇൻസ്‌പെക്ടർ കെ.ധനപാലൻ സമർപ്പിച്ചത്. 300 സാക്ഷി മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലവുമുൾപ്പെടെ നൂറോളം രേഖകളും 70 തൊണ്ടി സാധനങ്ങളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കി. ഇവയുടെ പട്ടികയും വിശദാംശങ്ങളും ഉൾപ്പെടെ 1,200 പേജുള്ള ഡിജിറ്റൽ ഫയലാണ് തൃക്കാക്കര പൊലീസ് കുറ്റപത്രത്തിന്റെ ഭാഗമായി തയാറാക്കിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ തീവ്ര യത്‌നം തന്നെ പൊലീസ് നടത്തി.

പ്രതി വിറ്റ കാറും മകളെ കൊന്ന ശേഷം അഴിച്ചെടുത്ത ആഭരണങ്ങളും തമിഴ്‌നാട്ടിൽ നിന്നാണ് വീണ്ടെടുത്തത്. പ്രതി ഉപേക്ഷിച്ച വസ്ത്രങ്ങൾ കർണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെടുത്തു. തെളിവുകൾ ഇല്ലാതാക്കാൻ പ്രതി ഉപേക്ഷിച്ച മൊബൈൽ ഫോണും വിറ്റ മറ്റൊരു ഫോണും പൊലീസ് കണ്ടെത്തിയിരുന്നു. എച്ച്എംടി ജംക്ഷനിൽ സനു ഉപേക്ഷിച്ച മൊബൈൽ ഫോൺ ബിഹാറിൽ നിന്നാണ് പൊലീസിനു ലഭിച്ചത്. കളമശേരിയിലെ ബിഹാറുകാരനായ സെക്യൂരിറ്റി ജീവനക്കാരനു കളഞ്ഞു കിട്ടിയ ഫോൺ നാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്‌റെ എന്നിവരുടെ മേൽനോട്ടത്തിൽ അസി.പൊലീസ് കമ്മിഷണർ ആർ.ശ്രീകുമാർ, ഇൻസ്‌പെക്ടർ കെ.ധനപാലൻ എന്നിവർ നയിച്ച സ്‌ക്വാഡാണ് രാജ്യ വ്യാപക അന്വേഷണത്തിന് നേതൃത്വം നൽകിയത്. കളമശേരി ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ, എസ്‌ഐമാരായ ഷമീർഖാൻ, അരുൺ, എഎസ്‌ഐ ഗിരീഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത് ബി.നായർ, എം.എസ്.ജാബിർ, മാഹിൻ അബൂബക്കർ, എം.എസ്.ഷെജീർ എന്നിവരായിരുന്നു സ്‌ക്വാഡിലെ അംഗങ്ങൾ.