ബെംഗളൂരു: വിവാഹംചെയ്തയച്ചിട്ടും പ്രണയബന്ധത്തിൽനിന്ന് പിന്മാറാതിരുന്ന മകളെ പിതാവ് തല്ലിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞു. 17കാരിയായ പെൺകുട്ടിയാണ് പിതാവിന്റെ കൈകളാൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. ശേഷം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വരുന്നത്.

കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തിൽ കഴിഞ്ഞ മേയിലാണ് സംഭവം നടന്നത്. എന്നാൽ ഇപ്പോഴാണ് ഈ ക്രൂരത പുറംലോകമറിയുന്നത്. പെൺകുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ മുസ്തൂരു സ്വദേശി രവിയെ (54) അറസ്റ്റ് ചെയ്തു. ഒന്നാംവർഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ അർച്ചിതയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

ബന്ധുവായ യുവാവുമായി അർച്ചിത പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഈ ബന്ധത്തെ രവി എതിർത്തു. എന്നാൽ മകൾ ഈ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പക്ഷേ, മകൾ ഭർതൃവീട്ടിൽ നിൽക്കാൻ കൂട്ടാക്കിയില്ല. അർച്ചിത ആദ്യബന്ധം ഫോൺ വഴി തുടരുകയുംചെയ്തു. ഇത് മനസ്സിലാക്കിയ ഭർത്താവ് രവിയെ വിളിച്ചുവരുത്തി മകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

രോഷാകുലനായ രവി മകളെ തന്റെ ഫാംഹൗസിൽ കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു. പിന്നീട് മകളെ കാണാതായതായി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ അന്വേഷണം നടത്തുന്നതിനിടെ പൊലീസിന് ആരോ അയച്ച കത്തിലെ വിവരങ്ങളിൽനിന്നാണ് കൊലക്കേസിന് തുമ്പുണ്ടാക്കാനായത്. മൃതദേഹം കത്തിച്ച സ്ഥലത്തെത്തി പൊലീസ് തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കുറ്റവും രവിയുടെപേരിൽ ചുമത്തിയതായി കോലാർ ജില്ലാ പൊലീസ് മേധാവി എം. നാരായൺ പറഞ്ഞു.