- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ തിരികെയെത്തിച്ചു; ഭാര്യയുടെ ആവശ്യപ്രകാരം കാമുകനെയും കൂടെ താമസിപ്പിച്ചു; ഉറങ്ങുന്നതിനിടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; 25കാരിയും കാമുകനും അറസ്റ്റിൽ
ഗസ്സിയബാദ്: ഗസ്സിയബാദിൽ ബൈക്ക് ടാക്സി ഡ്രൈവറായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഡിസംബർ 22നാണ് നഗരത്തിലെ ആളൊഴിഞ്ഞസ്ഥലത്ത് ശിവംഗുപ്ത (26) യുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശാസ്ത്രീയപരിശോധനക്കും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഭാര്യ പ്രിയങ്ക(25) കാമുകനായ ഗർജൻ യാദവ്(23) എന്നിവർ പിടിയിലായത്.
ശിവംഗുപ്ത തലേദിവസം രാത്രി ജോലിക്ക് പോയിട്ട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഭാര്യ പ്രിയങ്കയുടെ മൊഴി. തുടർന്ന് യുവാവിന്റെ കൊലപാതകത്തിൽ പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തിയതോടെയാണ് ഭാര്യയുടെയും കാമുകന്റെയും പങ്ക് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ ഇരുവരും കുറ്റംസമ്മതിക്കുകയും ചെയ്തു. ഇരുപത്തിമൂന്നുകാരനായ കാമുകനൊപ്പം തുടരാനാണ് ഭർത്താവിനെ വകവരുത്താൻ ഇരുപത്തിമൂന്നുകാരിയായ പ്രിയങ്ക തീരുമാനിച്ചത്.
പ്രിയങ്കയുടെ ആവശ്യപ്രകാരം കാമുകനായ ഗർജനും ദമ്പതിമാരുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇതേത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിൽ ഗർജൻ ബന്ധുവാണെന്നാണ് പ്രിയങ്ക ആദ്യം മൊഴിനൽകിയത്.
ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ ഏണിപ്പടികളിൽ പൊലീസ് സംഘം ചോരക്കറ കണ്ടെത്തിയിരുന്നു. എന്നാൽ, പത്തോളം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ ഇതുമാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം വെല്ലുവിളിയായി. തുടർന്നാണ് ദമ്പതിമാരുടെ വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. ഈ പരിശോധനയിൽ വീട്ടിൽനിന്ന് രക്തക്കറ തുടച്ചുകളഞ്ഞതിന്റെ തെളിവുകൾ ലഭിച്ചു. പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും വീട്ടിൽനിന്ന് കണ്ടെടുത്തു വീട്ടിലെ അരിക്കലത്തിൽ ഒളിപ്പിച്ചനിലയിലാണ് കത്തി കണ്ടെടുത്തത്.
ബൈക്ക് ടാക്സി ഡ്രൈവറായ ശിവംഗുപ്തയും ഭാര്യ പ്രിയങ്കയും രണ്ടുവയസ്സുള്ള മകളുമാണ് ഗസ്സിയാബാദിലെ ഒരുകിടപ്പുമുറി മാത്രമുള്ള വീട്ടിൽ താമസിച്ചിരുന്നത്. ഇതിനിടെ നേരത്തെ ബഹാരംപുരിൽ താമസിക്കുന്നതിനിടെ ദമ്പതിമാരുടെ അയൽക്കാരനായിരുന്ന ഗർജൻ യാദവുമായി പ്രിയങ്ക അടുപ്പത്തിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ പ്രിയങ്കയും ഗർജനും ഒളിച്ചോടി. രണ്ടുവയസ്സുള്ള കുഞ്ഞിനെയും യുവതി കൂടെക്കൂട്ടി.
ഉത്തർപ്രദേശിലെ ബല്ലിയയിലാണ് പ്രിയങ്കയും കുഞ്ഞും കാമുകനൊപ്പം കഴിഞ്ഞിരുന്നത്. ഒരുമാസത്തോളം ഭാര്യയെ കണ്ടെത്താനായി ശിവംഗുപ്ത ശ്രമം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചിരുന്നില്ല. എന്നാൽ, ഒരുമാസത്തിന് ശേഷം ശിവംഗുപ്ത വിളിച്ചപ്പോൾ ഭാര്യ ഫോണെടുത്തു. ഗർജനൊപ്പം ബല്ലിയയിലാണ് താമസമെന്നും വെളിപ്പെടുത്തി. ഇതോടെ ഭാര്യയെ തിരികെകൊണ്ടുവരാനായി ശിവംഗുപ്ത ഇവിടെയെത്തി.
എന്നാൽ, തിരികെ വരണമെങ്കിൽ കാമുകനെയും കൂടെക്കൂട്ടണമെന്നും ഒപ്പം താമസിപ്പിക്കണമെന്നുമായിരുന്നു പ്രിയങ്കയുടെ ആവശ്യം. ഭാര്യയോടും കുഞ്ഞിനോടുമുള്ള സ്നേഹം കാരണം ശിവംഗുപ്ത ഇതിന് സമ്മതംമൂളിയെന്ന് പൊലീസ് പറയുന്നു.
ദമ്പതിമാർക്കൊപ്പം ഭാര്യയുടെ കാമുകനും കൂടെ ഗസ്സിയാബാദിലെ ഒറ്റമുറി വീട്ടിൽ താമസം തുടങ്ങിയെങ്കിലും വൈകാതെ ഇതേച്ചൊല്ലി തർക്കങ്ങൾ ആരംഭിച്ചിരുന്നു. ഗർജനുമായുള്ള ബന്ധത്തെച്ചൊല്ലി ഇവർക്കിടയിൽ വഴക്കും അടിപിടിയും പതിവായി. ഇതോടെയാണ് പ്രിയങ്കയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഡിസംബർ 21-ന് ഉറങ്ങികിടക്കുന്നതിനിടെയാണ് ശിവംഗുപ്തയെ പ്രതികൾ കൊലപ്പെടുത്തിയത്. ഭർത്താവിനെ പ്രിയങ്ക ശ്വാസംമുട്ടിച്ചപ്പോൾ ഇതേസമയം ഗർജൻ കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. ശരീരമാസകലം കുത്തേറ്റ ശിവംഗുപ്ത മരിച്ചെന്ന് ഉറപ്പാക്കിയതോടെ പ്രതികൾ മൃതദേഹം പുതപ്പിൽ പൊതിഞ്ഞു. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞസ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വീട്ടിലെ രക്തക്കറയെല്ലാം പ്രതികൾ കഴുകികളഞ്ഞിരുന്നു. എന്നാൽ, ചോരക്കറകൾ കഴുകികളഞ്ഞത് ശാസ്ത്രീയപരിശോധനയിൽ കണ്ടെത്താനായതാണ് കേസിൽ നിർണായകമായത്.
മറുനാടന് മലയാളി ബ്യൂറോ