കൊല്ലം: കൊല്ലത്ത് മകൻ അച്ഛനെ കൊലപ്പെടുത്തിയത് സാമ്പത്തിക തർക്കത്തെ തുടർന്നുള്ള വഴക്കിന് പിന്നാലെ. കൊല്ലം മൂന്നാംകുറ്റി ജംക്ഷനിലെ സിറ്റിമാക്‌സ് കലക്ഷൻസ് ഉടമ, മങ്ങാട് അറുനൂറ്റി മംഗലം ഡിവിഷൻ താവിട്ട് മുക്ക് മാടൻകാവിനു സമീപം ഇന്ദ്രശിലയിൽ രവീന്ദ്രൻ (65) ആണു മരിച്ചത്. മകൻ അഖിലി(26)നെ കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തികത്തർക്കത്തെത്തുടർന്നു അഖിൽ അച്ഛനെ നഗരത്തിലെ സ്വന്തം സ്ഥാപനത്തിൽവച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കടയിലെ ജീവനക്കാരി പുറത്തെത്തി വിവരം അറിയിക്കുമ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 1.30നു മൂന്നാംകുറ്റിയിലെ ഇവരുടെ ഫാൻസി സ്റ്റോറിലാണു സംഭവം. പതിവു പോലെ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു. കടയിൽ വിൽപനയ്ക്കായി വച്ചിരുന്ന ബാറ്റ് കൊണ്ട് രവീന്ദ്രൻ അഖിലിനെ അടിച്ചു. പ്രകോപിതനായ അഖിൽ കടയിൽ ഉണ്ടായിരുന്ന ചുറ്റികയും സൈക്കിൾ പമ്പും കൊണ്ടു രവീന്ദ്രന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

ബോധരഹിതനായി വീണ ഇദ്ദേഹത്തെ കടയുടെ ഉള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയ ശേഷം അഖിൽ തറയിൽ കിടന്ന രക്തം കഴുകിക്കളഞ്ഞു. ഇതോടെ കടയിലെ ജീവനക്കാരി സമീപത്തെ സ്ഥാപനത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു. അവിടത്തെ ജീവനക്കാരും സമീപത്തെ കടക്കാരും എത്തിയപ്പോഴാണു രക്തത്തിൽ കുളിച്ചു കിടക്കുന്ന രവീന്ദ്രനെ കണ്ടത്. അപ്പോഴും അഖിൽ കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്നെന്നു പറയുന്നു. ജീവനക്കാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ഇന്നലെ രാവിലെ 11ന് ഇരുവരും തമ്മിൽ കടയിൽ വച്ചു വാക്കേറ്റം ഉണ്ടായി. ഉച്ചയോടെ ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും അതുകൊലപാതകത്തിലേക്ക് നീളുകമയുമായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രവീന്ദ്രന്റെ ഭാര്യ: പ്രശോഭ. മറ്റൊരു മകൻ: അർജുൻ.