- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചപ്പോൾ ഫോൺ എടുത്തില്ല; സഹകരണ സംഘം റിട്ടേണിങ് ഓഫീസർക്ക് നേരെ കൈയേറ്റ ശ്രമം നടത്തി ബ്ലോക്ക് പഞ്ചായത്തംഗം; റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തത് നിസാര വകുപ്പിട്ട്
പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന് ആരോപിച്ച് സഹകരണ സംഘം തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്ക് നേരെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ കൈയേറ്റ ശ്രമം. റിട്ടേണിങ് ഓഫീസർ പരാതി നൽകിയെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് നിസാരവകുപ്പിട്ട്. മറ്റു നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി റിട്ടേണിങ് ഓഫീസർ.
കഴിഞ്ഞ 21 ന് നടന്ന അയിരൂർ സർവീസ് സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. സിപിഎം കാലങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്ന സഹകരണ സംഘമാണിത്. റിട്ടേണിങ് ഓഫീസറായ സജിക്ക് നേരെയാണ് കൈയേറ്റ ശ്രമവും ഭീഷണിയും അസഭ്യ വർഷവും നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. സിപിഎം നേതാവും പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബി.എസ്. അനീഷ് മോനാണ് കൈയേറ്റത്തിന് ശ്രമിച്ചത്. ജില്ലാ സെക്രട്ടറി വിളിച്ചാൽ ഫോൺ എടുക്കാൻ നിനക്കെന്താടാ താമസം എന്ന് ചോദിച്ചാണത്രേ കൈയേറ്റത്തിന് മുതിർന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് ഉദ്യോഗസ്ഥനെ സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചത്. ആ സമയത്ത് സെക്രട്ടറി വിളിച്ചെങ്കിൽ അത് തീർച്ചയായും തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്താൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാകുമെന്നാണ് റിട്ടേണിങ് ഓഫീസറുടെ പക്ഷം. അതു കൊണ്ട് തന്നെ അദ്ദേഹം ഫോൺ എടുക്കാൻ തയാറായില്ല. അതിന് ശേഷം അനീഷ് മോനും ഇദ്ദേഹത്തെ വിളിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാൽ ആരുടെയും ഫോൺ വന്നത് റിട്ടേണിങ് ഓഫീസർ എടുത്തില്ല. ഇതാണ് ബ്ലോക്ക് പഞ്ചായത്തംഗത്തെ പ്രകോപിപ്പിച്ചത്.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് അനീഷ് മോൻ അടുത്തെത്തി കൈയേറ്റത്തിന് മുതിർന്നതും ഭീഷണി മുഴക്കിയതും. ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസർ നൽകിയ പരാതിയിൽ വൈകിയാണ് കേസെടുത്തത്.
അനീഷ് മോനെ പ്രതിയാക്കി നിസാരവകുപ്പുകൾ ചുമത്തി കോയിപ്രം പൊലീസ് എടുത്ത കേസിൽ റിട്ടേണിങ് ഓഫീസർ തൃപ്തനല്ല. ഡ്യൂട്ടി തടസപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ഇട്ട് കേസെടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ