- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റാക്രമണം നടത്തിയ കേസിലെ പ്രതി; പാക്കിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും മുഖ്യകണ്ണി; കാനഡയിലെ ഗുണ്ടാത്തലവനും ഖലിസ്ഥാൻ നേതാവുമായ ലഖ്ബീർ സിങ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: കാനഡയിലെ ഗുണ്ടാത്തലവനും ഖലിസ്ഥാൻ നേതാവുമായ ലഖ്ബിർ സിങ് ലാംഡയെ ഭീകരനായിപ്രഖ്യാപിച്ച് ഇന്ത്യ. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയമാണ് ലാംഡയെ ഭീകരവാദിയായി പ്രഖ്യാപിച്ചത്. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന ഖലിസ്ഥാനി സംഘത്തിന്റെ ഭാഗമാണ് 33-കാരനായ ലഖ്ബിർ സിങ് ലാംഡ എന്നാണ് റിപ്പോർട്ട്.
പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്ന സംഘത്തിന്റെ മേൽനോട്ടം ലഖ്ബിർ സിങ് ലാംഡയ്ക്കാണ്. 2022 മേയിലാണ് മൊഹാലി പൊലീസ് ഇന്റലിജൻസ് വിഭാഗം ആസ്ഥാനത്ത് സ്‌ഫോടനമുണ്ടായത്. പഞ്ചാബ് പൊലീസ് ലഖ്ബിർ സിങ് ലാംഡയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം മറ്റുപല ഭീകരപ്രവർത്തനങ്ങളും ലാംഡയുടെ പേരിലുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
2021ൽ മൊഹാലിയിലുള്ള പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുള്ള റോക്കറ്റ് ആക്രമണത്തിന്റെ ആസൂത്രകനാണ് ലാംഡ. താൻ തരണിലെ സർഹലി പൊലീസ് സ്റ്റേഷന് നേരെ 2022 ഡിസംബറിലുണ്ടായ ആർ.പി.ജി. ആക്രമണത്തിന് പിന്നിലും ഉയർന്നുകേട്ടത് ലാംഡയുടെ പേരായിരുന്നു. അമൃത്സറിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ കാറിന്റെ അടിയിൽ ഐ.ഇ.ഡി. ഘടിപ്പിച്ച സംഭവത്തിലും ലാംഡയാണ് കുറ്റാരോപിതൻ. ഇത് കൂടാതെ വേറെയും നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ട്.
പഞ്ചാബ് സ്വദേശിയായ ലാംഡ വർഷങ്ങളായി കാനഡയിലാണ്. ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നതിൽ ഇയാൾ സജീവമായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഇയാളുടെ അടുത്ത കൂട്ടാളികളുമായി ബന്ധമുള്ള 48 ഇടങ്ങളിൽ പഞ്ചാബ് പൊലീസ് പരിശോധന നടത്തുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 21-ന് ഒരു വ്യാപാരി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ലാംഡ ഹരികെ എന്ന് പേര് പറഞ്ഞയാൾ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായി വ്യാപാരി പറഞ്ഞിരുന്നു. ലഖ്ബിർ സിങ് ലാംഡയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
1989ൽ പഞ്ചാബിലെ ടാൻ താരൻ ജില്ലയിലാണ് ലഖ്ബിർ സിങ് ലാംഡ ജനിച്ചത്. 2017ൽ കാനഡയിലേക്കു കടന്നു. ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലിന്റെ (ബികെഐ) അംഗമാണ് ഇയാൾ. പാക്കിസ്ഥാനിൽ കഴിയുന്ന റിൻഡ എന്നറിയപ്പെടുന്ന ഹർവീന്ദർ സിങ് എന്ന ഭീകരനുമായി അടുത്ത ബന്ധമുണ്ട് ലാംഡയ്‌ക്കെന്നാണ് അന്വേഷണ ഏജൻസികളുടെ വിവരം. അതിർത്തികടന്ന് പഞ്ചാബിലേക്ക് ഐഇഡി, ആയുധങ്ങളും മറ്റ് വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവ കടത്തുന്നതിൽ ലാംഡയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
കാനഡയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് മേധാവി ഗുർപട്വന്ത് സിങ് പന്നുന്റെ സംഘടനയുമായും ലാംഡയ്ക്ക് അടുത്ത ബന്ധമുണ്ട്. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) ഭീകരൻ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറുമായും ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു.
മൊഹാലിയിലെ റോക്കറ്റാക്രമണത്തിന് വേണ്ട സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വിതരണം ചെയ്തത് ലഖ്ബിർ സിങ് ലാംഡയാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരാക്രമണങ്ങൾ, കൊലപാതകം, സ്‌ഫോടനം, ആയുധം കടത്തൽ, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കുറ്റങ്ങളിൽ പങ്കാളിയാണ് ലഖ്ബിർ സിങ് ലാംഡ. കാനഡയിലെ നിരവധി ഖലിസ്ഥാൻ സംഘങ്ങളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നതിൽ സജീവമായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഇയാളുടെ അടുത്ത കൂട്ടാളികളുമായി ബന്ധമുള്ള 48 ഇടങ്ങളിൽ പഞ്ചാബ് പൊലീസ് പരിശോധന നടത്തുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ലഖ്ബിർ സിങ് ലാംഡയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ