ന്യൂയോർക്ക്: യുഎസിലെ മാസച്യുസിറ്റ്‌സിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. രാകേഷ് കമൽ (57), ഭാര്യ ടീന (54), മകൾ അരിയാന (18) എന്നിവരെയാണ് മരിച്ചനിലയിൽ വ്യാഴാഴ്ച കണ്ടെത്തിയതെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ മൈക്കിൾ മോറിസെ അറിയിച്ചു. രാകേഷ് കമലിന്റെ മൃതദേഹത്തിനരികെനിന്ന് തോക്കു കണ്ടെടുത്തിട്ടുണ്ട്. 'ഗാർഹിക വിഷയമാണ്' കാരണമെന്ന് കരുതുന്നതായി പ്രാദേശിക പ്രോസിക്യൂട്ടർ അറിയിച്ചു. 

മസാച്ചുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റൺ നഗരത്തിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 32 കിലോമീറ്റർ അകലെയാണ് ഡോവർ. ടെക്ക് കമ്പനി മേധാവികളായ ദമ്പതികൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ അതിക്രമിച്ചുകയറിയതിന്റെ ഒരു അടയാളവും കാണാനില്ല. അതുകൊണ്ടുതന്നെ ഗാർഹിക പ്രശ്‌നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നതെന്നും മോറിസെ പറഞ്ഞു. 

മൂന്ന് കുടുംബാംഗങ്ങളും വെടിയേറ്റ് മരിച്ചതാണോ എന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. സംഭവത്തെ കൊലപാതകമോ ആത്മഹത്യയോ എന്ന് പരാമർശിക്കാതെ മെഡിക്കൽ എക്‌സാമിനറുടെ വിധിക്കായി കാത്തിരിക്കുകയാണെന്ന് മോറിസെ പറഞ്ഞു.

എന്നാൽ എങ്ങനെയാണ് ഇവർ മരിച്ചതെന്ന് മോറിസെ വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായോ ഗാർഹിക വിഷയങ്ങളോ മറ്റൊന്നും തന്നെയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ അയൽക്കാർ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.

ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദംനേടിയ ടീന കമൽ, ഹാർവഡ് സർവകലാശാലയിലും പഠിച്ചിരുന്നു. എഡ്യുനോവ എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു ടീന. ബന്ധുക്കൾ കുടുംബത്തെ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങൾ കുടുംബത്തിന് ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

ദമ്പതികൾ സമീപ വർഷങ്ങളിൽ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതായി ഓൺലൈൻ രേഖകൾ കാണിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കുടുംബാംഗങ്ങളിൽ നിന്നും യാതൊരു ഇടപെടലും ഉണ്ടാകാതിരുന്നതോടെ ഒരു ബന്ധു അവരെ അന്വേഷിച്ച് എത്തിയപ്പോഴാണ് അവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ജില്ലാ അറ്റോർണി പറഞ്ഞു.

കമൽ ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, എംഐടി സ്ലോൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. എഡ്യൂനോവയിൽ ജോലി ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം 'വിദ്യാഭ്യാസ-കൺസൾട്ടിങ് മേഖലയിൽ നിരവധി എക്‌സിക്യൂട്ടീവ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെഡറൽ കോടതയിൽ ടീന പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. 68 ലക്ഷം യുഎസ് ഡോളർ മൂല്യം വരുന്ന വീട് ടീനയ്ക്ക് 30 ലക്ഷം യുഎസ് ഡോളറിനു വിൽക്കേണ്ടി വന്നിരുന്നു. ബോസ്റ്റണിൽനിന്ന് 30 കി.മീ. ദൂരത്തിൽ ഡോവറിലുള്ള വീട്ടിൽ 27 മുറികളുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ക്രിസ്മസിനെ വരവേൽക്കാൻ വീട് അലങ്കരിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.