പട്ന: 'ഓൾ ഇന്ത്യ പ്രഗ്‌നന്റ് ജോബ് ഏജൻസി' എന്ന പേരിൽ രാജ്യത്തെ വിവിധ ഭാഗങ്ങളെ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ എട്ട് പ്രതികൾ പിടിയിൽ. പങ്കാളിയിൽ നിന്ന് ഗർഭം ധരിക്കാൻ സാധ്യതയില്ലാത്ത സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ശാരീരികബന്ധം കഴിഞ്ഞ് ഗർഭം ധരിച്ചില്ലെങ്കിലും അഞ്ചുലക്ഷം രൂപ സമാശ്വാസമായി ലഭിക്കുമെന്നും ഇവർ വാഗ്ദാനം ചെയ്തു. 

സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുമെന്ന് ഓൺലൈൻ പരസ്യം നൽകി നിരവധി പുരുഷന്മാരെ തട്ടിപ്പിന് ഇരയാക്കിയാണ് ഇവർ പണം കൈക്കലാക്കിയത്. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. 

കേട്ടാൽ തന്നെ ആരും അമ്പരന്നുപോകുന്ന ജോലി വാഗ്ദാനം നൽകിയാണ് ബിഹാറിലെ ഒരുസംഘം വൻ തട്ടിപ്പ് നടത്തിയിരുന്നത്. ഭർത്താവിൽനിന്നോ ജീവിത പങ്കാളിയിൽ നിന്നോ ഗർഭം ധരിക്കാൻ സാധ്യതയില്ലാത്ത സ്ത്രീകളെ ശാരീരികബന്ധത്തിലൂടെ ഗർഭം ധരിപ്പിക്കുകയെന്നതാണ് ജോലിയെന്ന് തട്ടിപ്പുസംഘം ആദ്യം അറിയിക്കും. സ്ത്രീ ഗർഭിണിയായാൽ 13 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കും. ഫലമുണ്ടായില്ലെങ്കിൽ അഞ്ചുലക്ഷം രൂപ സമാശ്വാസമായി നൽകുമെന്നും തട്ടിപ്പുകാർ വാഗ്ദാനം നൽകി.

തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പുസംഘത്തെ ബിഹാർ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. തട്ടിപ്പുസംഘത്തിൽപ്പെട്ട എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒട്ടേറെ രേഖകളും മൊബൈൽഫോണുകളും അടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മുന്ന കുമാർ എന്നയാളാണ് ഈ തട്ടിപ്പുസംഘത്തിന്റെ പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഒളിവിലുള്ള ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞദിവസത്തെ പരിശോധനയിൽ തട്ടിപ്പുസംഘത്തിൽ ഉൾപ്പെട്ട എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നായി ഒമ്പത് മൊബൈൽഫോണുകളും രണ്ട് പ്രിന്ററുകളും നിരവധി രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതെന്ന് അറസ്റ്റുകൾ സ്ഥിരീകരിച്ചുകൊണ്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കല്യാണ് ആനന്ദ് പറഞ്ഞു. നവാഡ ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിത്ഗുർമ ഗ്രാമത്തിലെ പ്രധാന പ്രതിയായ മുന്ന കുമാറിന്റെ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുകയും സംഘത്തിലെ എട്ട് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതി മുന്നകുമാർ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയ്ഡിനിടെ ചില പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ പ്രതിയുടെ പക്കൽ നിന്ന് ഒമ്പത് സ്മാർട്ട്‌ഫോണുകളും ഒരു പ്രിന്ററും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പിടികൂടിയ എട്ട് സൈബർ കുറ്റവാളികൾ ഉൾപ്പെടെ 26 പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എത്ര പേർ അധ്വാനിച്ചുണ്ടാക്കിയ പണം കബളിപ്പിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

വാട്സാപ്പ് വഴിയും സാമൂഹികമാധ്യമങ്ങൾ വഴിയുമാണ് ഇവർ ഇരകളായ പുരുഷന്മാരെ ബന്ധപ്പെടുന്നത്. ഭർത്താവിൽനിന്നും ജീവിതപങ്കാളിയിൽനിന്നും ഗർഭം ധരിക്കാൻ കഴിയാത്ത സ്ത്രീകളെ ശാരീരികബന്ധത്തിലൂടെ ഗർഭം ധരിപ്പിക്കുകയെന്നതാണ് ജോലിയെന്ന് തട്ടിപ്പുസംഘം ആദ്യം അറിയിക്കും. സ്ത്രീ ഗർഭിണിയായാൽ 13 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക.

ഇനി 'ജോലിചെയ്തിട്ടും' ഫലമുണ്ടായില്ലെങ്കിലും വിഷമിക്കേണ്ട, അഞ്ചുലക്ഷം രൂപ സമാശ്വാസസമ്മാനമായി നൽകുമെന്നും തട്ടിപ്പുകാരുടെ വാഗ്ദാനത്തിലുണ്ടായിരുന്നു. ജോലിക്കായി 799 രൂപ അടച്ച് രജിസ്ട്രേഷൻ ചെയ്യണമെന്നതാണ് തട്ടിപ്പുകാർ മുന്നോട്ടുവെയ്ക്കുന്ന ആദ്യനിർദ്ദേശം. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചുനൽകും. ഇതിൽനിന്ന് ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ മതിയെന്നും തട്ടിപ്പുകാർ അറിയിക്കും.

ഇഷ്ടപ്പെട്ട സ്ത്രീയെ തിരഞ്ഞെടുത്ത് മറുപടി അറിയിച്ചാൽ അടുത്തതായി 'സെക്യൂരിറ്റി ഡെപ്പോസിറ്റ്' എന്ന പേരിൽ നിശ്ചിതതുക അടയ്ക്കണമെന്നാണ് ആവശ്യപ്പെടുക. ഇത് 5000 രൂപ മുതൽ 20,000 രൂപ വരെ വരും. തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ സൗന്ദര്യത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക നിശ്ചയിക്കുന്നതെന്നാകും തട്ടിപ്പുസംഘത്തിന്റെ വിശദീകരണം.

അതിനാൽ സുന്ദരിമാർക്ക് കൂടുതൽ തുക നൽകേണ്ടിവരുമെന്നും ഇവർ അറിയിക്കും. ഒടുവിൽ ഈ പണവും നൽകി 'ജോലിക്കായി' കാത്തിരുന്നാലും പിന്നീട് വിളിയൊന്നും വരില്ല. ഒടുവിൽ കാത്തിരിപ്പ് നീണ്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലർക്കും ബോധ്യപ്പെട്ടത്. ഇതോടെയാണ് തട്ടിപ്പിന് ഇരയായവർ പരാതി നൽകിയത്.