പിറവം കക്കാടിനെ ഞെട്ടിച്ച കൊലയും ആത്മഹത്യയും നടന്നത് ശനിയാഴ്ച അർദ്ധ രാത്രിക്ക് ശേഷം. ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് നാടിനെയാകെ ഞെട്ടിച്ചു. തറമറ്റത്തിൽ ബേബി വർഗീസ് (55), ഭാര്യ സ്മിത (47) എന്നിവരാണു മരിച്ചത്. സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം ബേബി തൂങ്ങിമരിക്കുകയായിരുന്നു. പിറവത്തു നിന്ന് ഓണക്കൂറിലേക്കുള്ള റോഡിന്റെ സമീപത്താണു സംഭവം നടന്ന വീട്.

പരുക്കുകളോടെ അവശനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ ഇവരുടെ മക്കളായ ഫേബ (21), അന്ന (18) എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരാണ് ഇന്നലെ നേരം പുലർന്നതിനു ശേഷം വിവരം സമീപവാസികളെ അറിയിച്ചത്. ഇവരുടെ നില മെച്ചപ്പെട്ടു. രണ്ടു പേരും അപകട നില തരണം ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി കണ്ടെടുത്തു. മുറിയിലും പരിസരത്തും മണ്ണെണ്ണ തളിച്ചിട്ടുണ്ടായിരുന്നു. എല്ലാ കുടുംബാംഗങ്ങളേയും കൊല്ലുകയായിരുന്നു ബേബിയുടെ ലക്ഷ്യം.

എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്നയാളായിരുന്നു ബേബി. സാമ്പത്തികമായും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണു പറയുന്നത്. അമേരിക്കയിൽ വർഷങ്ങളോളം ജോലി ചെയ്തു നാട്ടിൽ തിരിച്ചെത്തി 10 വർഷം മുൻപാണു കക്കാട് സ്ഥലം വാങ്ങി ഇരുനില വീടു പണിതത്. മംഗളൂരുവിൽ നഴ്‌സിങ് കോളജിൽ ബിഎസ്സി നഴ്‌സിങ് വിദ്യാർത്ഥിനികളാണ് ഫേബയും അന്നയും. ക്രിസ്മസ് അവധിയിൽ ഒരാഴ്ച മുൻപാണ് ഇരുവരും നാട്ടിൽ എത്തിയത്. അതുകൊണ്ട് തന്നെ ബേബിയുടെ ക്രൂരത നാട്ടുകാർക്ക് ഉൾക്കൊള്ളാൻ ഇനിയും ആയിട്ടില്ല.

പുലർച്ചെ 4.45നു മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ഫേബയുടെ കഴുത്ത് മുറിക്കുന്നതിനു ബേബി ശ്രമിച്ചു. ഉറക്കമുണർന്ന ഫേബയും അന്നയും ബഹളം വച്ചതോടെ ഇവർക്കു നേരെ വാക്കത്തി വീശി. കൈകളിലും ചുമലിലും മുറിവേറ്റു. സ്മിതയെ കൊലപ്പെടുത്തിയെന്നും നമുക്കും മരിക്കാമെന്നും പറഞ്ഞു കൈവശം കരുതിയിരുന്ന മണ്ണെണ്ണ മുറിക്കുള്ളിലും ദേഹത്തും തളിച്ചു. ഇവർ മുകളിലത്തെ നിലയിൽ അഭയം തേടി. മുറിയിൽ കയറി കതകടച്ചു. അബോധാവസ്ഥയിലായ ഇരുവരും പുലർച്ചെ 8.30നാണു മയക്കം വിട്ടുണർന്നത്. പിന്നീടു സമീപത്തുള്ള വീട്ടിൽ വിവരം അറിയിച്ചു. മുറിയിൽ മക്കളും മരിച്ചുവെന്ന് കരുതിയാണ് ബേബി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

ഡിവൈഎസ്‌പി പി.ബി. വിജയന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. രാസപരിശോധന സംഘവും തെളിവു ശേഖരിച്ചു. മരണം സംബന്ധിച്ചു ബേബി എഴുതിയ കുറിപ്പു പൊലീസ് പരിശോധിക്കുന്നുണ്ട്. മുറിയുടെ ഭിത്തിയിൽ പേന ഉപയോഗിച്ചാണ് എഴുതിയിരുന്നത്. സമീപത്തു കുടുംബത്തിന്റെ ഫോട്ടോകളും ഒട്ടിച്ചിട്ടുണ്ടായിരുന്നു. തന്നെ ആരും സ്നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ബേബിയുടെ ചിന്തകളാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. വീട്ടിലെ ഡൈനിങ് ഹാളിന്റെ ഭിത്തിയിലാണ്് ബേബി ആത്മഹത്യാക്കുറിപ്പ് എഴുതിയത്.

തന്നെ ആരും സ്നേഹിച്ചില്ലെന്ന പരിഭവം അതിലുണ്ട്. തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാൽ താൻ നീതി നടപ്പാക്കുകയാണെന്നും കുറിപ്പിലുണ്ട്. തന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠനത്തിനായി വിട്ടുകൊടുക്കണമെന്നും ചെലവുകൾക്കായി രണ്ടുലക്ഷം രൂപ വെച്ചിട്ടുണ്ടെന്നും എഴുതിയിട്ടുണ്ട്. തന്നെ ചതിച്ച ഒരാളോടുള്ള വെറുപ്പും ശാപവചനമായി എഴുതിയിട്ടുണ്ട്. എല്ലാവർക്കും പുതുവർഷാശംസകളും എഴുതിവെച്ച ശേഷമാണ് ബേബി ഈ കടുംകൈ ചെയ്തത്. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമാണ് തറമറ്റത്തിൽ ബേബി വർഗീസിന്റേത്. പലർക്കും ബേബി പലിശയ്ക്ക് പണം കൊടുത്തിരുന്നു.

നന്നേ ചെറുപ്പത്തിൽ തന്നെ അമേരിക്കയ്ക്ക് പോയി മടങ്ങിവന്ന ശേഷമായിരുന്നു വിവാഹം. ഭാര്യ സ്മിത തിരുവാങ്കുളം മാമ്മല കരിമാങ്കുളത്തിൽ കുടുംബാംഗമാണ്. പിറവം തോട്ടഭാഗത്ത് വീട് വെച്ച് താമസിച്ച ബേബി വിവാഹത്തിനു ശേഷം ആ വീട് വിറ്റാണ് കക്കാട്ടിൽ സ്ഥലം വാങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീട് വെച്ചത്. ശനിയാഴ്ച രാത്രി പതിനൊന്ന് വരെ ബേബിയെയും മറ്റുള്ളവരെയും നല്ല സന്തോഷത്തോടെയാണ് കണ്ടതെന്ന് അയൽക്കാർ പറയുന്നു. തലേന്ന് പിറവത്ത് കുന്നേൽ പള്ളിയിലെ പെരുന്നാളായിരുന്നു.

രാത്രി വൈകി എല്ലാവരുമൊത്ത് അയൽ വീട്ടിലെത്തിയ ബേബി അവിടത്തെ കുട്ടിക്ക് പെരുന്നാൾ ആഘോഷിക്കാൻ പൈസയും നൽകിയിരുന്നു. രാത്രി ഏതാനും മണിക്കൂറുകൾ കൊണ്ട് എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്ക് ഇനിയും പിടികിട്ടിയില്ലെന്നതാണ് യാഥാർത്ഥ്യം. ഭാര്യയോടുള്ള സംശയമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ബെഡ്റൂമിൽ നിലത്ത് കിടക്കുന്ന രീതിയിലാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്.

വെട്ടാനുപയോഗിച്ച വാക്കത്തിയും മൃതദേഹത്തിനടുത്തു നിന്ന് കണ്ടെത്തി. മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളും മുറിയിലുണ്ട്. ഹാളിലും മുറിയിലും രക്തം കട്ടപിടിച്ചു കിടപ്പുണ്ട്. തൊട്ടടുത്തുള്ള മുറിയിലാണ് ബേബിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.