- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ പൊതുസ്ഥലത്തെ കുളം നികത്തി കുടിൽകെട്ടി ഭൂമാഫിയ; നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ അവഗണിച്ചു; പാലം മുതൽ ട്രെയിനിന്റെ എൻജിൻ വരെ മോഷണം പോയ ബിഹാറിലെ ഏറ്റവും പുതിയ കവർച്ച
ദർഭംഗ: ബിഹാറിൽ പൊതുസ്ഥലത്തെ കുളം രാത്രിയിൽ മണ്ണിട്ടുമൂടി ആ സ്ഥാനത്ത് കുടിൽകെട്ടി ഭൂമാഫിയ. പെട്ടെന്നൊരു ദിവസം കുളം അപ്രതക്ഷ്യമായതിന്റെ ഞെട്ടലിലാണ് ദർബംഗ ജില്ലയിലെ നാട്ടുകാർ. ഭൂമാഫിയയുടെ കയ്യേറ്റത്തിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടും അധികൃതർ അവഗണിച്ചതായാണ് ആക്ഷേപം. 60 അടി നീളമുള്ള പാലം മുതൽ ട്രെയിനിന്റെ എൻജിൻ വരെ മോഷണം പോയ ബിഹാറിൽ നിന്നുമാണ് 'കുളം' മോഷ്ടാക്കളുടെ വിവരവും പുറത്തുവരുന്നത്.
മീൻ പിടിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കുളം പൊതുസ്ഥലത്തായിരുന്നു. എന്നാൽ ജില്ലയിൽ ഭൂമിയുടെ വില ഉയരാൻ തുടങ്ങിയതോടെ ഭൂമാഫിയ കുളം കൈയേറാനുള്ള ശ്രമങ്ങളും തുടങ്ങി. ഒരിക്കൽ കുളം മണ്ണിട്ടുമൂടാനുള്ള ശ്രമം നടത്തിയപ്പോൾ ആ വിവരം നാട്ടുകാർ അധികാരികളെ അറിയിക്കുകയും നിശ്ചിത കാലത്തേക്ക് പണി നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് രാത്രിയിൽ ആരുമറിയാതെ മാഫിയ കുളംമൂടി കുടിൽ കെട്ടിയത്.
'പത്തു പതിനഞ്ച് ദിവസത്തിനുള്ളിലാണ് കുളം മണ്ണിട്ടുനികത്തിയതെന്നാണ് ആളുകൾ പറയുന്നത്. രാത്രിയിൽ മാത്രമാണ് പണി നടന്നിട്ടുള്ളത്. അധികൃതർ സ്ഥലം സന്ദർശിക്കുകയും ചില സാധനങ്ങൾ പിടികൂടുകയും ചെയ്തിട്ടുണ്ട്', സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അമിത് കുമാർ പറഞ്ഞു.
വിസ്താരമുള്ളതും നിരവധി മീനുകളുടെ ആവാസ സ്ഥലവുമായിരുന്ന കുളമാണ് ബിഹാറിലെ ദാർഭാംഗയിൽ കാണാതായിട്ടുള്ളത്. പൊതു സ്വത്തായ കുളത്തിൽ നാട്ടുകാർ മീൻ പിടിക്കാൻ പോവുന്നത് സാധാരണമായിരുന്നു. സ്ഥലത്തിന് വർധിച്ച് വരുന്ന വില മൂലം സ്ഥലം മാഫിയ അംഗങ്ങളാണ് കുളം അടിച്ച് മാറ്റിയതെന്നാണ് നാട്ടുകാരുടെ പരാതി. പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത രീതിയിൽ രാത്രിയിലായിരുന്നു കുളത്തിൽ മണ്ണ് നിറച്ചത്. കഴിഞ്ഞ ദിവസം രാവിലെ കുളത്തിൽ മീൻ പിടിക്കാനെത്തിയവർ കണ്ടത് കുളത്തിന് പകരമൊരു കുടിലായിരുന്നു.
നാട്ടുകാർ പരാതിപ്പെട്ടതിന് പിന്നാലെ കുടിലിലേക്ക് പൊലീസ് എത്തുന്നതിന് മുൻപ് കുടിലിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കുളം നിരപ്പാക്കിയാണ് കുടിൽ വച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയും കുളം മോഷണത്തിനുണ്ടായെന്നും ആരോപണമുണ്ട്.
രാത്രി കാലത്ത് നടന്ന കുളം നികത്തൽ ഉദ്യോഗസ്ഥർക്ക് തടയാമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നേരത്തെ 2022 നവംബറിലാണ് ബേഗുസാരായിൽ നിന്ന് ട്രെയിന്റെ എൻജിൻ കാണാതായാത്. യാർഡിലേക്ക് തുരങ്കമുണ്ടാക്കി എത്തിയ കള്ളന്മാർ പാർട്‌സുകളായാണ് എൻജിൻ കടത്തിയത്. ഈ വർഷം ആദ്യത്തിലാണ് റോഹ്താസ് ജില്ലയിൽ നിന്ന് 60അടി നാളമുള്ള പാലം മോഷണം പോയത്. ജെസിബികളും ഗ്യാസ് കട്ടറുകളുമായെത്തിയ മോഷ്ടാക്കൾ പാലം കഷ്ണങ്ങളായി മുറിച്ച് കടത്തുകയായിരുന്നു. ഇതിനായി 3 ദിവസമാണ് കള്ളന്മാരെടുത്തത്.
മറുനാടന് ഡെസ്ക്