- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; അയൽക്കാരനായ അടുത്ത സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ; ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ; 22കാരനെ കൊന്നത് തെറ്റിദ്ധാരണയാലെന്ന് പൊലീസ്
മുംബൈ: അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്താൽ അയൽക്കാരനായ അടുത്ത സുഹൃത്തിനെ 17കാരൻ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണ സംഭവം. അരിവാൾ ഉപയോഗിച്ചാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. 22കാരന്റെ മൃതദേഹം പാടത്തോട് ചേർന്നുള്ള കുടിലിൽനിന്നാണ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട യുവാവും 17-കാരനും വീടിനോട് ചേർന്നുള്ള പാടത്ത് രാത്രി കാവലിരിക്കാറുണ്ടായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നതിനാൽ രഞ്ജിത്ത് മാലി സ്ഥിരമായി 17-കാരന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. നേരത്തെ 17-കാരന്റെ ബന്ധുവുമായി രഞ്ജിത്ത് പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടിയുടെ വിവാഹം മറ്റൊരു യുവാവുമായി കഴിഞ്ഞ വർഷം നടന്നിരുന്നു.
ഏഴുവർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീ മകനൊപ്പമായിരുന്നു താമസം. അമ്മയേയും രഞ്ജിത്തിനേയും കുറച്ചു ദിവസങ്ങളായി താൻ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് 17-കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഇരുവർക്കുമിടയിൽ അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകത്തിന് മുതിർന്നതെന്നും 17-കാരൻ പൊലീസിനോട് പറഞ്ഞു.
കേസിൽ ഭാദ പൊലീസ് അന്വേഷണം നടത്തവെ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ചോദ്യംചെയ്തിരുന്നു. രഞ്ജിത്തിന് സുഹൃത്തിന്റെ അമ്മയും അയൽക്കാരിയായ 32-കാരിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ 11-ാം ക്ലാസിൽ പഠിക്കുന്ന 17-കാരനായ മകൻ അരിവാൾ മൂർച്ഛകൂട്ടാനായി സുഹൃത്തിന്റെ സഹായം തേടിയിരുന്നതായി വിവരം ലഭിച്ചു. പ്രാഥമിക ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. എന്നാൽ, പിന്നീട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
എന്നാൽ കുട്ടിയുടെ അമ്മയും രഞ്ജിത്തും പ്രണയത്തിലായിരുന്നില്ലെന്നും അവിഹിത ബന്ധം പുലർത്തിയിരുന്നില്ലെന്നും തെറ്റിദ്ധാരണകളടേയും ചില കിംവദന്തികളുടേയും അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നും ഭാദ പൊലീസ് വ്യക്തമാക്കി. രഞ്ജിത്തിന്റേയും കുട്ടിയുടെ അമ്മയുടേയും ഫോൺ രേഖകൾ പരിശോധിച്ചു. അമ്മയെ വിശദമായി ചോദ്യംചെയ്തു. ഇരുവരും ചാറ്റ് ചെയ്യാറുണ്ടായിരുന്നെങ്കിലും മറ്റു ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭാദ പൊലീസ് സ്റ്റേഷൻ മേധാവി ബാലാസാഹേബ് ഡോംഗ്രേ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ