കൊച്ചി: ജെസ്‌നയെ കണ്ടെത്തണമെന്ന നിലപാടിൽ കുടുംബം. ഇതിന് വേണ്ടി നിയമ പോരാട്ടം അവർ തുടരാനാണ് സാധ്യത. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചെന്ന് അറിയണമെന്നും കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് തന്നെ വ്യക്തമാക്കി. തെളിവുകളുടെ അഭാവത്തിൽ ജെസ്‌ന കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചു. ഇക്കാര്യത്തിൽ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകും. ഈ സാഹചര്യത്തിലാണ് ജെസ്‌നയുടെ കുടുംബത്തിന്റെ പ്രതികരണം.

സിബിഐ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല, തെളിവ് ലഭിച്ചാൽ തുടരന്വേഷണം ഉണ്ടാകും. ഇന്റർപോളിന്റെയും ആധാറിന്റെയും സഹായത്തോടെ കൃത്യമായ അന്വേഷണം നടന്നു. ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടുണ്ടായെന്നും തന്നെയും സംശയമുനയിൽനിർത്തി അന്വേഷണം പലവഴിക്ക് പോയെന്നും ജയിംസ് ജോസഫ് പറഞ്ഞു.

മകളുടെ തിരോധാന കേസിൽ തന്നെയും സംശയമുനയിൽ നിർത്തി അന്വേഷണം പലവഴിക്കു പോയി. എന്നാൽ സിബിഐ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിഞ്ഞു. ജെസ്‌ന ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. കോടതിയെ സമീപിച്ച് ഉത്തരവ് നേടി നുണപരിശോധനയ്ക്കു വിധേയനായി. പൊലീസ് സംശയമുനയിൽനിർത്തിയ ജെസ്‌നയുടെ സുഹൃത്തും അതിനു തയാറായെന്നും ജെയിംസ് ജോസഫ് പറഞ്ഞു. രണ്ടു പേരും അങ്ങനെ കുറ്റവിമുക്തി നേടി.

നിലവിൽ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ തെളിവ് ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കാമെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും പരാജയപ്പെട്ടതോടെയാണ് കേസ് സിബിഐയിലേക്ക് എത്തിയത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർത്ഥിനിയായിരുന്ന ജെസ്‌നയെ 2018 മാർച്ച് 22-നാണ് കാണാതാകുന്നത്. സ്വന്തം വീട്ടിൽ നിന്നും പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന എരുമേലി വരെ എത്തിയിരുന്നതായി തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് അപ്രത്യക്ഷമായി.

ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ തുടങ്ങിയ അടിസ്ഥാന സംശയങ്ങൾക്ക് പോലും ഉത്തരമില്ലെന്ന സ്ഥിതയാണ് നിലവിലുള്ളത്. 2018 മാർച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാർത്ഥിനിയുമായ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ജെസ്‌ന മുണ്ടക്കയം ബസ് സ്റ്റാന്റിലൂടെ നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വരെ ലഭിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചൂവെന്നതിന് ഒരു തെളിവുമില്ല. ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ ജെസ്‌നയേക്കുറിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. പക്ഷെ കണ്ടെത്തിയില്ല.

പിന്നാലെ സിബിഐ കേസേറ്റെടുത്തെങ്കിലും ക്രൈംബ്രാഞ്ച് നിഗമനങ്ങൾ തള്ളി. തച്ചങ്കരി അവകാശപ്പെട്ടതുപോലെ നിർണായക തെളിവൊന്നും ലഭിച്ചില്ലെന്നാണ് സിബിഐ പറയുന്നത്. തെളിവില്ലെന്നും നിർണായക വിവരം ലഭിക്കാതെ ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ് റിപ്പോർട്ട് കോടതിയിൽ നൽകിയത്. കോടതി റിപ്പോർട്ട് അംഗീകരിച്ചാൽ ജെസ്‌ന തിരോധാനം ദുരൂഹതയായി തുടരും.