ചെന്നൈ: തമിഴ്‌നാട്ടിൽ സുകുമാരകുറുപ്പ് മോഡൽ കൊലപാതകം. തന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ വകവരുത്തിയ യുവാവും രണ്ട് സഹായികളും അറസ്റ്റിൽ. ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണൻ (38)ണ് അറസ്റ്റിലായത്. ഡൽഹിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീർത്തി രാജൻ (23), ഹരികൃഷ്ണൻ (32) എന്നിവരും പിടിയിലായി.

ഇൻഷ്വറൻസുകാരെ കബളിപ്പിച്ച് പണം തട്ടുക എന്ന ഉദ്യേശത്തോടെ സുരേഷ് അടുത്തിടെ ഒരുകോടിരൂപയുടെ ഇൻഷ്വറൻസ് എടുത്തു. താൻ മരണപ്പെട്ടു എന്ന് കാട്ടി തുക തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. സുരേഷിന്റെ രൂപ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി പലയിടത്തും അന്വേഷണം നടത്തിയെങ്കിലും യോജിച്ച ആളെ കണ്ടെത്താനായില്ല.

തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ഇതുകൊണ്ട് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം തന്റെ സമാന ശാരീരിക സാമ്യവും പ്രായവുമുള്ള ഒരാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.

പത്ത് വർഷം മുമ്പ് സുഹൃത്തായിരുന്ന അയനാവരം സ്വദേശിയും പിന്നീട് എന്നൂരിന് അടുത്തുള്ള എറണാവൂർ സുനാമി സെറ്റിൽമെന്റിലേക്ക് താമസം മാറുകയും ചെയ്ത ഡൽഹിബാബുവിന്റെ കാര്യം സുരേഷിന് ഓർമ വന്നു. ഇയാളെ കണ്ടെത്തിയ സുരേഷ് ഡൽഹിബാബുവും അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇവരുടെ വീട്ടിൽ സ്ഥിരം സന്ദർശകനുമായി.

സെപ്റ്റംബർ 13ന് മൂവരും ചേർന്ന് ഡൽഹിബാബുവിനെ മദ്യപാനത്തിനായി പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.തുടർന്ന് ചെങ്കൽപ്പേട്ടിന് സമീപത്തെ ഒരു വിജനമായ സ്ഥലത്ത് ഡൽഹിബാബുവിനെ എത്തിച്ച സംഘം, ഇവിടെ നേരത്തെ തന്നെ തയാറാക്കിയ ചെറിയ ഷെഡ്ഡിലേക്ക് കൊണ്ടുപോവുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. സെപ്റ്റംബർ 15ന് രാത്രി മദ്യപിച്ച് അവശനായിരുന്ന ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇവർ ഷെഡ്ഡിന് തീയിട്ട് കടന്നുകളയുകയായിരുന്നു. പൊള്ളലേറ്റ ഡൽഹി ബാബു വെന്തുമരിച്ചെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് ഡൽഹിബാബു വീട്ടിലേക്ക് തിരിച്ചെത്താതായതോടെ അമ്മ ലീലാവതി എന്നൂർ പൊലീസ് സ്റ്റേഷനിൽ തിരോധാന പരാതി നൽകി. നടപടിയുണ്ടാവാതിരുന്നതോടെ അവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, സുരേഷിനെ കാണാതായതോടെ തീപിടിത്തത്തിൽ മരിച്ചതായി കുടുംബം കരുതി. അന്ത്യകർമങ്ങളും ചെയ്തു. തുടർന്ന് ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനിടെയാണ് കാര്യങ്ങൾ ആകെ തകിടം മറിയുന്നത്.

സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. പ്രതിയുടെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചു. സുരേഷിന്റെ സഹോദരി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. ജീവനൊടുക്കിയതാണെന്ന എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിച്ചു. ഇതോടെ സുരേഷിന്റെ പദ്ധതികളെല്ലാം പാളിപ്പോകുകയായിരുന്നു. ആത്മഹത്യ ചെയ്തവർക്ക് ഇൻഷുറൻസ് ക്ലെയിമിന് അവകാശമില്ലെന്ന ചട്ടമാണ് സുരേഷിന്റെ പദ്ധതികൾക്ക് തിരിച്ചടിയായത്.

സെപ്റ്റംബർ 16ന് ചെങ്കൽപ്പേട്ടിലെ പറമ്പിലെ തീപിടിച്ച ഷെഡ്ഡിനുള്ളിൽ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മരിച്ചത് സുരേഷാണെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇത് സുരേഷാണെന്ന് തിരിച്ചറിഞ്ഞെന്നും സഹോദരി മൃതദേഹം ഏറ്റുവാങ്ങിയതെന്നും ശവസംസ്‌കാരം നടത്തിയെന്നും പൊലീസ് പറഞ്ഞു.

സുരേഷിനൊപ്പം പോയശേഷമാണ് മകനെ കാണാതായതെന്നാണ് ലീലാവതി പരാതിയിൽ പറഞ്ഞത്.പരാതി നൽകിയെങ്കിലും അതിൽ തുടർ നടപടികൾ ഒന്നും ഉണ്ടാകാതെ വന്നതോടെ ലീലാവതി കോടതിയെ സമീപിച്ചു. കോടതി ഇടപെടൽ ഉണ്ടായതോടെ അന്വേഷണം ഊർജിതമായി. കാണാതായ ദിവസം സുരേഷിനൊപ്പമാണ് ദിലിബാബു പുറത്തുപോയെന്ന ലീലാവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം മുന്നോട്ടുപോയത്.

തുടർന്ന് രണ്ടുപേരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതോടെ സംഭവ ദിവസം ഇരുവരും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായി. തുടർന്ന് സുരേഷിന്റെ സുഹൃത്തുക്കളെ കണ്ടെത്തിയ പൊലീസ് അവരെ വിശദമായി ചോദ്യംചെയ്‌തോടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരേഷിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരക്കോണത്ത് ഒളിവിൽ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീർത്തി രാജനേയും ഹരികൃഷ്ണനെയും കണ്ടെത്തുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ തങ്ങൾ ഡൽഹിബാബുവിനെ കൊലപ്പെടുത്തിയെന്ന് മൂവരും കുറ്റസമ്മതം നടത്തി. ഇൻഷുറൻസ് തുകയായ ഒരു കോടിയിൽ 20 ലക്ഷം വീതം കീർത്തിരാജനും ഹരികൃഷ്ണനും നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും സുരേഷ് വെളിപ്പെടുത്തി. തുടർന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരാന്തകം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

സുകുമാരക്കുറുപ്പ്

1984 ജനുവരി 21നാണ് സുകുമാരക്കുറുപ്പ് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആലപ്പുഴ ചെങ്ങന്നൂരിനടുത്തുള്ള കൊല്ലകടവ് എന്ന സ്ഥലത്തുവച്ചായിരുന്നു ഇത്. കാറിൽ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരം തന്റെ കാറിലിട്ട് ചുട്ടുകരിക്കുകയായിരുന്നു.താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷ്വറൻസ് തുകയായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു പദ്ധതി. പക്ഷേ, പൊലീസ് അന്വേഷണം എല്ലാം പൊളിച്ചു.

കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികൾ അറസ്റ്റിലായി.ഇവർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടുകയും ചെയ്തു.പക്ഷേ, സുകുമാരക്കുറുപ്പ് എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. പലയിടത്തുവച്ചും സുകുമാരക്കുറുപ്പിനെ കണ്ടെന്നും അയാൾ മരിച്ചെന്നുമുള്ള കഥകൾ പ്രചരിച്ചിരുന്നു. പക്ഷേ, സുകുമാരക്കുറുപ്പ് ഇപ്പോഴും കാണാമറയത്തുതന്നെയാണ്.