- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൃഷ്ണ ജൂവലറി തട്ടിപ്പിൽ മുൻ അക്കൗണ്ടന്റിനെ ഇഡി ചോദ്യം ചെയ്തു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ താവക്കരയിൽ പ്രവർത്തിക്കുന്ന കൃഷ്ണ ജൂവലറിയിൽ നിന്നും ഏഴരകോടിയുടെസാമ്പത്തിക വെട്ടിപ്പു നടത്തിയ കേസിൽ ആരോപണ വിധേയയായ മുൻചീഫ് അക്കൗണ്ടന്റ് കെ.സിന്ധുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോഴിക്കോട് ഇ.ഡി ഓഫീസിൽ നിന്നാണ് ഇവരെ ചോദ്യം ചെയ്തത്.
ജൂവലറി കേന്ദ്രീകരിച്ചു അനധികൃത കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന പരാതിയിൽ കോഴിക്കോട് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നേരത്തെ സിന്ധുവിന് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മാസം സിന്ധുവിന്റെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. സ്വത്ത് സംബന്ധമായ വിവരങ്ങളും സിന്ധുവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഉൾപ്പെടെ ഇഡി മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഇവർ ബുധനാഴ്‌ച്ച രാവിലെ കോഴിക്കോട്ടുള്ള ഓഫീസിലെത്തിയത്.
കൃഷ്ണ ജൂവലറി മാനേജ്‌മെന്റിന്റെ പരാതിയിൽ സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായിരുന്ന സിന്ധുവിനെതിരെയുള്ള കേസ് ആദ്യം അന്വേഷിച്ചത് കണ്ണൂർ ടൗൺ പൊലിസാണ്. തുടർന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് കോടികളുടെ വെട്ടിപ്പിൽ ഇഡിയും അന്വേഷണം നടത്തുന്നത്.
ജി. എസ്. ടി അടയ്ക്കുന്നതിൽ കൃത്രിമത്വം കാണിച്ചു ഇവർ ഏകദേശം ഏഴരകോടി രൂപ ജൂവലറിയിൽ നിന്നും തട്ടിയെടുത്തുവെന്നാണ് എം.ഡി സി.വി രവീന്ദ്രനാഥ് കണ്ണൂർ ടൗൺ പൊലിസിൽ നൽകിയ പരാതി. സംഭവത്തിനു ശേഷം ഇവർ ദുബായിലേക്ക് മുങ്ങുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി ഇതു തള്ളുകയും പൊലിസിനു മുൻപിൽ ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു ശേഷമാണ് ഇവരെ തുടർച്ചയായി മൂന്ന് ദിവസം കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി. എ ബിനുമോഹന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
അന്വേഷണ റിപ്പോർട്ട് പൊലിസ് ഹൈക്കോടതിയിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ വൻതട്ടിപ്പാണ് ജൂവലറി കേന്ദ്രീകരിച്ചു നടന്നതെന്ന നിഗമനമാണ് പൊലിസ് കൈമാറിയതെന്നാണ് സൂചന. 24- കോടി രൂപയുടെ തിരിമറി ജൂവലറി കേന്ദ്രീകരിച്ചു നടന്നതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇതോടെയാണ് കേസ് അന്വേഷണം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് നൽകാൻ തീരുമാനിച്ചത്. 2014-ൽ ജൂവലറിയിലെ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്ത സിന്ധു തന്റെ മാതാവിന്റെയും ഭർത്താവിന്റെയും അക്കൗണ്ടുകളിലേക്കും സ്വന്തം അക്കൗണ്ടിലേക്കും പണം ആരുമറിയാതെമാറ്റിതട്ടിയെടുത്തുവെന്നാണ് പരാതി.
ജി. എസ്.ടി ഇനത്തിൽ അടയ്ക്കേണ്ട മൂന്നുകോടിയും തട്ടിയെടുത്ത് ജൂവലറിയിൽ മാനേജ്മെന്റ് മാറിയതുമായി ബന്ധപ്പെട്ട കണക്കെടുപ്പിലാണ് ക്രമക്കേട് വ്യക്തമായി.കണ്ണൂരിലെ പ്രമുഖ ധനകാര്യ കൺസൾട്ടൻസി സ്ഥാപനമാണ് കണക്കെടുപ്പ് നടത്തിയത്. ഈ സ്ഥാപനത്തിലെ മേധാവിയെ സിന്ധു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതേതുടർന്ന് കണ്ണൂർ ടൗൺ പൊലിസ് ഇയാൾക്ക് സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.