ബെംഗളൂരു: ബെംഗളൂരുവിൽ 14-കാരിയായ വിദ്യാർത്ഥിനിയുടേയും സ്‌കൂൾ ബസ് ഡ്രൈവറുടെയും മൃതദേഹം റെയിൽവേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. അതിനിടെ കേസിൽ സ്‌കൂൾ മാനേജ്മെന്റിനെതിരേ കേസെടുത്തു. വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയാണ് ഇതിന് കാരണം. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ അജ്ജംപുരിലാണ് സംഭവം.

ഡ്രൈവർക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നൽകിയിട്ടും സ്‌കൂൾ അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രൈവർ നിരന്തരമായി പ്രണയാഭ്യർഥന നടത്തിയിരുന്നു. കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർക്ക് കുട്ടിയുടെ പിതാവ് ഒരു പരാതി സമർപ്പിച്ചിരുന്നു. ഒക്ടോബറിലായിരുന്നു പരാതി നൽകിയത്. എന്നാൽ ഇത് സ്‌കൂൾ മാനേജ്‌മെന്റ് അവഗണിച്ചു.

പരാതിയിൽ ഡ്രൈവർക്കെതിരായി നടപടികളൊന്നും സ്വീകരിക്കാൻ അവർ തയ്യാറായില്ല. വിഷയം പൊലീസിൽ അറിയിക്കാൻ സ്‌കൂൾ മാനേജ്മെന്റ് തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയായ കുട്ടിയെ അതിന്റെ സമ്മതത്തോടെ പോലും ഒന്നും ചെയ്യാൻ പാടില്ല. അതുകൊണ്ട് തന്നെ പോക്‌സോ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ഇത്. സ്‌കൂൾ മാനേജ്‌മെന്റിന് പരാതി കിട്ടിയിട്ടും അവർ വേണ്ട ഗൗരവം കാട്ടിയില്ല. ഇതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായത്.

ഡിസംബർ 31-ന് രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നും പുസ്തകം വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞായിരുന്നു കുട്ടി വീട് വിട്ടിറങ്ങിയത്. എന്നാൽ, രാത്രി വൈകിയും കുട്ടി തിരിച്ചെത്താതായതോടെ പിതാവ് പൊലീസിൽ പരാതി സമർപ്പിച്ചു. പിന്നാലെ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹം റെയിൽവേ പാളത്തിന് സമീപം കണ്ടെത്തിയത്.

അജ്ജംപുരയ്ക്കടുത്തുള്ള ഗിരിയാപുരയിലെ ഒരു സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി, ബസ് ഡ്രൈവറുടെ അനിഷ്ടകരമായ പ്രണയാഭ്യർത്ഥനയെ കുറിച്ച് മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് തന്റെ മകൾ നേരിട്ട പീഡനം വിശദീകരിച്ച് സ്‌കൂളിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ കാര്യമായ നടപടിയെടുക്കുന്നതിൽ സ്‌കൂൾ മാനേജ്മെന്റ് അവഗണന കാണിക്കുകയും അധികൃതരെയോ ശിശുസംരക്ഷണ യൂണിറ്റിനെയോ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

സ്‌കൂൾ മാനേജ്മെന്റിനും ബസ് ഡ്രൈവർക്കും എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 305 (ആത്മഹത്യ പ്രേരണ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.