മുംബൈ: ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും മോട്ടോർ വാഹന വകുപ്പിലെ രണ്ട് ഇൻസ്പെക്ടർമാരും ലൈംഗികമായി പീഡിപ്പിച്ചെന്ന പേരിൽ എട്ടു വനിതാ പൊലീസുകാരുടെ പേരിൽ പ്രചരിച്ച കത്ത് വ്യാജമെന്ന് അന്വേഷണ സംഘം. അത്തരം സംഭവം നേരിട്ടിട്ടില്ലെന്നും അത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്നും വനിതാ ഉദ്യോഗസ്ഥർ അറിയിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. അതേ സമയം കത്ത് സോഷ്യൽമീഡിയകളിൽ പ്രചരിച്ചതോടെ ഭയത്തിലാണ് തങ്ങളെന്ന് വനിതാ ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി.

ശനിയാഴ്ചയാണ് ആഭ്യന്തരവകുപ്പിനെ ഞെട്ടിച്ച് കൊണ്ടുള്ള കത്ത് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മുംബൈ പൊലീസ് കമ്മീഷണർ തുടങ്ങിയവർക്കും കത്തിന്റെ പകർപ്പ് ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ ഔദ്യോഗിക വസതികളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വനിതാ പൊലീസുകാരുടെ പേരിലുള്ള കത്തിൽ പറയുന്നത്.

പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും മൂന്ന് പേജിലുള്ള കത്തിൽ പറയുന്നു. "പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് അവർ തങ്ങളെ മുതലെടുക്കുകയായിരുന്നു. ഡിസിപിയുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചാണ് മൂന്നു പേരും ഞങ്ങളെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസിപി ഓഫീസിനുള്ളിൽ വച്ചും ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. രാത്രിയിൽ മദ്യലഹരിയിൽ, ഞങ്ങളോട് നഗ്‌നചിത്രങ്ങൾ അയയ്ക്കാൻ ആവശ്യപ്പെട്ടു."-കത്തിൽ പറയുന്നു.

എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച കത്തിലെ ആരോപണങ്ങൾ നിഷേധിച്ച് പരാമർശിക്കപ്പെട്ട ആറ് വനിതാ ഉദ്യോഗസ്ഥരും രംഗത്ത് വരികയായിരുന്നു. അത്തരമൊരു ദുരനുഭവം നേരിട്ടിട്ടില്ലെന്നാണ് ഇവർ അറിയിച്ചത്. 'സംഭവം ഗുരുതരമാണ്. കത്ത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിൽ പേരുള്ള എട്ടു വനിതാ ഉദ്യോഗസ്ഥരിൽ ആറും പേരും അത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേർ അവധിയിലാണ്. ആരാണ് കത്ത് എഴുതിയതെന്നത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.' മാട്ടുംഗ മേഖലയിൽ നിന്ന് സ്പീഡ് പോസ്റ്റ് വഴിയാണ് കത്ത് അയച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ ജയ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കത്തുകൾ പ്രചരിച്ചതോടെ ഭയത്തിലാണ് തങ്ങൾ കഴിയുന്നതെന്ന് വനിതാ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. കുടുംബത്തിൽ നിന്നും മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഫോൺ കോളുകൾ വരുന്നുണ്ട്. കത്തിലെ ഉള്ളടക്കം ശരിയാണെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. ബലാത്സംഗം ചെയ്തെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടിട്ടില്ല. സംഭവത്തിൽ പരാതി നൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് എഴുതിയതായി സംശയിക്കുന്നവരുടെ പേരുകൾ സൂചിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച തന്നെ പരാതി നൽകാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥ പറഞ്ഞു.