- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തിൽ പൊറുതിമുട്ടി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകി അഞ്ഞൂറോളം വിദ്യാർത്ഥിനികൾ; വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം
ചണ്ഡിഗഡ്: കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തിൽ പൊറുതിമുട്ടിയെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവർക്ക് അടക്കം അഞ്ഞൂറോളം വിദ്യാർത്ഥിനികളുടെ കത്ത്. ഹരിയാനയിൽ സിർസയിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ചൗധരി ദേവി ലാൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആരോപണവിധേയനായ പ്രഫസറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും ഇയാൾക്കെതിരായ പരാതി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നുമാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിയുടെ പകർപ്പ് വൈസ് ചാൻസലർ ഡോ. അജ്മിർ സിങ് മാലിക്, ഹരിയാന ഗവർണർ ഭണ്ഡാരു ദത്താത്രേയ, ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ എന്നിവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്കും കൈമാറിയിട്ടുണ്ട്.
പരിധിവിട്ട പെരുമാറ്റത്തിലൂടെ പ്രഫസർ ലൈംഗികാതിക്രമം നടത്തിയെന്നാണു വിദ്യാർത്ഥിനികൾ പരാതിയിൽ ആരോപിക്കുന്നത്. വിദ്യാർത്ഥിനികളെ ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ച് ശുചിമുറിയിൽ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നതായി വിദ്യാർത്ഥിനികൾ പരാതിയിൽ വിശദീകരിച്ചു. പ്രഫസർക്കെതിരെ പ്രതിഷേധിക്കാൻ പലതവണ തയ്യാറെടുത്തെങ്കിലും തീർത്തും മോശം അനന്തര ഫലങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
മാസങ്ങളായി ആരോപണവിധേയനായ പ്രഫസർ ഇത്തരം കാര്യങ്ങൾ ചെയ്തുവരികയാണെന്നും പരാതിയിലുണ്ട്. പുറമേ തികച്ചും മാന്യനായി ചമയുന്ന പ്രഫസറിനെക്കുറിച്ച് മറ്റാർക്കും സംശയങ്ങളില്ലെന്നും വിദ്യാർത്ഥിനികൾ ചൂണ്ടിക്കാട്ടി. പരാതി ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട് സുപ്രധാന തെളിവുകളായ സിസിടിവി ദൃശ്യങ്ങൾപ്പോലും പ്രഫസർ ഇടപെട്ട് നശിപ്പിച്ചതായി പെൺകുട്ടികൾ ആരോപിച്ചു.
പ്രഫസർക്കെതിരെ പരാതിയുമായി വൈസ് ചാൻസലറെ സമീപിച്ചെങ്കിലും പരാതിക്കാർക്കൊപ്പം നിൽക്കുന്നതിനേക്കാൾ അവരെ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയാണ് വൈസ് ചാൻസലർ ചെയ്തതെന്നും വിദ്യാർത്ഥിനികൾ ആരോപിച്ചു. ആരോപണവിധേയനായ പ്രഫസറുടെ രാഷ്ട്രീയ സ്വാധീനമാണ് ഇതിനു കാരണമെന്നും അവർ കുറ്റപ്പെടുത്തി.
പരീക്ഷകളിൽ കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്ത് പ്രതിഷേധങ്ങളുടെ മുനയൊടിക്കാനും വൈസ് ചാൻസലർ ശ്രമിച്ചതായി പരാതിയിലുണ്ട്. അതേസമയം, പ്രഫസർക്കെതിരെ പരാതി ലഭിച്ചതായി യൂണിവേഴ്സിറ്റി രജിസ്റ്റ്രാർ ഡോ. രാജേഷ് കുമാർ ബൻസൽ സ്ഥിരീകരിച്ചു
പേര് വെളിപ്പെടുത്താത്ത കുട്ടികളുടെ പേരിലുള്ള പരാതി ലഭിച്ചതായാണ് സർവകലാശാലാ രജിസ്ട്രാർ പറഞ്ഞത്. പൊലീസ് അന്വേഷിക്കുകയാണ്. ഇത്തരം ആരോപണങ്ങൾ അന്വേഷിക്കാൻ സർവകലാശാലയ്ക്കും സ്വന്തം സംവിധാനമുണ്ട്. ഗുരുതരമായ ആരോപണമാണ്. കത്തിൽ പേരുകളൊന്നും ഇല്ലെങ്കിലും തങ്ങൾ അന്വേഷിക്കുകയാണെന്നും രജിസ്ട്രാർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസും അറിയിച്ചു. ചില വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ