വയനാട്: ബെക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൈനികനായ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ച് ഗുരുതര പരിക്കേൽപ്പിച്ചതായി പരാതി. യുപിയിലെ ഝാൻസിയിൽ കരസേനയിൽ ലാൻസ് നായിക് ആയി സേവനം അനുഷ്ടിക്കുന്ന പുൽപ്പള്ളി സ്വദേശിയായ കെ.എസ് അജിത്തിനെയാണ് പൊലീസ് ആക്രമിച്ചത്.

മർദനത്തിൽ വലതുകാലിനു പൊട്ടൽ സംഭവിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈനികനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനികൻ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അവധിക്കെത്തിയ അജിത്ത് പ്രദേശത്തെ ഉത്സവത്തിന് പോയതായിരുന്നു. ബൈക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വന്നതോടെ അജിത് നോ പാർക്കിങ് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്യാൻ ശ്രമിച്ചതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.

പൊലീസ് അജിത്തിനെ അസഭ്യം പറയുകയായിരുന്നു. താൻ സൈനികൻ ആണെന്നും അസഭ്യം പറയരുതെന്നും അജിത് പറഞ്ഞു. എന്നാൽ പട്ടാളക്കാരന് കൊമ്പുണ്ടോയെന്ന് ചോദിച്ച് ഉത്സവപ്പറമ്പിൽവച്ച് പൊലീസ് അജിത്തിനെ മർദ്ദിക്കുകയായിരുന്നു. ലാത്തികൊണ്ട് പൊലീസുകാരിൽ ഒരാൾ ആദ്യം തുടയ്ക്ക് അടിച്ചു. പിന്നീട് ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരും കൂടിയെത്തി മർദ്ദിച്ചു.

മർദ്ദനം അസഹനീയമായതോടെ അജിത് പൊലീസുകാരെ തള്ളിമാറ്റി. ഇതിൽ അരിശം പൂണ്ട പൊലീസുകാർ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചും അതിക്രൂരമായി അജിതിനെ പൊലീസ് മർദ്ദിച്ചു. ലോക്കപ്പിനുള്ളിൽവച്ച് ചവിട്ടി കൂട്ടി. കാലൊടിഞ്ഞെന്ന് പറഞ്ഞിട്ടും അവർ വിട്ടില്ലെന്ന് അജിത് പറയുന്നു. അവശനായതോടെ പിന്നീട് പൊലീസുകാർ അജിത്തിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരാണ് തന്നെ ആക്രമിച്ചതെന്ന് അജിത്ത് പറഞ്ഞു. ഉത്സവസ്ഥലത്തും പൊലീസ് സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി അജിത്ത് ആരോപിച്ചു. 'പട്ടാളക്കാർക്ക് കൊമ്പുണ്ടോ' എന്ന് ചോദിച്ചായിരുന്നു മർദനമെന്നും അദ്ദേഹം പറഞ്ഞു. പുൽപള്ളി ക്ഷേത്രത്തിലെ ഉത്സവ പറമ്പിലുണ്ടായ തർക്കത്തിനിടെയാണ് അജിത്തിനെ പൊലീസ് മർദ്ദിച്ചത്. അജിത്തിന്റെ വലതുകാലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളുണ്ട്.

സൈനികന് മർദനമേറ്റെന്ന പരാതിയിൽ പൊലീസിന്റെ വിശദീകരണം ഇങ്ങനെ.. ഉൽസവവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണം നടത്തിയിരുന്ന പൊലീസുകാരുമായി സൈനികൻ കെ.എസ്.അജിത്ത് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ അജിത് കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് പൊലീസുകാരനെ ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ഇടപെട്ട് അജിത്തിനെ സ്ഥലത്ത് പിടിച്ചുവെയ്ക്കുകയായിരുന്നുവെന്നും ഇതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും കാലിന് പരിക്കേറ്റതാകാം എന്നുമാണ് പൊലീസ് വാദം.

സൈനികനെ സ്റ്റേഷനിൽ വച്ച് മർദിച്ചിട്ടില്ലെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുൻപ് 20 മിനിറ്റ് മാത്രമാണ് അജിത് സ്റ്റേഷനിൽ ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. അതേസമയം, മർദിച്ച പൊലീസുകാർക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് സൈനികന്റെ കുടുംബം അറിയിച്ചു.

പൊലീസുകാരെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അജിത്തിന് പുൽപ്പള്ളി പൊലീസ് ഇന്ന് അറസ്റ്റ് നോട്ടീസ് നൽകി. ഇതോടെ വെസ്റ്റ്ഹിൽ ബാരക്കിൽ നിന്നുള്ള സൈനികരും വിമുക്ത ഭടന്മാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തി. പിന്നീട് അജിത്തിനെ കണ്ണൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

മർദ്ദിച്ചവർക്കെതിരെ അജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനാണ് പരാതി നൽകിയത്. പരാതി പുൽപ്പള്ളി പൊലീസിന് കൈമാറി. അജിത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.