പനജി: ഗോവയിൽവച്ച് മകനെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലെക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ വനിതാ സിഇഒ. ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മൈൻഡ്ഫുൾ എ.ഐ. ലാബ്' എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒ.യും സഹസ്ഥാപകയുമായ സൂചന സേതി(39)നെയാണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ കൊലപാതകത്തിന്റെ പിന്നിലെ യഥാർഥ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന യുവതി പശ്ചിമംബംഗാൾ സ്വദേശിയാണ്.

കേസ് അന്വേഷണ സംഘം ഇപ്പോൾ കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് ഉള്ളതെന്ന് പൊലീസ് സൂപ്രണ്ട് നിധിൻ വൽസൻ മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ടോടെ പ്രതിയെ ഗോവയിലെത്തിക്കുമെന്നും പ്രതിക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും എസ്‌പി അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുള്ളു. കൊല ചെയ്ത ശേഷം കുട്ടിയുടെ മൃതദേഹം ബാഗിൽ കുത്തിനിറയ്ക്കുകയായിരുന്നെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണ വ്യക്തമാകുകയുള്ളുവെന്നും എസ്‌പി പറഞ്ഞു.

ഗോവയിലെ ആഡംബര അപ്പാർട്ട്‌മെന്റിൽ വച്ചാണ് സൂചന കുഞ്ഞിനെ കൊലപ്പെടുത്തിയത്. വിവാഹമോചന നടപടികൾ അവസാന ഘട്ടത്തിലിരിക്കെയാണ് യുവതി മകനെ കൊലപ്പെടുത്തിയതെന്നാണ് ഗോവ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെ സൂചനയ്ക്ക് പ്രതികൂലമായ ചില കോടതിവിധികളുണ്ടായി. ഇതേത്തുടർന്ന് യുവതി കടുത്ത നിരാശയിലായിരുന്നുവെന്നും ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക സൂചന.

സൂചനയുടെ ഭർത്താവ് വെങ്കിട്ടരാമൻ മലയാളിയാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇദ്ദേഹം ബിസിനസുകാരനാണെന്നും എ.ഐ. ഡെവലപ്പറായി ജോലിചെയ്യുകയാണെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. ഇൻഡൊനീഷ്യയിലായിരുന്ന ഭർത്താവിനെ പൊലീസ് നാട്ടിലേക്ക് വിളിച്ചുവരുത്തി. മകനെ ആഴ്ചയിലൊരിക്കൽ കാണാൻ കോടതി സൂചനയുടെ ഭർത്താവിനെ അനുവദിച്ചിരുന്നു. ഇതിൽ സൂചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവ് മലയാളിയാണെന്നാണ് നോർത്ത് ഗോവ എസ്‌പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.

ഗോവയിലെ അപ്പാർട്ട്മെന്റിൽവെച്ച് മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതിയെ പൊലീസ് തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് യുവതി സഞ്ചരിച്ച ടാക്സി കാറിൽനിന്ന് കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. വിവാഹമോചനവും ഭർത്താവുമായി വേർപിരിയുന്നതുമാണ് അതിദാരുണമായ കൊലപാതകത്തിന് യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ബംഗാൾ സ്വദേശിയായ സൂചന സേതും ഭർത്താവ് വെങ്കിട്ടരാമനും ഏറെക്കാലമായി വേർപിരിഞ്ഞ് താമസിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതിമാരുടെ വിവാഹമോചന നടപടികൾ അവസാനഘട്ടത്തിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്നും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

നാലുവയസ്സുള്ള മകനുമായി ശനിയാഴ്ചയാണ് സൂചന ഗോവയിൽ എത്തിയത്. നോർത്ത് ഗോവയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് യുവതിയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്ത യുവതി തിങ്കളാഴ്ച രാവിലെയോടെ മുറി വിട്ടു. അപ്പാർട്ട്‌മെന്റിൽനിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകാനായി ഒരു ടാക്‌സി വേണമെന്ന് സൂചന ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ടാക്‌സിയെക്കാൾ കുറഞ്ഞനിരക്കിൽ വിമാനടിക്കറ്റ് ലഭ്യമാണെന്ന് ജീവനക്കാർ അറിയിച്ചിട്ടും യുവതി ടാക്‌സിക്കായി നിർബന്ധം പിടിച്ചു. ഇതോടെ അപ്പാർട്ട്‌മെന്റ് ജീവനക്കാർ തന്നെ ബെംഗളൂരുവിലേക്ക് ടാക്‌സി ഏർപ്പാടാക്കി നൽകി.

സൂചന മുറിയൊഴിഞ്ഞതിന് പിന്നാലെ ശുചീകരണത്തൊഴിലാളി മുറി വൃത്തിയാക്കാനെത്തിയിരുന്നു. ഇതിനിടെയാണ് യുവതി താമസിച്ചിരുന്ന മുറിയിലെ ചോരപ്പാടുകൾ ജീവനക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജീവനക്കാരി മറ്റുള്ളവരെ വിവരമറിയിച്ചു. പിന്നാലെ പൊലീസിനും വിവരം കൈമാറി.

മുറിയിൽ ചോരക്കറ കണ്ടതും മകനുമായി വന്ന യുവതി ഒറ്റയ്ക്ക് മടങ്ങിയതും പൊലീസിനും സംശയത്തിനിടയാക്കി. അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം, യുവതി മടങ്ങിയത് തനിച്ചാണെന്ന് സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ യുവതി ബെംഗളൂരുവിലേക്ക് യാത്രതിരിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. ഫോൺ യുവതിക്ക് കൈമാറാൻ ആവശ്യപ്പെട്ട പൊലീസ് ഇൻസ്‌പെക്ടർ മകനെക്കുറിച്ചാണ് ആദ്യം തിരക്കിയത്.

എന്നാൽ, മകനെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഏൽപ്പിച്ചെന്നായിരുന്നു സൂചനയുടെ മറുപടി. ഗോവയിലെ ഫതോർദയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് മകനുള്ളതെന്നും ഇവർ പറഞ്ഞു. ഇതോടെ സുഹൃത്തിന്റെ വിലാസം നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. യുവതി അയച്ചുനൽകിയ വിലാസം പൊലീസ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് നിമിഷങ്ങൾക്കുള്ളിൽ വ്യക്തമായി.

സുഹൃത്തിന്റെ വിലാസം വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് ഇൻസ്‌പെക്ടർ പരേഷ് നായിക് ടാക്‌സി ഡ്രൈവറെ വീണ്ടും ഫോണിൽവിളിച്ചു. കാറിലുണ്ടായിരുന്ന സൂചനയ്ക്ക് സംശയം തോന്നാതിരിക്കാൻ ഇത്തവണ കൊങ്കിണി ഭാഷയിലാണ് ഇൻസ്‌പെക്ടർ ഡ്രൈവറുമായി ഫോണിൽ സംസാരിച്ചത്. കാറിലുള്ള സൂചനയ്ക്ക് സംശയം തോന്നാത്തരീതിയിൽ വാഹനം എത്രയുംവേഗം സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നായിരുന്നു ഇൻസ്‌പെക്ടർ ഡ്രൈവർക്ക് നൽകിയ നിർദ്ദേശം.

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഗോവ പൊലീസിൽനിന്ന് ടാക്‌സി ഡ്രൈവർക്ക് ഈ നിർദ്ദേശം ലഭിച്ചത്. ഇതോടെ ടാക്‌സി ഡ്രൈവർ ഏറ്റവും അടുത്തുള്ള ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ടു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കാറിൽനിന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് ബാഗിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മൈൻഡ്ഫുൾ എ.ഐ. ലാബ്' എന്ന എ.ഐ. സ്റ്റാർട്ടപ്പിന്റെ സിഇഒ.യും സഹസ്ഥാപകയുമാണ് സൂചന സേത്. ഡാറ്റ സയൻസുമായി ബന്ധപ്പെട്ട മേഖലയിൽ 12 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ടെന്നാണ് സാമൂഹികമാധ്യമങ്ങളിൽ യുവതി അവകാശപ്പെടുന്നത്. ചെന്നൈയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കൊൽക്കത്ത സർവകലാശാലയിൽനിന്ന് ഫിസിക്‌സിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാഡ് സർവകലാശാല എന്നിവിടങ്ങളിൽ റിസർച്ച് ഫെലോ ആയി പ്രവർത്തിച്ചിട്ടുണ്ടെന്നും യുവതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അവകാശപ്പെടുന്നുണ്ട്.