- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്; തട്ടിപ്പിനിരയായവരിൽ 15 പവൻ സ്വർണവും 5.5 ലക്ഷം രൂപയും നഷ്ടമായവർ വരെ; ആലപ്പുഴയിൽ നിന്നും പതിനൊന്നു വർഷം മുൻപ് മുങ്ങിയ ദമ്പതികൾ പാലായിൽ അറസ്റ്റിൽ
ആലപ്പുഴ: ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം ആലപ്പുഴയിൽ നിന്നും മുങ്ങിയ ദമ്പതികളെ 11 വർഷങ്ങൾക്ക് ശേഷം പാലായിൽ നിന്നും അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി കിഴക്കേച്ചിറ ബിജു (49), ഭാര്യ ബീന (43) എന്നിവരാണു തിങ്കളാഴ്ച സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. ചിട്ടിയുടെ മറവിൽ പണവും സ്വർണവുമായി ലക്ഷങ്ങളുടെ മുതൽ തട്ടിയെടുത്ത ശേഷം വീടും സ്ഥലവും വിറ്റ് ഇവർ നാടുവിടുക ആയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് നടത്തിയ അന്വേഷണച്ചിലാണ് ഇവർ പാലായിൽ നിന്ന് അറസ്റ്റിലായത്. പൊലീസ് എടുത്ത മൂന്നു കേസുകളിൽ മാത്രം 19 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 15.5 പവൻ സ്വർണവും 5.5 ലക്ഷം രൂപയും നഷ്ടമായ ആളുടെ പരാതിയിലാണ് അറസ്റ്റ്. ഒട്ടേറെപ്പേരുടെ പണവും സ്വർണവും തട്ടിയെടുത്ത ശേഷം 2012 ഡിസംബറിലാണ് ദമ്പതികൾ ഏകമകനുമൊത്ത് മുങ്ങിയത്. അന്ന് മകന് 12 വയസ്സായിരുന്നു.
മണ്ണഞ്ചേരിയിലെ വീടും പുരയിടവും വിറ്റ ശേഷം നാടുവിട്ട ഇവർ നേരെ കോഴിക്കോട്ടേക്കാണു കടന്നതെന്നു പൊലീസ് പറഞ്ഞു. അവിടെ താമസിക്കുന്നതിനിടെ ബിജുവിന് അപകടമുണ്ടായി. പിന്നീടു കോട്ടയത്തെത്തി പാലായിലെ വാടകവീട്ടിലേക്കു മാറി. അറസ്റ്റിലാകുമ്പോൾ ബിജു കൂലിപ്പണി ചെയ്യുകയായിരുന്നു.
പണവും സ്വർണവും നഷ്ടപ്പെട്ടവരുടെ പരാതികൾ ലഭിച്ചതോടെ 2013 ജനുവരി 7ന് കേസെടുത്തു. എന്നാൽ, പ്രതികളുടെ വിവരമൊന്നും കിട്ടാതെ അന്വേഷണം സ്തംഭിച്ചു. ഈയിടെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ഇത്തരം കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു പുനരന്വേഷണം തുടങ്ങിയപ്പോഴാണു പ്രതികൾ കുടുങ്ങിയത്