- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയെന്ന് 'അജ്ഞാതന്റെ' സന്ദേശം; യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ലോഡ്ജിൽ മുറിയെടുത്ത് ബാങ്ക് മാനേജരായ കാമുകിയെ കഴുത്തുഞെരിച്ചു കൊന്ന വിവരം വെളിപ്പെടുത്തി; കൊല യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച്
മുംബൈ: സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ലോഡ്ജിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർ പ്രദേശുകാരനായ പ്രതിയെ പൊലീസ് കുരുക്കിയത് അജ്ഞാതനിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്ന്. സ്വകാര്യബാങ്കിന്റെ ജൂയിനഗർ ബ്രാഞ്ചിലെ മാനേജരും മുംബൈ ജി.ടി.ബി. നഗർ സ്വദേശിയുമായ അമിത് കൗറി(35)നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആൺസുഹൃത്തായ ഷൊഹൈബ് ഷേഖി(24)നെ പൊലീസ് പിടികൂടിയത്. ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട അമിത് കൗർ.
ജനുവരി എട്ടിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൃത്യം നടത്തിയതിന് പിന്നാലെ താമസസ്ഥലത്ത് തിരിച്ചെത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ 'അജ്ഞാതൻ' പൊലീസിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സംഭവദിവസം അർധരാത്രിയോടെ സാക്കിനാക്കയിൽ തിരിച്ചെത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് മണിക്കൂറുകൾക്കകം പ്രതി പിടിയിലായത്.
തന്റെ സമീപത്ത് താമസിക്കുന്നയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നും അയാൾ എന്തോ തെറ്റ് ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നുമായിരുന്നു സാക്കിനാക്ക പൊലീസിന് ലഭിച്ചവിവരം. സന്ദേശം ലഭിച്ചതിന് പിന്നാലെ സാക്കിനാക്ക പൊലീസ് ഷൊഹൈബിനെ ചോദ്യംചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഈ ചോദ്യംചെയ്യലിലാണ് സുഹൃത്തായ യുവതിയെ കൊലപ്പെടുത്തിയതായി പ്രതി വെളിപ്പെടുത്തിയത്. ഉടൻതന്നെ സാക്കിനാക്ക പൊലീസ് നവിമുംബൈയിലെ തുർഭേ പൊലീസിന് വിവരം കൈമാറി.
തുടർന്ന് ജനുവരി ഒൻപതാം തീയതി പുലർച്ചെയോടെ പൊലീസ് ലോഡ്ജിലെത്തി നടത്തിയ പരിശോധനയിലാണ് അമിത് കൗറിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പുലർച്ചെ പൊലീസ് സംഘം ലോഡ്ജിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നവിവരം ലോഡ്ജ് ജീവനക്കാരും അറിഞ്ഞത്. പ്രതിയെ തുർഭേ പൊലീസിന് കൈമാറുകയും കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ലോഡ്ജിൽവെച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സാക്കിനാക്കയിലെ താമസസ്ഥലത്തേക്കാണ് പ്രതി മടങ്ങിയത്. സാക്കിനാക്കയിൽ ഒരു ബന്ധുവിന്റെ വർക്ക്ഷോപ്പിലാണ് ഷൊഹൈബ് ജോലിചെയ്യുന്നത്. സ്‌കൂൾ പഠനം പൂർത്തിയാക്കാത്ത പ്രതി ഏറെക്കാലമായി ഇവിടെജോലിചെയ്തുവരികയാണ്.
അമിത് കൗറിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം. മുൻകൂട്ടി ആസൂത്രണംചെയ്താണ് പ്രതി കൃത്യം നടത്തിയതെന്നും യുവതിയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെയാണ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
സാക്കിനാക്ക സ്വദേശിയായ ഷൊഹൈബും ബാങ്ക് മാനേജരായ അമിത് കൗറും മൂന്നുമാസം മുൻപ് സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമാണ് അമിത് കൗർ. യുവതിയെ വിവാഹം ചെയ്യാനായിരുന്നു ഷൊഹൈബിന്റെ ആഗ്രഹം. ഇതിനിടെ മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ഇയാൾക്ക് സംശയംതോന്നി. തുടർന്നാണ് യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
ജനുവരി എട്ടാം തീയതി അമിത് കൗറിന്റെ ജന്മദിനമായിരുന്നു. അന്നേദിവസം വൈകിട്ട് ബാങ്കിലെ ജോലി കഴിഞ്ഞതിന് പിന്നാലെ പ്രതി യുവതിയെ കാണാനെത്തി. തുടർന്ന് രാത്രി ഇരുവരും ചേർന്ന് ജന്മദിനം ആഘോഷിച്ചു. ഇതിനുശേഷമാണ് നവിമുംബൈയിലെ ലോഡ്ജിൽ രണ്ടുപേരും മുറിയെടുത്തത്. പ്രതിയും യുവതിയും അവരുടെ തിരിച്ചറിയൽ രേഖകൾ നൽകിയാണ് ലോഡ്ജിൽ മുറിയെടുത്തതെന്നാണ് ജീവനക്കാർ നൽകിയമൊഴി. അർധരാത്രിയോടെ യുവാവ് ലോഡ്ജിൽനിന്ന് പുറത്തേക്ക് പോകുന്നത് ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. പക്ഷേ, സംശയാസ്പദമായി ഒന്നും തോന്നിയില്ലെന്നും ജീവനക്കാർ പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് പ്രതി തിങ്കളാഴ്ച ഹോട്ടലിൽ റൂമെടുത്തത്. കൃത്യത്തിനു ശേഷം ഹോട്ടലിൽനിന്നു കടന്നുകളഞ്ഞ പ്രതി യുപിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം ഹോട്ടൽ മുറിയിൽ കണ്ടെത്തി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. 2023 സെപ്റ്റംബറിലാണ് അമിത് കൗർ വിവാഹമോചിതയായത്. ഇവർക്ക് ഒരുമകളുണ്ട്. ഇരുവരും ജന്മദിനം ആഘോഷിച്ചാണ് ഹോട്ടൽമുറിയിൽ എത്തിയത്. അർധരാത്രിയോടെ ലോഡ്ജ് ജീവനക്കാർ ഷെയ്ഖ് ഹോട്ടൽ വിട്ട് പോകുന്നത് കണ്ടെങ്കിലും കാര്യമാക്കിയില്ല. അജ്ഞാതന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് കഴുത്ത് ഞെരിച്ച നിലയിൽ കൗറിനെ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ