- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി ദമ്പതികളുടെ അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപ തട്ടിയെടുത്തു; ചെക്കുകളും ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും കൈക്കലാക്കി തട്ടിപ്പ്; സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കും വൻ തുകമാറ്റി; ഐസിഐസിഐ ബാങ്ക് മാനേജർ അറസ്റ്റിൽ
കോട്ടയം: പ്രവാസി മലയാളി ദമ്പതികളായ മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപ രൂപ തട്ടിയെടുത്ത കേസിൽ സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ. കോട്ടയം പുതുപ്പള്ളി ഏറികാട് മന്നാപറമ്പിൽ റെജി ജേക്കബി (41) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ യു. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രമുഖ ബാങ്കായ ഐ.സിഐ.സിഐയുടെ ബാങ്കിന്റെ കോട്ടയം കളത്തിപ്പടി ബ്രാഞ്ച് മാനേജരാണ്.
പ്രവാസി മലയാളികളുടെ അക്കൗണ്ടുകൾ അടക്കം കൈകാര്യം ചെയ്തിരുന്നത് ഇവരുമായി അടുപ്പമുണ്ടായിരുന്ന ബാങ്ക് മാനേജരായിരുന്നു. ഈ മാനേജരാണ് അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപയുടെ ക്രമക്കേട് നടത്തിയത്. തുടർന്ന് അക്കൗണ്ട് ഉടമകൾ തങ്ങളുടെ അക്കൗണ്ടിലെ ക്രമക്കേടുകൾ സംബന്ധിച്ച് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ശരിയെന്ന് കണ്ടെത്തിയത്.
കോട്ടയം കളത്തിപ്പടിയിൽ താമസിക്കുന്ന വിദേശമലയാളിദമ്പതിമാരാണ് തട്ടിപ്പിനിരയായത്. വിദേശത്ത് താമസിച്ചുവന്നിരുന്ന കാലത്ത് ഇതേ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിൽ ദന്പതിമാർ അക്കൗണ്ട് തുടങ്ങി. അന്ന് ഏറ്റുമാനൂർ ശാഖയിലെ മാനേജരായിരുന്ന പ്രതി ദമ്പതിമാരുമായി അടുപ്പം സ്ഥാപിച്ചിരുന്നു.
തുടർന്ന് ഇയാൾക്ക് കളത്തിപ്പടി ശാഖയിലേക്ക് സ്ഥലംമാറ്റമായി. നാട്ടിലെത്തിയ ദമ്പതിമാർ കളത്തിപ്പടിയിൽ താമസം തുടങ്ങിയതോടെ വിദേശത്തുള്ള മക്കൾക്ക് പണം അയയ്ക്കുന്നതിന് കളത്തിപ്പടിയിലെ ബാങ്കിലെത്തിയപ്പോൾ മാനേജർ ഇവരുമായി സൗഹൃദം പുതുക്കി.
വിദേശത്തേക്ക് പണം അയയ്ക്കാനെത്തുമ്പോഴെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് മാനേജർ ദമ്പതിമാരിൽനിന്ന് കൂടുതൽ ചെക്കുകളും ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും കൈക്കലാക്കി. ഇത് ദുരുപയോഗപ്പെടുത്തി ഏറ്റുമാനൂർ, കളത്തിപ്പടി ബ്രാഞ്ചുകളിലെ ഇവരുടെ അക്കൗണ്ടുകളിൽനിന്ന് 1,62,25,000 രൂപ പലതവണകളായി തട്ടിയെടുക്കുകയായിരുന്നു.
2021 മുതൽ 2023 വരെവരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. റെജി ജേക്കബ് സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കാണ് ദമ്പതിമാരുടെ അക്കൗണ്ടിൽനിന്ന് പണം മാറ്റിയിരുന്നത്. ഇവർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.
ക്രമക്കേട് കണ്ടെത്തിയതോടെ 22 ലക്ഷം രൂപ പ്രതി, ദമ്പതിമാർക്ക് തിരികെ നൽകി. ബാങ്ക് അധികൃതരുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ