- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റിസർവ് ബാങ്കിൽ നിന്നും വായ്പ മുതൽ വിദേശത്ത് ജോലി വരെ ഷിബിലയുടെ വാഗ്ദാനം
മലപ്പുറം: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിച്ച് പലരിൽനിന്നായി നിലമ്പൂർ അകമ്പാടം സ്വദേശിനിയായ യുവതി തട്ടിയെടുത്തത് മൂന്ന് കോടിയോളം രൂപയെന്ന് പൊലീസ്. ആർഭാട ജീവിതം നയിക്കാൻ 28കാരി കണ്ടെത്തിയത് ആരെയും അമ്പരപ്പിക്കുന്ന തട്ടിപ്പ് രീതികളാണ്. നിലമ്പൂർ അകമ്പാടം ആറങ്കോട് തരിപ്പയിൽ ഷിബിലയെ (28) ആണ് കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിസർവ് ബാങ്കിൽ നിന്ന് വായ്പ സംഘടിപ്പിച്ച് തരാമെന്ന യുവതിയുടെ വാഗ്ദാനത്തിൽ വരെ ആളുകൾ വീണെന്ന് പൊലീസ് പറയുന്നു. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പൊലീസും ചേർന്ന് ബാലരാമപുരത്തുനിന്നാണ് ഷിബിലയെ പിടികൂടിയത്.
റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥ ചമഞ്ഞ് യുവതി കോടികളാണ് തട്ടിയത്. റിസർവ് ബാങ്ക് വായ്പ മുതൽ വിദേശത്ത് ജോലി വരെ വാഗ്ദാനം ചെയ്താണ് ഷിബില പലരെയും കബളിപ്പിച്ചത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യർ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒടുവിൽ യുവതി കുടുങ്ങിയത്. സ്വർണവ്യാപാരി ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫിസിൽ ജോലി കിട്ടിയെന്നു ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയത്.
ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുകയാണ് തട്ടിപ്പിന്റെ രീതി. അകമ്പാടം, സേലം എന്നിവിടങ്ങളിൽ ജൂവലറി നടത്തുന്ന വ്യാവസായിക്ക് 80 ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്തതാണ് തട്ടിപ്പ് നടത്തിയത്. നികുതി അടയ്ക്കാനും മറ്റു ചെലവുകൾക്കുമെന്നു പറഞ്ഞ് പലതവണയായി ഇയാളിൽനിന്ന് 30 ലക്ഷം രൂപ വാങ്ങി.
വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫിസിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാൾ ജോലി ചെയ്യുന്നില്ല എന്നറിഞ്ഞു. ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ പണം ഇല്ലാതെ മടക്കി. തുടർന്ന് വ്യവസായിയുടെ പരാതിയിൽ സേലം മേട്ടൂർ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
അതിനിടെയാണ് അകമ്പാടത്തെ യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഇവർക്കെതിരെ സമാന പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതി ബിരുദാനന്തര ബിരുദധാരിയാണെന്ന് പറയുന്നു. വിവാഹമോചിതയാണ്. 4 വർഷം മുൻപ് വീട്ടിൽനിന്നു പോയ ഇവർ വല്ലപ്പോഴുമാണ് നാട്ടിൽ വരുന്നത്.
ബിസിനസിനായി വായ്പ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയും വിദേശത്തേയ്ക്ക് വിസ നൽകാമെന്ന് പറഞ്ഞും പണം തട്ടി. അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. ചെന്നൈ കോടതിയിൽ വാറണ്ടും നിലനിൽക്കുന്നുണ്ട്. തട്ടിപ്പിൽ കുടുങ്ങിയത് കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്.
റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് വീട്ടുകാരെയും യുവതി വഞ്ചിച്ചു. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അകമ്പാടം സ്വദേശികളായ മൂന്നുപേരിൽ നിന്ന് 30 ലക്ഷത്തോളം തട്ടിയെടുത്തെന്ന പരാതിയിലാണ് ഒടുവിൽ ഷിബിലയെ കുടുക്കിയത്.
പ്രതി അറസ്റ്റിലായതറിഞ്ഞ് നിലമ്പൂർ സ്റ്റേഷനിൽ ഒട്ടേറെപ്പേർ പരാതിയുമായെത്തി. അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്ഐ മുജീബ്, എ.എ.സ്.ഐ സുധീർ, ടി.സജേഷ്, സുനു എന്നിവരും ഡാൻസാഫ് സംഘവും ചേർന്ന് തിരുവനന്തപുരം ബാലരാമപുരത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ സ്റ്റേഷനിൽ കൂടുതൽ പരാതികൾ എത്തുന്നതായാണ് വിവരം.