- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗസ്റ്റ് അദ്ധ്യാപകനിൽനിന്ന് കൈക്കൂലി; കേന്ദ്ര സർവകലാശാല പ്രൊഫസർ കുടുങ്ങി
കാസർകോട്: കാസർകോട്ടെ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. സോഷ്യൽവർക്ക് ഡിപാർട്ടുമെന്റിലെ എ.കെ. മോഹൻ ആണ് വിജിലൻസിന്റെ കെണിയിൽ കുടുങ്ങിയത്. സോഷ്യൽവർക്ക് ഡിപാർട്ടുമെന്റിൽ ഗസ്റ്റ് ഫാക്കൽറ്റിയായി ജോലിചെയ്തിരുന്ന വ്യക്തി നൽകിയ പരാതിയെ തുടർന്നാണിത്.
കരാർ അവസാനിച്ച ഗസ്റ്റ് ലക്ചററോട് കരാർ പുതുക്കുന്നതിനും പി.എച്ച്.ഡിക്ക് അഡ്മിഷൻ എടുക്കുന്നതിനുമായി രണ്ടര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു ഇദ്ദേഹം. തുടർന്ന് ഇദ്ദേഹം ഈ വിവരം വിജിലൻസിനെ അറിയിക്കുക ആയിരുന്നു. പരാതിക്കാരന്റെ ജോലിയുടെ കരാർ കാലാവധി 2023 ഡിസംബറിൽ അവസാനിച്ചിരുന്നു. തുടർന്ന് കരാർ പുതുക്കിനൽകാമെന്നും പി.എച്ച്.ഡിക്ക് അഡ്മിഷൻ ശരിയാക്കാമെന്നും പറഞ്ഞ് കൈക്കൂലിയായി രണ്ടുലക്ഷം രൂപ മോഹൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു.
എന്നാൽ, പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിക്കുക ആയിരുന്നു. തുടർന്ന് വിജിലൻസ് വടക്കന്മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ മോഹനെ പിടികൂടാൻ കെണിയൊരുക്കി. ആദ്യഗഡുവായ 20,000 രൂപ കൈക്കൂലി തരാമെന്ന് ഗസ്റ്റ് അദ്ധ്യാപകൻ മോഹനെ അറിയിച്ചു. തുടർന്ന് പൈസ വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസ് ഡിവൈ.എസ്പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മോഹനെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജാക്കും.
അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 1064 എന്ന വിജിലൻസ് ടോൾ ഫ്രീ നമ്പറിലോ വാട്സ് ആപ്പ് നമ്പരായ 9447789100 എന്നതിലോ 8592900900 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ്കുമാർ അഭ്യർത്ഥിച്ചു.