തിരുവനന്തപുരം: 'മജിസ്‌ട്രേട്ട്' ചമഞ്ഞ് പൊലീസിനെ കബളിപ്പിച്ച് പിടിയിലായ മംഗലപുരം പാട്ടത്തിൽ ഭൂദാന കോളനി ഷജിലാ മൻസിലിൽ എസ്. ഷംനാദ് (43) ആള് ചില്ലറക്കാരനല്ല. തട്ടിപ്പുകളുടേയും ഉഡായിപ്പുകളുടേയും കിരീടം വെക്കാത്ത രാജാവാണ് ഷംനാദ്. മജിസ്‌ട്രേട്ട് ആയി മാത്രമല്ല എസ് ഐ ആയും വില്ലേജ് ഓഫിസറുടെ വേഷമണിഞ്ഞും ഷജിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തന്റെ അക്കൗണ്ടിൽ കോടികളുണ്ടെന്ന് വിശ്വസിപ്പിച്ചും ഇയാൾ പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു.

കാസർകോട് കാഞ്ഞങ്ങാട് 'മജിസ്‌ട്രേട്ട്' ആയി ആൾമാറാട്ടം നടത്തിയപ്പോൾ പിടിവീണതോടെയാണ് ഷംനാദിന്റെ തട്ടിപ്പിന്റെ കഥകൾ പുറംലോകത്ത് എത്തിയത്. മുൻപ് പാങ്ങോട് സ്റ്റേഷൻ എസ്‌ഐയുടെ വേഷത്തിൽ എത്തി വിജനമായ സ്ഥലത്ത് വച്ച് ഇരുചക്രവാഹനങ്ങളിൽ വരുന്നവരെ തടഞ്ഞുനിർത്തി 'പെറ്റിയടി'ച്ചു. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ കേസുണ്ട്. ആഡംബര കാറുകളിലെത്തി വിശ്വാസമാർജിച്ചാണ് ഇയാൾ പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇയാൾ ഉപയോഗിക്കുക. ഓരോ സമയത്തും വ്യത്യസ്ത ആഡംബര കാറുകളിലാണ് ഷംനാദിന്റെ യാത്ര.

വില്ലേജ് ഓഫിസറുടെ വേഷത്തിലെത്തിയും പണം തട്ടി. വില്ലേജ് ഓഫിസറുടെ വേഷത്തിലെത്തി പഞ്ചായത്തിൽ നിന്നു വീടിനു ധനസഹായം ലഭിച്ചവരെ സമീപിച്ച് ബാക്കി ഗഡുക്കൾ പെട്ടെന്നു നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 500, 1000 രൂപയുടെ പിരിവും നടത്തിയിരുന്നത്രെ. ആറ്റിങ്ങലിൽ വച്ച് വാഹനം തടഞ്ഞതിന് ട്രാഫിക് പൊലീസിനെയും ഹോം ഗാർഡിനെയും മർദിച്ചതും വിവാദമായിരുന്നു. ഇങ്ങനെ കേസുകൾ അനേകം ഉണ്ടെങ്കിലും ഷംനാദിന്റെ തട്ടിപ്പിന്റെ പൂർണ്ണ രൂപം ഇപ്പോഴാണ് പുറത്ത് എത്തുന്നത്.

ആരാധനാലയങ്ങളിൽ വരുന്നവരുമായി പെട്ടെന്നു സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുത്ത ശേഷം തട്ടിപ്പു നടത്തുന്നതുമാണ് ഇയാളുടെ പ്രധാന രീതി. തട്ടത്തുമലയിൽ ജോലി നോക്കവേ, തന്റെ അക്കൗണ്ടിൽ ആറു കോടി രൂപയുണ്ടെന്നും നികുതിയുടെ പേരിൽ ഇ.ഡി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ് പലരെയും വ്യാജരേഖകൾ കാണിച്ചു വിശ്വസിപ്പിച്ചു.

നികുതി അടയ്ക്കാനുള്ള പണം നൽകിയാൽ ഇരട്ടിയായി മടക്കി നൽകാമെന്നു പറഞ്ഞ് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തു. രേഖകളില്ലാതെ നൽകിയ പണമായതിനാൽ ആർക്കും പരാതി നൽകാനും കഴിഞ്ഞിരുന്നില്ല. ഇതു മനസ്സിലാക്കിയാണ് ഇയാൾ കോടികൾ തട്ടിച്ചെടുത്തത്. കൊല്ലത്തു നിന്നുള്ളവരടക്കം തട്ടിപ്പിനിരയായി. കോരാണി, പാലമൂട്, പനവൂർ, കന്യാകുളങ്ങര, മുരുക്കുംപുഴ തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പലരും കബളിപ്പിക്കപ്പെട്ടു.

പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായും ചില രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് പല കേസുകളിലും ഷംനാദിന് രക്ഷയായത്. കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിച്ചിരുന്നു. തിരുവനന്തപുരത്ത് പോത്തൻകോടിനു സമീപം ചാത്തൻപാറയിൽ ആഡംബര വീട്ടിലായിരുന്നു ഒടുവിൽ താമസം. ചെമ്പകമംഗലം ചന്തയ്ക്കു സമീപം മറ്റൊരു വീടുമുണ്ട്.

മംഗലപുരം മുരുക്കുംപുഴ നെല്ലിമൂട്ടിലുള്ള വില്ലയിൽ പ്രമുഖ കാർ കമ്പനിയുടെ ജനറൽ മാനേജരാണെന്നു പറഞ്ഞ് ഏറെനാൾ താമസിച്ചു. ഇത് തട്ടിപ്പാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതോടെയാണ് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നത്. കാസർകോട്ടു നിന്നു നാടകീയമായി തിരുവനന്തപുരത്തെത്താൻ ശ്രമിക്കവേയാണ് ഹൊസ്ദുർഗ് എസ്‌ഐ പി.ടി.പി.സെയ്ഫുദ്ദീനു സംശയം തോന്നിയതും 'ഷംനാദ് മജിസ്‌ട്രേട്ട്' പിടിയിലായതും. അടിപിടി കേസുകൾ പെരുകിയപ്പോൾ ഷംനാദിനെ മംഗലപുരം പൊലീസ് റൗഡിപ്പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു.