- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദന കൃഷ്ണ എന്ന പേരിൽ ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി; കോഴഞ്ചേരി സ്വദേശിയെ കബളിപ്പിച്ച് 41കാരൻ തട്ടിയെടുത്തത് 23 ലക്ഷം രൂപ: അറസ്റ്റ് ചെയ്ത് പൊലീസ്
കോഴഞ്ചേരി: സ്ത്രീയുടെ പേരിൽ ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സാമൂഹികമാധ്യമത്തിലൂടെ 23 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. തിരുവനന്തപുരം പാറശ്ശാല തച്ചൻവിള, പ്രായരക്കൽവിള സതീഷ് ജപകുമാറി (41)നെയാണ് കോഴഞ്ചേരി സ്വദേശിയുടെ പരാതിയിൽ ആറന്മുള പൊലീസ് അറസ്റ്റുചെയ്തത്. വന്ദന കൃഷ്ണ എന്ന വ്യാജ പ്രൊഫൈലിലൂടെ അടുപ്പം സ്ഥാപിച്ചാണ് പ്രതി സതീഷ് ജപകുമാർ 2019-ൽ പരാതിക്കാരനുമായി ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിച്ചതും പിന്നീട് പണം തട്ടിയതും.
ഇരുവരും തമ്മിലുള്ള ബന്ധം വളർന്നതോടെ വന്ദന കൃഷ്ണയുടെ അച്ഛനാണെന്നുംപറഞ്ഞ് വാസുദേവൻ നായർ എന്ന പേരിൽ പരാതിക്കാരനുമായി വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചു. പിന്നീട്, പരാതിക്കാരന്റെ വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാം എന്നുപറഞ്ഞ് 2019 മുതൽ 2023 വരെ പലതവണയായി 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പരാതിക്കാരന് പത്തനംതിട്ടയിലുള്ള സ്വകാര്യ കോളേജ്, മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡിസെന്റർ ആയി ഉയർത്താമെന്ന് പറഞ്ഞും പ്രതി പണം വാങ്ങി. കിട്ടുന്ന പണംകൊണ്ട് മദ്യവും ആഡംബരവസ്തുക്കളും വാങ്ങി സുഖലോലുപനായി ജീവിക്കുക ആയിരുന്നു. പൊലീസ് പിടികൂടുമ്പോൾ പ്രതി എറണാകുളം തൈക്കുടത്തുള്ള ഒരു വീട്ടിൽ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന വ്യാജേന താമസിക്കുകയായിരുന്നു.
പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ, എസ്‌ഐ.മാരായ അലോഷ്യസ്, നുജും, വിനോദ് കുമാർ, എസ്.സി.പി.ഒ. സലി, നാസർ ഇസ്മായിൽ, താജുദ്ദീൻ, സുനജൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ