- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'നീ എന്തിനിത് ചെയ്തു'വെന്ന് സൂചനയോട് ഭർത്താവ്, ഇരുവരും തമ്മിൽ വാക്കേറ്റം
പനാജി: നാലുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി സൂചനയും ഭർത്താവ് വെങ്കടരാമനും തമ്മിൽ പൊലീസ് സ്റ്റേഷനിൽ വച്ച് വാക്കേറ്റം. ഗോവയിലെ കലാൻഗുട്ട് പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു സൂചനയെ വെങ്കടരാമൻ നേരിൽക്കണ്ടത്. മകനെ കൊലപ്പെടുത്തിയ കേസിൽ തന്റെ വക്കീലിനൊപ്പം പൊലീസിന് മുൻപാകെ മൊഴി രേഖപ്പെടുത്താനായി എത്തിയതായിരുന്നു വെങ്കടരാമൻ.
നീ എന്തിന് ഇത് ചെയ്തു എന്നായിരുന്നു സൂചന സേതുവിനെ പൊലീസ് സ്റ്റേഷനിൽവെച്ചു നേരിട്ടു കണ്ടപ്പോൾ ഭർത്താവ് വെങ്കടരാമൻ ചോദിച്ചത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു വെങ്കടരാമന്റെ ചോദ്യത്തിനുള്ള മറുപടിയായി സൂചന പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച സാഹചര്യത്തിന് ഭർത്താവാണ് ഉത്തരവാദിയെന്നും അവർ ആരോപിച്ചു.
'തന്റെ രോഷം പ്രകടിപ്പിച്ച വെങ്കടരാമൻ, എന്തിനിത് ചെയ്തുവെന്ന് സൂചനയോട് ചോദിച്ചു. ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് അവർ മറുപടി നൽകി. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ഇരുവരും തമ്മിൽ ചെറിയ വാക്കേറ്റവും നടന്നു', കൂടിക്കാഴ്ചയ്ക്ക് ദൃക്സാക്ഷിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് തന്റെ വക്കീലിനൊപ്പം പൊലീസിന് മുൻപാകെ മൊഴി രേഖപ്പെടുത്താനായി വെങ്കടരാമൻ ഗോവയിലെത്തിയത്. നാലു മണിക്കൂറോളം നീണ്ട സംസാരത്തിൽ ദമ്പതികൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ആറുമാസം മുൻപ് നൽകിയ വിവാഹമോചനത്തിനുള്ള നടപടികളെ കുറിച്ചും പൊലീസ് അന്വേഷിച്ചു.
'ബെംഗളുരുവിലെ കുടുംബ കോടതിയിൽ കഴിഞ്ഞ ഒരു വർഷമായി കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണെന്നും പിതാവിന് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടായിരുന്നു. അതിൽ ചിലപ്പോൾ അവർ അസ്വസ്ഥയായിരിക്കണം', വെങ്കടരാമന്റെ അഭിഭാഷകൻ പറഞ്ഞു.
ഗോവയിലെ അപ്പാർട്ട്മെന്റിൽവെച്ച് മകനെ കൊലപ്പെടുത്തിയ കേസിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മൈൻഡ്ഫുൾ എ.ഐ. ലാബ്' എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒ.യും സഹസ്ഥാപകയുമായസൂചന സേതി(39)നെ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതിയെ പൊലീസ് തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു.
ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് ചിത്രദുർഗ ഹിരിയൂർ താലൂക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കുമാർ നായിക് പറഞ്ഞിരുന്നു. കൈ കൊണ്ട് ശ്വാസംമുട്ടിച്ചതായി കാണുന്നില്ല. തലയണയോ വസ്ത്രമോ മറ്റെന്തെങ്കിലും വസ്തുക്കളോ ആകാം ഉപയോഗിച്ചതെന്ന് കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവയിൽ ഇവർ വാടകക്കെടുത്ത സർവിസ് അപ്പാർട്മെന്റിലെ മുറിയിൽ നിന്ന് രണ്ട് ഒഴിഞ്ഞ കഫ് സിറപ്പ് ബോട്ടിലുകൾ കണ്ടെത്തിയത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൊലപ്പെടുത്തുന്നതിനു മുമ്പ് കുഞ്ഞിന് അമിത തോതിൽ മരുന്ന് നൽകിയിട്ടുണ്ടോ എന്നതും കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണോ എന്നതടക്കം ഗോവ പൊലീസ് അന്വേഷിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്റെ ഭൗതിക ശരീരം ബുധനാഴ്ച ബംഗളൂരുവിലെ രാജാജി നഗറിലെത്തിച്ച് അന്തിമ ചടങ്ങുകൾ നടത്തിയിരുന്നു. പിതാവ് വെങ്കട്ടരാമൻ (42) ജകാർത്തയിൽനിന്ന് ചൊവ്വാഴ്ച രാത്രി തന്നെ ചിത്രദുർഗയിലെത്തിയിരുന്നു. തുടർന്നാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്മോർട്ടം നടത്തി വിട്ടുനൽകിയത്.
ബംഗളൂരു രാജാജി നഗറിലെ അപ്പാർട്മെന്റിലേക്കാണ് കുഞ്ഞിന്റെ ഭൗതിക ശരീരം കൊണ്ടുവന്നത്. അന്ത്യദർശനത്തിന് ശേഷം രാജാജി നഗറിലെ ഹരിശ്ചന്ദ്ര ഘട്ട് ശ്മശാനത്തിൽ വെങ്കട്ടരാമൻ ആചാരപ്രകാരമുള്ള സംസ്കാര ക്രിയകൾ നിർവഹിച്ച് സംസ്കാരം നടത്തി.
ബംഗാൾ സ്വദേശിനിയായ സൂചന സേത് ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ ലാബ് സിഇഒയാണ്. ഭർത്താവും പാലക്കാട് സ്വദേശിയുമായ പി.ആർ. വെങ്കട്ടരാമൻ മലേഷ്യയിലെ ജകാർത്തയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. 2010 ലായിരുന്നു ഇവരുടെ വിവാഹം.
രണ്ടു വർഷമായി വേർപിരിഞ്ഞുകഴിയുന്ന ഇവരുടെ വിവാഹമോചന കേസ് അന്തിമഘട്ടത്തിലാണ്. 2022 ഓഗസ്റ്റ് എട്ടിന് വെങ്കട്ടരാമനെതിരെ സൂചന സേത് ഗാർഹിക പീഡന പരാതി നൽകിയിരുന്നു.
തുടർന്ന്, സൂചനയുടെ വീട്ടിൽ പ്രവേശിക്കുന്നതിനും കുട്ടിയുമായി ഫോണിലൂടെ സംസാരിക്കുന്നതിനും വെങ്കട്ടരാമനെ വിലക്കി ഓഗസ്റ്റ് 18ന് കോടതി ഉത്തരവിട്ടു. കുട്ടിയുടെ ചെലവിലേക്കായി 20,000 രൂപ നൽകണമെന്നും നിർദ്ദേശിച്ചു. കേസിൽ ഡിസംബർ 12നായിരുന്നു അവസാന ഹിയറിങ്. ജനുവരി 29ന് ഹരജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ക്രൂരകൃത്യം അരങ്ങേറിയത്.