മുംബൈ: സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് വിഡിയോയിൽ ആരാധകർക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെൻഡുൽക്കർ. ഒരു മൊബൈൽ ഗെയിം ആപ്ലിക്കേഷനെ പിന്തുണച്ച് സച്ചിൻ സംസാരിക്കുന്ന രീതിയിലുള്ള വീഡിയോയാണ് പ്രചരിച്ചത്. തന്റെ മകൾ സാറ ഈ ഗെയിം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായും ഇതിലൂടെ ദിനംപ്രതി 1.8 ലക്ഷം രൂപ സമ്പാദിക്കുന്നതായും ഹിന്ദി ഭാഷയിലുള്ള വിഡിയോയിൽ സചിൻ പറയുന്നുണ്ട്. എന്നാൽ, ഈ വിഡിയോ സൂക്ഷ്മമായി നോക്കിയാൽ താരത്തിന്റെ മോർഫ് ചെയ്ത ദൃശ്യങ്ങളാണെന്ന് വ്യക്തമാകും. ശബ്ദത്തിലും വ്യത്യാസമുണ്ട്. തന്റെ പേരിലടക്കം പ്രചരിക്കുന്ന വീഡിയോകൾ അസ്വസ്ഥമാക്കുന്നുവെന്ന് സച്ചിൻ വ്യക്തമാക്കി.

'ഈ വിഡിയോ വ്യാജമാണ്. സാങ്കേതിക വിദ്യയെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നു. ഇത്തരം വിഡിയോകൾ, പരസ്യങ്ങൾ, ആപ്പുകൾ എന്നിവയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം' -സചിൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സമൂഹമാധ്യമങ്ങൾ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും ചെയ്യണം. വ്യാജ വിഡിയോകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ ദ്രുതഗതിയിൽ നടപടികളെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും ഇത്തരം വിഡിയോകള് റിപ്പോർട്ട് ചെയ്യണം സാമൂഹിക മാധ്യമ കമ്പനികള് വിഷയത്തിൽ ജാഗ്രത പുലർത്തണം ഇത് തുടരാതിരിക്കാൻ ദ്രുതഗതിയിലുള്ള നടപടി എടുക്കണമെന്നും താരം എക്സിൽ കുറിച്ചു സച്ചിന്റെ മുഖം ഉപയോഗിച്ച് പ്രചരിക്കുന്ന ഓണ്ലൈൻ ഗെയിംമിന്റെ പരസ്യ ചിത്രവും ക്രിക്കറ്റ് ഇതിഹാസം പോസ്റ്റ് ചെയ്തു.

സാമൂഹ്യമാധ്യമങ്ങളിൽ പ്രമുഖരുടെ പേരിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വീഡിയോകൾ വലിയ വെല്ലുവിളിയായിരിക്കുകയാണ്. നടിമാരായ രശ്മിക മന്ദാന, കരീന കപൂർ, ആലിയ ഭട്ട് എന്നിവർക്ക് പിന്നാലെ ബോളിവുഡ് സുന്ദരി ഐശ്വര്യ റായി ബച്ചന്റെ ഡീപ്ഫേക്ക് വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സച്ചിൻ ടെൻഡുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

നേരത്തെ, ഐശ്വര്യ റായിയുടെ മുഖസാദൃശ്യമുള്ള ഒരാൾ ഡാൻസ് കളിക്കുന്നതിന്റെ 16 സെക്കൻഡ് വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിലും എക്‌സിലും പ്രചരിച്ചിരുന്നു. വ്യത്യസ്തമായ രണ്ട് വേഷങ്ങളിൽ ഐശ്വര്യ നൃത്തം വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ RJ Sonu എന്ന യൂസർ 2023 നവംബർ 7ന് പങ്കുവെച്ച വീഡിയോ ഇതിനകം 7 കോടിയിലധികം പേർ കണ്ടുകഴിഞ്ഞു. മൂന്ന് ലക്ഷത്തോളം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ഐശ്വര്യ റായി, സൽമാൻ ഖാൻ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടെയാണ് സോനുവിന്റെ ഇൻസ്റ്റ പോസ്റ്റ്. ഇതേ വീഡിയോ Yaseen Rind എന്ന എക്സ് യൂസറും പങ്കുവെച്ചിരിക്കുന്നതായി കാണാം. വീഡിയോ യഥാർഥമോ ഡീപ്ഫേക്കോ എന്ന ചോദ്യത്തോടെയാണ് ഈ ട്വീറ്റ്. 2023 ഡിസംബർ 9ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം 5000ത്തോളം പേർ കണ്ടു.